തിരുവനന്തപുരം: കോളേജില്‍ പാന്റ് ധരിച്ച് പോകുന്ന മലയാളം അധ്യാപകനായിരുന്ന താന്‍ പിന്നീട് അത് ഉപേക്ഷിക്കാന്‍ കാരണം ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയാണെന്ന് സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍.
വിദേശയാത്രയുടെ ഭാഗമായി ഇംഗ്ലണ്ടില്‍ തന്റെ ശിഷ്യന്റെ വീട്ടില്‍ താമസിച്ചിരുന്നപ്പോഴുണ്ടായ അനുഭവമാണ് ഇതിന് പിന്നിലെന്ന് തപസ്യയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘കേരളയില്‍നിന്ന് കേരളത്തിലേക്ക്’ എന്ന വിചാരസഭയില്‍ അദ്ദേഹം പറഞ്ഞു.
ഒരുദിവസം രാവിലെ അവിടെയുള്ള ഒരു കൊച്ചുപെണ്‍കുട്ടി ചോദിച്ചു:
“കേരളത്തില്‍ നിങ്ങളുടെ ഡ്രസ് കോഡ് എന്താണ്?”
അതിന് താന്‍ “പാന്റ് ധരിക്കാറുണ്ട്” എന്ന് മറുപടി നല്‍കിയതോടെ, കുട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു:
“ഇല്ല, നിങ്ങള്‍ ഒരു മലയാള എഴുത്തുകാരനല്ലേ? കേരളത്തില്‍ നിങ്ങള്‍ മുണ്ടും ഷര്‍ട്ടും ധരിക്കണം.”
അത് കേട്ട് അവള്‍ക്ക് വാക്ക് നല്‍കി. ഇരുപത് വര്‍ഷമായി കേരളത്തില്‍ താന്‍ പാന്റ് ധരിച്ചിട്ടില്ലെന്നും ആ ചെറിയ കുട്ടിക്ക് നല്‍കിയ വാക്ക് ഇന്നുവരെ പാലിക്കുകയാണെന്നും ഓണക്കൂര്‍ പറഞ്ഞു.
ഇതൊക്കെയാണ് നമ്മുടെ സംസ്കാരത്തിന്റെ ശക്തിയെന്ന് പറഞ്ഞ ഓണക്കൂര്‍, ഭാഷയെയും സംസ്കാരത്തെയും ആദരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. പുതിയ തലമുറയെയും അവരുടെ ചിന്തകളെയും ആദരിക്കണം എന്നും കൂട്ടിച്ചേര്‍ത്തു.
മലയാളഭാഷയും സാഹിത്യവും വലിയ പോരാട്ടങ്ങളിലൂടെ വളര്‍ന്നതാണ്. ഭാഷയുടെ വളര്‍ച്ചയ്‌ക്ക് ജനങ്ങള്‍ക്ക് സ്വന്തം ആഗ്രഹങ്ങളും ചിന്തകളും ഭാഷയിലൂടെ പ്രകടിപ്പിക്കാന്‍ കഴിയണം.
ഭാഷയോടൊപ്പം നാം സഞ്ചരിക്കുമ്പോഴാണ് കേരളം യഥാര്‍ഥത്തില്‍ കേരളമാകുന്നത്.സ്ഥാപനങ്ങളുടെ പേരുകളിലും പ്രവര്‍ത്തനങ്ങളിലും നമ്മുടെ ഭാഷയുടെ ആത്മാവ് പ്രതിഫലിക്കണം.. ‘കേരളം’ എന്ന പേര് അഭിമാനത്തോടെ ഉപയോഗിക്കണക്കണം. അദ്ദേഹം പറഞ്ഞു.
ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്ക് തനിക്ക് ഏറെ പ്രചോദനമായതായി ഓണക്കൂര്‍ ഓര്‍മ്മിച്ചു. ഇന്ത്യയിലെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഭാഷക്കും സംസ്കാരത്തിനും നല്‍കിയ ആ പ്രാധാന്യം ഏറെ വിലമതിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഏറെക്കാലമായി കാത്തിരുന്ന ഭാഷാബില്‍ ഗവര്‍ണറുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. അതിന് അംഗീകാരം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അതിന് അംഗീകാരം ലഭിച്ചതും നേട്ടമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം നമ്മുടെ ഭാഷയിലും സംസ്കാരത്തിലും വേഷഭൂഷണത്തിലും ഭക്ഷണശൈലിയിലും ഒക്കെയാണെന്നും അവയെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഓണക്കൂര്‍ പറഞ്ഞു.
ശ്രീകുമാരന്‍ തമ്പി, എംജി ശശിഭൂഷണ്‍, എ എം ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് മുത്തേടത്ത്. പ്രൊഫ പി ജി ഹരിദാസ്, പി ശ്രീകുമാര്‍, ജി എം മഹേഷ്,
കെ വി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു
















