പട്ടാഴി: എന്‍എസ്എസ് താലൂക്ക് യുണിയന്‍ യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കൂടിയായ മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള തര്‍ക്കം, ക്ഷേത്രമുറ്റത്തെ അടിയില്‍ കലാശിച്ചു. സംഭവത്തില്‍ താലൂക്ക് യൂണിയന്‍ അംഗം ആര്‍. വേണുകുമാറിന് മര്‍ദനമേറ്റു.
കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍. ശനി രാവിലെ പുനലൂരില്‍ നടന്ന താലൂക്ക് യൂണിയന്‍ യോഗത്തില്‍, പത്മ കഫെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. പത്മ കഫെ നിര്‍മ്മാണത്തിന് നാല് കോടി രൂപ ചെലവ് വന്നതായി ഗണേഷ്‌കുമാര്‍ യോഗത്തെ അറിയിച്ചു. ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഭരണസമിതി അംഗം കൂടിയായ പട്ടാഴി വടക്കേക്കരയില്‍ നിന്നുമുള്ള യൂണിയന്‍ പ്രതിനിധി ആര്‍.വേണുകുമാര്‍ രംഗത്തുവന്നു. കൂടുതല്‍ അംഗങ്ങള്‍ ഇത് ഏറ്റുപിടിച്ച് രംഗത്ത് വന്നതോടെ രംഗം വഷളായി. മന്ത്രിയും ഭരണ സമിതി അംഗങ്ങളും പരസ്പരം അസഭ്യവര്‍ഷം നടത്തിയതായും പറയപ്പെടുന്നു. ഇതിന് ശേഷമാണ് രാത്രി 9.30ന് പട്ടാഴിയില്‍ വച്ച് ആര്‍. വേണുകുമാര്‍ ആക്രമിക്കപ്പെടുന്നത്.
പട്ടാഴി ദേവി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ, കമ്മിറ്റി ഓഫിസിന് അടുത്തുനിന്ന വേണുവിനെ മാറ്റിനിര്‍ത്തി ഒരു സംഘം ആക്രമിച്ചതായാണ് പരാതി. നീ മന്ത്രിക്കെതിരെ സംസാരിക്കുമോടാ എന്ന് ആക്രോഷിച്ച് രണ്ട് പേര്‍ ചവിട്ടി താഴെയിട്ട് ക്രൂരമായി മര്‍ദിച്ചെന്നും വേണുകുമാര്‍ കുന്നിക്കോട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആറ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ കടുവാത്തോട്ടില്‍ ഇന്നലെ വൈകിട്ട് ഗണേഷ്‌കുമാറിനെതിരെ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
















