കൊച്ചി : സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാകുന്നുവെന്ന് സിപിഎം നേതാവ് എം സ്വരാജ് . അമേരിക്കയും, ഇസ്രായേലും ലോകത്തിന്റെയാകെ ശത്രുക്കളായി മാറിയെന്നും എം സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നു. എല്ലാ യുദ്ധങ്ങളിലും മനുഷ്യർ പരാജയപ്പെടുന്നു. മനുഷ്യത്വവും. ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിച്ചവർ ഇപ്പോഴും ആണവായുധശേഖരം കൈവശമുള്ളവർ , ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണം ക്രൂരമായ ഫലിതമാണ്. അമേരിക്കയും, ഇസ്രായേൽ ഉൾപ്പെടെയുള്ള കൂട്ടാളികളും ഇറാന്റെ മാത്രമല്ല ലോകത്തിന്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു. മനുഷ്യവംശത്തിന്റെ ശത്രുക്കൾ. – എന്നാണ് എം സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
പരമാധികാര രാഷ്‌ട്രത്തിന് മേൽ അന്താരാഷ്‌ട്ര നിയമങ്ങളെയും ഐക്യരാഷ്‌ട്രസഭയുടെ ചട്ടങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഈ കടന്നുകയറ്റമെന്നാണ് എ എ റഹീം പറയുന്നത് . ഈ അതിക്രമത്തെ സിപിഐ(എം) പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ അത് അട്ടിമറിച്ചുകൊണ്ട് യുദ്ധത്തിലേക്ക് നീങ്ങിയത് അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢാലോചനയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.
സാമ്രാജ്യത്വ ശക്തികളുടെ താല്പര്യങ്ങൾക്ക് ഇന്ത്യ കൂട്ടുനിൽക്കരുത്. ഇന്ത്യയുടെ ദീർഘകാല സുഹൃത്തായ ഇറാന് നേരെയുള്ള ഈ ആക്രമണത്തെ അപലപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും റഹീം പറയുന്നു.















