പെരുമ്പാവൂര്‍: ഡിസിസി സെക്രട്ടറിയായിരുന്ന ബേസില്‍പോള്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായതോടെ പെരുമ്പാവൂരില്‍ വെട്ടിലായിരിക്കുകയാണ് ഇടത് മുന്നണി. ഇടതുപക്ഷത്ത് സിപിഎമ്മിലെ പ്രവര്‍ത്തകരാണ് ഏറ്റവും അധികം വെട്ടിലായത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുവരെ ബേസില്‍ പോളിനെതിരെ മുദ്രാവാക്യം വിളിച്ചവര്‍ രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും അതെല്ലാം തിരുത്തി പറയേണ്ട അവസ്ഥയായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ പലരുടെയും മനസ് മടുത്ത അവസ്ഥയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇടതുപക്ഷത്തിന്റെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം വിഭാഗത്തിനാണ് പെരുമ്പാവൂര്‍ സീറ്റ്. ഡിസിസി സെക്രട്ടറിയായിരുന്ന ബേസില്‍ പോളിന് കോണ്‍ഗ്രസ് പാനലില്‍ നിന്നുകൊണ്ട് തന്നെ ഈ സീറ്റ് തരപ്പെടുത്താന്‍ ഒരു കണ്ണുണ്ടായിരുന്നു. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടതോടെ നേരെ കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പം കൂടി. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അത്ര വലിയ പ്രവര്‍ത്തനങ്ങളൊന്നും ബേസില്‍ നടത്തിയിരുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മിലൂടെ ഇടതുപക്ഷത്ത് എത്തിയാണ് സ്ഥാനാര്‍ത്ഥിത്വം തരപ്പെടുത്തിയത്.
കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതും, അതുമൂലം സിപിഎമ്മിലെ പല നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ തരംതാഴ്‌ത്തപ്പെട്ടതും ഇപ്പോഴും ചര്‍ച്ചയാണ്. ഒരു കേരള കോണ്‍ഗ്രസുകാരന്‍ വിജയിച്ചാല്‍ ഈ സീറ്റ് എന്നന്നേക്കുമായി കൈവിട്ടു പോകും എന്ന ചിന്തയും സിപിഎമ്മിലെ ചില നേതാക്കള്‍ക്കുണ്ട്. അതിനാല്‍ മറുകണ്ടം ചാടി വന്നയാള്‍ക്കൊപ്പം എന്ത് നിലപാട് സ്വീകരിക്കുമെന്ന ധർമ്മസങ്കടത്തിലാണ് പെരുമ്പാവൂരിൽ സിപിഎം.
















