തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാളെ (21-ശനി) വിവിധ കേന്ദ്രങ്ങളില്‍ വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെയും ബിജെപിയുടെ മുതിര്‍ന്ന ദേശീയ-സംസ്ഥാന നേതാക്കളുടേയും സാന്നിധ്യത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ പത്രിക സമര്‍പ്പിക്കുന്നത്. കഴക്കൂട്ടം, കാട്ടാക്കട, വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണ ചടങ്ങിലും രാജസ്ഥാന് മുഖ്യമന്ത്രി പങ്കെടുക്കും.
നേമം നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് രാവിലെ 11.30ന് വികാസ് ഭവനിലെ ലേബര്‍ ഓഫീസിലെത്തി വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കോര്പ്പറേഷന് ഓഫീസ് പരിസരത്തുനിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ പത്രികാ സമര്‍പ്പണത്തിനെത്തുന്നത്.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി. കെ കൃഷ്ണദാസ് ശനിയാഴ്ച രാവിലെ 11 മണിക്ക് വെള്ളയമ്പലം ജില്ലാ വ്യവസായ കേന്ദ്രം മേധാവി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്.
കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന് നാളെ രാവിലെ 11 മണിക്ക് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. രാവിലെ എട്ടുമണിക്ക് കണ്ണമൂലയിലെ ചട്ടമ്പി സ്വാമി സമാധിയില്‍ പ്രാര്‍ത്ഥിച്ച് ചെമ്പഴന്തി ഗുരുകുലത്തില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തകര്‍ക്കൊപ്പം കളക്ട്രേറ്റിലേക്കെത്തും.
വട്ടിയൂര്‍ക്കാവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോര്പ്പറേഷന് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര് ശ്രീലേഖ ശനിയാഴ്ച 12 മണിക്ക് മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫീസിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
മണലൂരില്‍ കെ.കെ അനീഷ് കുമാര്‍, നാട്ടികയില്‍ സി.സി മുകുന്ദന്, തൃശൂരില്‍ പദ്മജ വേണുഗോപാല്‍ പാലക്കാട് ശോഭാ സുരേന്ദ്രന് എന്നിവരുടെ പത്രികാ സമര്‍പ്പണത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേല്‍ പങ്കെടുക്കും. എലത്തൂര്‍, കൊയിലാണ്ടി സ്ഥാനാര്‍ത്ഥികളായ ടി ദേവദാസ്, സി.ആര് പ്രഫുല്‍കൃഷ്ണന്‍ എന്നിവരുടെ പത്രികാ സമര്‍പ്പണ ചടങ്ങില്‍ രാജസ്ഥാന് ഉപമുഖ്യമന്ത്രി പ്രേംചന്ദ് ഭൈരവയും കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്, പി.സി ജോര്‍ജ്ജ് എന്നിവരുടെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്രനിയമമന്ത്രി അര്ജ്ജുന് റാം മേഘ് വാള് എന്നിവരും പങ്കെടുക്കും.
മഞ്ചേശ്വരത്ത് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, കാസര്‍കോട് എം.എല്‍ അശ്വനി എന്നിവരും നാളെ പത്രിക നല്‍കും.
















