പിതാവായ ദ്രോണരെ കള്ളം പറഞ്ഞു വില്ലു വയ്‌പ്പിച്ച് പാണ്ഡവര്‍ കൊന്നതില്‍ കോപിഷ്ഠനായ അശ്വത്ഥാമാവ് പാണ്ഡവര്‍ക്കുനേരെ നാരായണാസ്ത്രം തൊടുത്തു. ആ നാരായണാസ്ത്രം ദ്രോണാചാര്യര്‍ നാരായണനെ പൂജിച്ചു നേടിയതാണ്. ഈ അസ്ത്രം ആരിലും പ്രയോഗിച്ചു പോകരുതെന്ന് വിഷ്ണു ദ്രോണര്‍ക്കു താക്കീതു നല്‍കിയിരുന്നു. കൊന്നുകൂടാത്തവരായ മഹാത്മാക്കളെയും ഇത് കൊന്നുകളയും. എന്നാല്‍ അസ്ത്രത്തെ കുമ്പിട്ടു നമസ്‌ക്കരിക്കുന്നവരെ നാരായാണാസ്ത്രം രക്ഷിക്കും. മനസ്സുകൊണ്ടെങ്കിലും എതിര്‍ത്താല്‍, ഈ അസ്ത്രം എതിര്‍ത്തവനെ ഏതു പാതാളത്തില്‍ പോയൊളിച്ചാലും പിന്തുടര്‍ന്ന് കൊന്നു വീഴ്‌ത്തും. ഇതാണ് നാരായണാസ്ത്രത്തിന്റെ പ്രത്യേകത. ഈ അസ്ത്രത്തിന്റെ ഉപയോഗം പിന്നീട് ദ്രോണര്‍ പുത്രന് ഉപദേശിച്ചു. പ്രിയശിഷ്യനായ അര്‍ജ്ജുനനു പോലും ദ്രോണര്‍ ഇത് ഉപദേശിച്ചു കൊടുത്തില്ല. ഇങ്ങനെയുള്ള ദിവ്യാസ്ത്രമാണ് അശ്വത്ഥാമാവ് പാണ്ഡവപ്പടയ്‌ക്ക് എതിരായി തൊടുത്തു വിട്ടത്.
നാരായണമഹാസ്ത്രം പ്രകടമായ ഉടനെ പിന്‍പുറത്തു നിന്ന് കാറ്റടിച്ചു. ആകാശത്തില്‍ മേഘമില്ലാതെ ഇടിവെട്ടി. പലതരം ചക്രങ്ങളും ഇരുമ്പുണ്ടകളും അസ്ത്രങ്ങളും വിചിത്രമായ ആയുധങ്ങളും ആകാശത്തു പ്രത്യക്ഷപ്പെട്ടു. എതിര്‍ത്ത പാണ്ഡവ സൈന്യത്തെ അസ്ത്രം കൊന്നു വീഴ്‌ത്തിത്തുടങ്ങി. പാണ്ഡവപ്പട നാമാവശേഷമാകുന്ന ഘട്ടമെത്തി.
ഈ സമയം ഭഗവാന്‍ കൃഷ്ണന്‍ എല്ലാരോടും ആയുധം ഉപേക്ഷിച്ച് കൈകൂപ്പി നമസ്‌ക്കരിക്കാന്‍ ഉപദേശിച്ചു. പാണ്ഡവപ്പട ആയുധം വെടിഞ്ഞിട്ടും അസ്ത്രം ശാന്തമായില്ല. അതിനു കാരണം ഭീമന്‍ ആയുധം വെടിയാത്തതായിരുന്നു. ഭീമന് അശ്വത്ഥാമാവിനോടുള്ള കോപം ചെറുതായിരുന്നില്ല. അതിനാല്‍ ഭീമന്‍ അര്‍ജ്ജുനനോട് ആയുധം ഉപേഷിക്കരുതെന്നും ഏതെങ്കിലും ദിവ്യാസ്ത്രം കൊണ്ട് നാരായണാസ്ത്രത്തെ തടുക്കുവാനും ഉപദേശിച്ചു.
എന്നാല്‍ അര്‍ജ്ജുനന്‍ അതനുസരിച്ചില്ല. അദ്ദേഹം നാരായണാസ്ത്രത്തിനെതിരെ ഒന്നും ചെയ്തില്ല. അതിനു കാരണം അദ്ദേഹം വിഷ്ണുഭക്തനായിരുന്നു എന്നതാണ്. ഗോക്കളിലും ബ്രാഹ്‌മണരിലും നാരായണാസ്ത്രത്തിലും താന്‍ ആയുധം പ്രയോഗിക്കുകയില്ലെന്നു അര്‍ജ്ജുനന്‍ തീര്‍ത്ത് പറഞ്ഞു.
