തെരഞ്ഞെടുപ്പ് 2026
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലന്നും, ഇരട്ടത്താഴിട്ട് പൂട്ടി എന്നുമുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന രാഷ്‌ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് തിരുവനന്തപുരം സിറ്റി ജില്ലാ യൂണിറ്റ് അദ്ധ്യക്ഷൻ കരമന ജയൻ പ്രസ്താവിച്ചു.
എസ്ഡിപിഐ പോലുള്ള രാജ്യ വിരുദ്ധ സംഘടനയുടെ ചങ്ങാത്തത്തിന്റെ ഇരട്ട പൂട്ട് കൊണ്ടാവും മന്ത്രി ഇങ്ങനെ ഒക്കെ വീര വാദം പറയുന്നത്.
എല്ലാ തെരഞ്ഞടുപ്പു വരുമ്പോഴും ഓരോ പ്രവചനം നടത്തി സ്വയം അപഹാസ്യനാവുന്ന വി. ശിവൻകുട്ടി ഇക്കഴിഞ കോർപ്പറേഷൻ ഇലക്ഷൻ ഫലം വരുന്നതിന് മുമ്പ് പറഞ്ഞതും ജനങ്ങൾ മറന്നിട്ടില്ല എന്നെങ്കിലും ഒന്നാലോചിക്കണം ആയിരുന്നു.
നേമത്ത് കഴിഞ്ഞ തവണ ശിവൻകുട്ടി വിജയിച്ചപ്പോൾ അതിന് അവകാശം ഉന്നയിച്ചത് സിപിഎം അല്ല എസ്ഡിപിഐ ആയിരുന്നു എന്നതും ജനങ്ങൾ മറന്നിട്ടില്ലെന്ന് ജയൻ ഓർമ്മിപ്പിച്ചു.
തെരഞ്ഞടുപ്പ് വിജ്ഞാപനം വന്ന സ്ഥിതിക്ക് നേമത്തെ കാര്യം നേമത്തെ ജനങ്ങൾ നോക്കി ക്കൊള്ളും. അവർക്ക് വേണ്ടി ഒന്നും ചെയ്യാത്ത, ആറ്റുകാൽ പൊങ്കാല പോലും കുടിവെള്ളം മുട്ടിച്ച് കലക്കാൻ ശ്രമിച്ച താങ്കളെ എങ്ങനെ ബാലറ്റിലൂടെ കൈകാര്യം ചെയ്യണമെന്നും നേമത്തുകാർക്ക് നന്നായി അറിയാമെന്നും ജയൻ പറഞ്ഞു. ശിവൻകുട്ടിയുടെ പൂട്ടും താക്കോലും ഒക്കെ തുരുമ്പെടുത്ത കാര്യം ശിവൻ കുട്ടിക്ക് ഒഴിച്ച് ബാക്കിയെല്ലാവർക്കും അറിയാം എന്നതാണ് യാഥാർത്ഥ്യമെന്നും ബിജെപി നേതാവ് തുടർന്നു.
















