
അമ്മമാരുടെ വിഷമം തന്റെ കണ്ണ് നിറയ്‌ക്കുമെന്ന് സംവിധായകൻ മേജർ രവി . മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘ ഞാനൊരു രാഷ്‌ട്രീയക്കാരനായിട്ടില്ല. അതുകൊണ്ട് തന്നെ പ്ലാൻ ചെയ്ത് ഒന്നും ചെയ്യാറുമില്ല. തൃപ്രയാർ സൈഡിൽ രണ്ട് കുടുംബങ്ങൾക്ക് വീട് വെച്ച് കൊടുത്തിരുന്നു.
കിഡ്നി ട്രാൻസ്പാന്റ് ചെയ്ത് കിടക്കുന്ന സമയത്ത് മൊബൈലിൽ വന്ന ഒരു വീഡിയോയിൽ കണ്ട കുടുംബത്തിനാണ് ഒരു വീട് വെച്ച് കൊടുത്തത്. ഒരു അമ്മൂമ്മയ്‌ക്കും കുറച്ച് കുട്ടികൾക്കുമായാണ് വീട് വെച്ച് കൊടുത്തത്. വാഹനാപകടത്തിൽ മരിച്ചുപോയ ഒരു പയ്യന്റെ ഉമ്മയ്‌ക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട്. അവർ മുസ്ലീം കുടുംബമാണ്.
ആളുകൾ വർഗീയ വാദിയെന്ന് വിളിക്കുന്ന ഞാൻ തന്നെയാണ് അവിടെ പോവുകയും വീട് വെക്കാൻ സഹായിക്കുകയും ചെയ്തത്. ആ ഉമ്മയുടെ വിഷമം കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെയാണ് ഓർമ വന്നത്. വീട് പണിക്ക് വേണ്ട കാര്യങ്ങൾ തുടങ്ങിയശേഷമാണ് ആ പയ്യൻ മരിച്ചത്. ഞാൻ തുക കൊടുത്ത് വീണ്ടും പണി തുടങ്ങി വെച്ചു. പിന്നീട് എല്ലാവരും കൂടി ഏറ്റെടുത്ത് ഒമ്പത് മാസം കൊണ്ട് വീട് പണി പൂർത്തിയാക്കി.
താക്കോൽ ദാനം നടന്നു. ഇന്ന് ആ ഉമ്മ പുതിയ വീട്ടിലാണ് താമസിക്കുന്നത്. അമ്മമാരുടെ വിഷമം കാണുമ്പോൾ എനിക്ക് കണ്ണ് നിറയും. അമ്മ ഒരു പ്രത്യേക വികാരമാണ്. അമ്മ ഉള്ളപ്പോൾ നമ്മൾ ആരും അവരെ വേണ്ടപോലെ സ്നേഹിക്കാറില്ല, ശ്രദ്ധിക്കാറില്ല. നമ്മൾ ഓട്ടത്തിലായിരിക്കും. അപ്പോഴും അമ്മ ആഗ്രഹിക്കുന്നുണ്ടാകും എന്റെ കുട്ടി എന്നെ വന്ന് ഒന്ന് കെട്ടിപിടിച്ചിരുന്നുവെങ്കിലെന്ന്.
പലപ്പോഴും നമ്മൾ ആരും ചെയ്യാറില്ല. അതിന്റെ പ്രായശ്ചിത്തം എന്നോണമാണ് മരിച്ച് ഇരുപത് വർഷം പിന്നിട്ടിട്ടും അമ്മയുടെ കാര്യം പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നതിന് പിന്നിൽ. എനിക്കുള്ളതുപോലെ പശ്ചാത്താപം ആരും അനുഭവിക്കാതിരിക്കാനാണ് എല്ലാ വേദിയിലും ഞാൻ അമ്മയെ കുറിച്ച് സംസാരിക്കുന്നത്. മല്ലിക ചേച്ചി എന്നെ തെറിവിളിച്ചു. പക്ഷെ അതിൽ എനിക്ക് പ്രശ്നമില്ല. കാരണം അതൊരു അമ്മയ്‌ക്ക് മകനോടുള്ള സ്നേഹമാണ്.
അതുകൊണ്ട് മല്ലിക ചേച്ചിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. ഇപ്പോഴും മല്ലിക ചേച്ചിയെ എനിക്ക് ഇഷ്ടമാണ്. എപ്പോൾ കണ്ടാലും കെട്ട് പിടിച്ച് സംസാരിക്കും. അങ്ങനൊരു ബന്ധമാണ്. മകനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ അവർക്ക് മൂന്നാമതൊരാളായത്. അമ്മ-മകൻ ബന്ധം മിസ് ചെയ്യുന്നയാളാണ് ഞാൻ. പിന്നെ രാജുവിനോട് കൂടി ഒരു കാര്യം പറയുകയാണ്. അമ്മയെ കെട്ടിപിടിക്കാൻ മറക്കേണ്ട.‘ മേജർ രവി പറഞ്ഞു.