അന്നപൂര്‍ണേ സദാപൂര്‍ണേ
ശങ്കര പ്രാണ വല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യര്‍ഥം
ഭിക്ഷാം ദേഹി ച പാര്‍വ്വതി
അന്നപൂര്‍ണേശ്വരീ! എന്നും സമ്പൂര്‍ണയായ അമ്മേ, ശങ്കരനാഥന്റെ പ്രാണസഖിയായ ഭവാനീ ദേവീ! എനിക്കു ജ്ഞാനവും വൈരാഗ്യവും സിദ്ധിക്കുന്നതിനായി അമ്മേ, അവിടുന്നു കനിഞ്ഞ് ഇതെല്ലാം നീ ദാനം തരേണമേ!
കേരളത്തിലെ ദേവീപൂജയ്‌ക്ക് നാലായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭക്തരില്‍ സൗമ്യരൂപത്തില്‍ പാര്‍വ്വതിയും രൗദ്രരൂപത്തില്‍ കാളിയും പ്രഭാമയമായ ജ്ഞാനസ്വരൂപിണിയായ സരസ്വതിയുമായൊക്കെ ഹൃദയത്തിന്റെ വിളക്കാകുന്ന ആദിപരാശക്തിയായ ദേവി പ്രപഞ്ചനായികയായി വിരാജിയ്‌ക്കുന്നു.
നന്മയുടെ രക്ഷകയും തിന്മയുടെ ശിക്ഷകയുമാണ് ദേവി. സത്യത്തിന്റെ വാത്സല്യനിധിയും അധാര്‍മ്മികതയുടെ ശത്രുവുമാണ് പരാശക്തി. പ്രാചീന സംസ്‌കൃതിയോളം പഴക്കമുണ്ട് ഈ മാതൃസങ്കല്‍പ്പത്തിന്. പൊങ്കലും പൊങ്കാലയുമെല്ലാം ദിവ്യാരാധനയുടെ ഉദാത്തഭാവമാണ്. കാര്‍ത്തിക നക്ഷത്രത്തില്‍ കാപ്പുകെട്ടി കുടിയിരുത്തി കുംഭമാസത്തിലെ പൂരം നക്ഷത്രവും പൗര്‍ണമിയും കൂടിച്ചേരുന്ന ശുഭദിനത്തില്‍ പുറത്തെഴുന്നള്ളത്തും കുരുതി( ഗുരുസി) സമര്‍പ്പണവും കഴിയുന്നതോടെയാണ് പൊങ്കാലമഹോത്സവത്തിനു ശുഭപര്യവസാനമാകുന്നത്.
നാടിന്റെ യശസ്സെന്നോണം, നാനാത്വത്തിലേകത്വമെന്നോണം നാനാജാതി മതസ്ഥരായ അംഗനമാരുടെ ഭക്തിസംപൂര്‍ണ്ണമായ ഒത്തുചേരലാണ് നമ്മുടെ സംസ്‌കൃതിയുടെ വരദാനമായ ആറ്റുകാല്‍പൊങ്കാലമഹോത്സവ മെന്നത് പറഞ്ഞേ മതിയാകൂ.
പൗരാണിക ദ്രാവിഡ ദേവതയായ കാളീസങ്കല്പമാണ് അനന്തപുരിയിലെ ആറ്റുകാലമ്മ. പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപ ത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.
നമ്മുടെ പുരാണങ്ങളില്‍ നിന്നും ഭാരതീയ കഥാപാത്രങ്ങളുടെ ഇതിഹാസ പ്പെരുമകളില്‍ നിന്നും കേരളീയര്‍ക്കു പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ഈ വിശ്വാസം നാരീപൂജയുടെ, മാതൃപൂജയുടെ, അമ്മദൈവാരാധനയുടെ വ്യത്യസ്തഭാവങ്ങളെ ഈ മണ്ണില്‍ കുടിയിരുത്തി. ശക്തിയില്ലാതെ ശിവനില്ല എന്ന ബോധമാണ് അര്‍ദ്ധനാരീശ്വര സങ്കല്പത്തിലൂടെ തെളിയുന്നത്. വേദപുരാണാദികളിലും ഇതിഹാസ മഹാകാവ്യങ്ങളിലും വിശിഷ്ട ഉപ നിഷത്തുകളിലും മാതൃശക്തിയെ വാഴ്‌ത്തുന്ന ധാരാളം ഉദാഹരണങ്ങള്‍ കാണാം. നമ്മുടെ മാതൃരാജ്യം, മാതൃഭാഷ എന്നിങ്ങനെ പ്രകൃതിയിലെ സകലതിനെയും അമ്മയായിക്കണ്ട് ചേര്‍ത്തുനിര്‍ത്തി സ്‌നേഹിയ്‌ക്കാനാ ണ് ഋഷിപ്രോക്തങ്ങളായ വേദോപനിഷത്തുകള്‍ പഠിപ്പിയ്‌ക്കുന്നത്.
സമര്‍പ്പണം വീട്ടിലുമാകാം
ആറ്റുകാല്‍പൊങ്കാല ക്ഷേത്രത്തിലെന്നപോലെ വീട്ടിലും ആചരിക്കാം. ഭവനത്തില്‍ തികഞ്ഞ ശുദ്ധവൃത്തിയോടെ യഥാവിധി പൊങ്കാലസമര്‍പ്പണം നടത്താം. എവിടെനിന്നു വിളിക്കിലും വിളികേട്ടിടുന്ന പരാശക്തിയ്‌ക്ക് മറ്റെന്തു പരിഗണന! ക്ഷേത്രത്തില്‍ പൊങ്കാല തുടങ്ങുന്ന അതേസമയത്ത് ചെയ്താല്‍ മതി .പൊങ്കാല അവസാനിയ്‌കുന്ന സമയത്ത് സ്വയം നിവേദിക്കാം. ‘ഭദ്രകാളിപ്പത്ത്’ പോലെയുള്ള ലളിതമായ സ്‌തോത്രങ്ങള്‍ ചൊല്ലി അമ്മയോട് പ്രാര്‍ത്ഥിച്ചാല്‍ മതി.
പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്‌ക്ക് വയ്‌ക്കുക എന്ന ചടങ്ങുണ്ട്. അതിന് വേണ്ടി അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, പൂവ്, ചന്ദനത്തിരി എന്നിവയില്‍ കിട്ടുന്നതും നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്‌ക്കണം. ഗണേശനെയും ഭഗവതിയേയും പ്രാര്‍ഥിച്ചു പൊങ്കാല ആരംഭിക്കാം. ഇങ്ങനെ ലളിതമായി ആര്‍ക്കും പൊങ്കാല ഇടാം.
പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.
നിലവിളക്കു കത്തിച്ചുവച്ച് സ്വസ്ഥമായിരുന്ന് ഇരുന്ന് ജപിക്കുക.
”ഭദ്രകാളിപ്പത്ത്”
കണ്‌ഠേകാളി! മഹാകാളി!
കാളനീരദവര്‍ണ്ണിനി!
കാളകണ്ഠാത്മജാതേ! ശ്രീ
ഭദ്രകാളി നമോസ്തുതേ! – 1
ദാരുകാദി മഹാദുഷ്ട
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ! ശ്രീ
ഭദ്രകാളി നമോസ്തുതേ -2
ചരാചരജഗന്നാഥേ!
ചന്ദ്ര, സൂര്യാഗ്‌നിലോചനേ!
ചാമുണ്ഡേ! ചണ്ഡമുണ്ഡേ! ശ്രീ
ഭദ്രകാളി നമോസ്തുതേ! – 3
മഹൈശ്വര്യപ്രദേ! ദേവി!
മഹാത്രിപുരസുന്ദരി!
മഹാവീര്യേ! മഹേശീ! ശ്രീ
ഭദ്രകാളി! നമോസ്തുതേ! -4
സര്‍വ്വവ്യാധിപ്രശമനി!
സര്‍വ്വമൃത്യുനിവാരിണി!
സര്‍വ്വമന്ത്രസ്വരൂപേ! ശ്രീ
ഭദ്രകാളി നമോസ്തുതേ! -5
പുരുഷാര്‍ഥപ്രദേ! ദേവി !
പുണ്യാപുണ്യഫലപ്രദേ!
പരബ്രഹ്‌മസ്വരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ! -6
ഭദ്രമൂര്‍ത്തേ! ഭഗാരാധ്യേ
ഭക്തസൗഭാഗ്യദായികേ!
ഭവസങ്കടനാശേ! ശ്രീ
ഭദ്രകാളി നമോസ്തുതേ! – 7
നിസ്തുലേ! നിഷ്‌ക്കളേ! നിത്യേ
നിരപായേ! നിരാമയേ!
നിത്യശുദ്ധേ! നിര്‍മലേ! ശ്രീ
ഭദ്രകാളി നമോസ്തുതേ! -8
പഞ്ചമി! പഞ്ചഭൂതേശി!
പഞ്ചസംഖ്യോപചാരിണി!
പഞ്ചാശല്‍ പീഠരൂപേ!
ശ്രീഭദ്രകാളി നമോസ്തുതേ! – 9
കന്മഷാരണ്യദാവാഗ്‌നേ!
ചിന്മയേ ! സന്മയേ! ശിവേ!
പത്മനാഭാഭിവന്ദ്യേ! ശ്രീ
ഭദ്രകാളി നമോസ്തുതേ! -10
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേല്‍ ജവം
ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സര്‍വ മംഗളം.
മനസ്സില്‍നിന്നും കഠിനദുഃഖങ്ങളുടെ കെട്ടിറക്കി, സങ്കടങ്ങള്‍ക്കു പ്രതിവിധി തേടി നിറഞ്ഞമനസ്സോടെ അമ്മയെ വണങ്ങി തിരിച്ചു പോകുന്ന ഭക്തര്‍ വീണ്ടും ഒരുപൊങ്കാലയ്‌ക്കായി നൊയമ്പുനോറ്റിരിയ്‌ക്കുന്നു. പൊങ്കാലയിടുന്ന ഓരോരുത്തരുടെയും ഹൃദയഭാരങ്ങളിറക്കി, മഹാമായയുടെ മഹനീയ സാന്നിധ്യം അനുഭവവേദ്യമാക്കുന്നു.
‘നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്‌നാകരീ
നിര്‍ധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ
പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാ അന്നപൂര്‍ണേശ്വരീ ”
ഏവര്‍ക്കും ശ്രീഭദ്രകാളീഭദ്രത അനുഗ്രഹവര്‍ഷമായി വന്നുഭവിയ്‌ക്കു മാറാകട്ടെ
അല്ലയോ ,അന്നം നല്‍കുന്ന ഭഗവതീ, പരമേശ്വരിയായ അമ്മേ, ഭക്തരുടെ ഭയഭീതികളെ നീക്കി രക്ഷിക്കുന്ന ഭവാനീ! അടിയനെ ജനനമരണ ബന്ധങ്ങളില്‍ നിന്നും രക്ഷിയ്‌ക്കുമാറാകേണമേ!