തുടര്‍ന്ന് ഭീമന്‍ ഒറ്റയ്‌ക്ക് കൗരവരെ എതിര്‍ത്തു. ഭീമന്‍ എത്ര ശക്തിയായി എതിര്‍ത്തുവോ അതിന്റെ പതിന്മടങ്ങു നാരായണാസ്ത്രത്തിന്റെ ശക്തി വര്‍ദ്ധിച്ചു വന്നു. നാരായണാസ്ത്രത്തിലെ തീജ്വാലകള്‍ ഭീമനെ മൂടി. നാരായണാസ്ത്രം ഭീമനെ കൊല്ലുമെന്നായപ്പോള്‍ അര്‍ജ്ജുനനും കൃഷ്ണനും ഒരേസമയം ഓടിച്ചെന്ന് ഭീമനെ വരുണാസ്ത്രം കൊണ്ടു നനച്ച് കരംകൊണ്ടു പിടിച്ചുവലിച്ചു. മഹാബലവാനായ കൃഷ്ണന്‍ ഭീമനെ ബലമായി രഥത്തില്‍ നിന്നു പിടിച്ചു വലിച്ച് താഴെയിറക്കി കൈയിലുണ്ടായിരുന്ന ആയുധങ്ങള്‍ പിടിച്ചു വാങ്ങി. അതോടെ ഭീമനും നിരായുധനായി. അതോടെ നാരായണാസ്ത്രം സ്വയം ദുര്‍ബലമാവുകയും പാണ്ഡവവരും സേനയും വന്‍ നാശത്തില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു.
എന്താണ് നാരായണാസ്ത്രം
ഭഗവാന്‍ ശ്രീഹരിയുടെ ആയുധസൃഷ്ടിയാണ് നാരായണാസ്ത്രം. കുരുക്ഷേത്രത്തില്‍ ദ്രോണര്‍ വീണദിവസം അശ്വത്ഥാമാവിന്റെ അസ്ത്രപ്രയോഗം എല്ലാവരും കണ്ടതാണ്. ക്രുദ്ധനായ അശ്വത്ഥാമാവിനെ അര്‍ജുനനും ഭീമനും ഒരുമിച്ച് നേരിട്ടു. ഘോരമായ ശരവര്‍ഷം നടന്നു. അശ്വത്ഥാമാവ് പാണ്ഡവപ്പടയെ ചുട്ടുവെണ്ണീറാക്കിക്കൊണ്ടിരുന്നു. അര്‍ജുനന്റെ ശരമേറ്റ് അശ്വത്ഥാമാവിന്റെ വില്ലൊടിഞ്ഞു.
ഈ ഘട്ടത്തിലാണ് കോപാന്ധനായ അശ്വത്ഥാമാവ് നാരായണാസ്ത്രം പ്രയോഗിച്ചത്. നാരായണാസ്ത്രം ആകാശത്തെക്കുയര്‍ന്ന് ആയിരം, പതിനായിരം, ലക്ഷങ്ങളായി പിളര്‍ന്നുവളര്‍ന്നു പാണ്ഡവപ്പടയെ മുടിച്ചു. അര്‍ജുനന്‍ വിവശനായി തളര്‍ന്നു. നാരായണാസ്ത്രം ഭീമന്റെ രഥം ചുട്ടുകരിച്ചു. ഭീമന്‍ മരിച്ചു എന്ന് എല്ലാവരും കരുതി. ഉടന്‍ കൃഷ്ണന്‍ വിളിച്ചുപറഞ്ഞു…
‘അര്‍ജുനാ, ഭീമാ.. എല്ലാവരും ആയുധം താഴെ വയ്‌ക്കുക. നാരായണാസ്ത്രത്തെ ശസ്ത്രം കൊണ്ട് നേരിട്ടാല്‍ അത് ഇരട്ടിയിരട്ടി ആയി ശക്തി പ്രാപിക്കും. അതുകൊണ്ടു എല്ലാവരും ആയുധം വച്ച് തേരില്‍ നിന്നിറങ്ങി കൈകൂപ്പി അസ്ത്രത്തെ വണങ്ങുക. അത് താനേ അടങ്ങിക്കൊള്ളും.”
പാണ്ഡവപ്പട എല്ലാം ആയുധങ്ങളും താഴെവച്ചു നിന്നു വണങ്ങി. അസ്ത്രം സ്വയം അടങ്ങി. നാരായണാസ്ത്രത്തിനു സമാനമായി കലിയുഗത്തില്‍ ഉള്ളത് ക്ലസ്റ്റര്‍ ബോംബ് ആണെന്ന് പറയാം. വിമാനത്തില്‍ നിന്ന് ഒരു മേഘപടലം (cluster- a number of things growing, fastened, or occurring close together) പോലെ വര്‍ഷിക്കുന്ന ബോംബിനെ മറ്റൊരു Cluster ബോംബ് കൊണ്ട് നേരിട്ടാല്‍ എന്താകും ഫലം. നാരായണാസ്ത്രത്തെ എതിര്‍ക്കുമ്പോള്‍ ശക്തി ഇരട്ടിയാകുന്നു. അത് തന്നെയല്ലേ ക്ലസ്റ്റര്‍ ബോംബിനെ ക്ല,സ്റ്റര്‍ ബോംബ് കൊണ്ടു നേരിട്ടാല്‍ സംഭവിക്കുന്നത്. സര്‍വ്വനാശം ഉറപ്പ്…
















