കൊച്ചി: നിരോധിത ഭീകരസംഘടനയായ പിഎഫ്‌ഐ(പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) അടക്കമുള്ള ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം വീണ്ടും സജീവമാകുന്നുവെന്ന ഗുരുതര കണ്ടെത്തലിനെ തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ രാജ്യവ്യാപകമായി നിരീക്ഷണം ശക്തമാക്കി. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ സംഘടനയുടെ പഴയ പ്രവര്‍ത്തകരും അനുബന്ധ ശൃംഖലകളും വീണ്ടും സജീവമാകുന്നുവെന്ന സൂചനകളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
പിഎഫ്‌ഐയുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ട അഞ്ചോളം ഹിന്ദു സംഘടനാ നേതാക്കള്‍ക്ക് എറണാകുളം ജില്ലയില്‍ ആദ്യകാലഘട്ടം മുതല്‍ തന്നെ കേന്ദ്ര സേനയുടെ ഹൈ സെക്യൂരിറ്റി ഉണ്ടായിരുന്നു. പിന്നീട് രണ്ട് പേര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പുകളെ മുഖവിലയ്‌ക്കെടുക്കാതിരുന്ന സംസ്ഥാന ഇന്റലിജന്‍സിന് പിന്നീടാണ് കാര്യങ്ങളുടെ കുഴപ്പം പിടികിട്ടിയത്. തുടര്‍ന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് സുരക്ഷ ഒഴിവാക്കിയ വ്യക്തികളെ നേരില്‍ കണ്ട് കാര്യത്തിന്റെ ഗൗരവം അറിയിക്കുകയും അഞ്ച് വ്യക്തികളുടെയും വീടിനടക്കം സുരക്ഷയൊരുക്കിയിരിക്കുകയാണ്.
ദേശീയ അന്വേഷണ ഏജന്‍സിയും സംസ്ഥാന പൊലീസ് വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രത്യേക നിരീക്ഷണ സംവിധാനമാണ് രൂപീകരിച്ചിരിക്കുന്നത്. പിഎഫ്‌ഐ നിരോധിച്ചതിന് പിന്നാലെ വിവിധ പേരുകളിലും സാമൂഹിക സംഘടനകളുടെയും സാംസ്‌കാരിക കൂട്ടായ്‌മകളുടെയും മറവില്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നാണ് സൂചന. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ യുവാക്കളെ സ്വാധീനിക്കാന്‍ നടത്തുന്ന പ്രചാരണങ്ങള്‍, രഹസ്യയോഗങ്ങള്‍, ഫണ്ട് ശേഖരിക്കല്‍ ശ്രമങ്ങള്‍ എന്നിവയും അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായം ചില സംഘടനകളിലേക്ക് എത്തുന്നുണ്ടോയെന്ന കാര്യവും കേന്ദ്ര ഏജന്‍സികള്‍ പ്രത്യേകമായി പരിശോധിക്കുന്നതായാണ് വിവരം.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ പിഎഫ്‌ഐയുടെ പഴയ പ്രവര്‍ത്തകര്‍ വീണ്ടും ബന്ധം സ്ഥാപിക്കുന്നതായും വിവരങ്ങള്‍ ലഭിച്ചതോടെ രഹസ്യാന്വേഷണ സംവിധാനം കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയും എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പുകളിലൂടെയും ആശയവിനിമയം നടക്കുന്നുവെന്ന കണ്ടെത്തലും ഏജന്‍സികളെ ജാഗ്രതയിലാക്കി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള ശൃംഖലകളെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളിലെ പ്രത്യേക വിഭാഗങ്ങളുമായി വിവരങ്ങള്‍ പങ്കിടുന്നുണ്ട്.
ചില ജില്ലകളില്‍ ഇതിനോടകം രഹസ്യ നിരീക്ഷണം ശക്തമാക്കിയതായും സൂചനയുണ്ട്. 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ പിഎഫ്‌ഐക്ക് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. അതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ റെയ്ഡുകളും അറസ്റ്റുകളും നടന്നിരുന്നു. സംഘടനയുടെ പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതോടെയാണ് പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചതെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍ കഴിഞ്ഞ മാസങ്ങളിലായി ചില ഇടങ്ങളില്‍ പഴയ ശൃംഖലകള്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ വീണ്ടും കര്‍ശന നിരീക്ഷണത്തിലേക്ക് കടന്നത്. കേരളത്തില്‍ ചില പ്രദേശങ്ങളില്‍ ഭീകരവാദ പ്രചാരണങ്ങള്‍ ശക്തമാകുന്നുവെന്ന സൂചനകളുണ്ടെന്നും ഇത് മുന്‍ നിര്‍ത്തിയാണ് പോലീസ് ഇന്റലിജന്‍സ് വിഭാഗം പ്രത്യേക നിരീക്ഷണം ആരംഭിച്ചതെന്നമാണ് സുരക്ഷാവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ശൃംഖലകളെ കണ്ടെത്തി തടയുകയാണ് പ്രധാന ലക്ഷ്യമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ആവശ്യമായിടത്ത് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളം പോലീസ് ഇന്റലിജന്‍സ് വിഭാഗവും പ്രത്യേക ബ്രാഞ്ചും വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരശേഖരണം ശക്തമാക്കിയിരിക്കുകയാണ്. സംശയാസ്പദമായ ഇടപെടലുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
















