ജയ്‌പൂർ : ജയ്‌പൂരിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസപ്രകടനം . വ്യോമസേനയുടെ സൂര്യ കിരൺ, സാരംഗ് ടീമുകൾ ചേർന്നാണ് ആകാശ പ്രദർശനങ്ങൾ നടത്തിയത്. ജൽ മഹൽ പ്രദേശത്താണ് വ്യോമ പ്രദർശനം നടന്നത്.
വ്യോമസേനയുടെ സൂര്യ കിരൺ എയറോബാറ്റിക് ടീം, ചുവപ്പും വെള്ളയും നിറത്തിലുള്ള ഹോക്ക് ജെറ്റുകൾ ഉപയോഗിച്ച്, തടാകത്തിന്റെ വെള്ളത്തിന് മുകളിലൂടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്തി . ഒമ്പത് ജെറ്റുകൾ ഒരേസമയം വൈവിധ്യമാർന്ന എയറോബാറ്റിക് അഭ്യാസങ്ങളും അവതരിപ്പിച്ചു. 1,000 അടി ഉയരത്തിൽ, വെറും 5 മീറ്റർ അകലത്തിൽ, വിമാനങ്ങൾ 18 പ്രദർശനങ്ങൾ നടത്തി.
സാരംഗ് ടീമിന്റെ ഹെലികോപ്റ്ററുകൾ നഹർഗഡ് ബേസിൽ നിന്ന് പറന്നുയർന്നു. അഞ്ച് ഹെലികോപ്റ്ററുകളും വിവിധ പ്രകടനങ്ങൾ നടത്തി ജനങ്ങളുടെ ഹൃദയം കീഴടക്കി. ത്രിവർണ്ണ പതാകയുമേന്തി സൂര്യ കിരൺ ടീമിന്റെ വിമാനം പറന്നതും വ്യത്യസ്ത കാഴ്‌ച്ചയായി. സൂര്യ കിരൺ ടീമിലെ ഒമ്പത് പൈലറ്റുമാരിൽ മൂന്ന് പേർ ജയ്‌പൂർ നിവാസികളാണ്.
എയർ ഷോയ്‌ക്കിടെ, വിമാനങ്ങൾ ത്രിവർണ്ണ പതാകയുടെ രൂപമൊരുക്കിയപ്പോൾ കരഘോഷം മുഴങ്ങി. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു അഭ്യാസം. വ്യോമ പ്രദർശനത്തിനിടെ പട്ടം പറത്തുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. എയർ ഷോ കാണാൻ ജൽ മഹൽ പ്രദേശത്ത് ധാരാളം ആളുകൾ തടിച്ചുകൂടിയിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ വ്യോമ പ്രദർശനം ഒരു മണിക്കൂറോളം കാണികളെ ആവേശഭരിതരാക്കി. ഉടനീളം ആളുകൾ കൈയ്യടിക്കുകയും മൊബൈൽ ഫോണുകളിൽ ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. ഞായറാഴ്ച (ഫെബ്രുവരി 22) ജയ്‌പൂരിലെ ജൽ മഹലിൽ എയർ ഷോ വീണ്ടും നടക്കും. രാജസ്ഥാൻ സർക്കാരിനെ പ്രതിനിധീകരിച്ച് കാബിനറ്റ് മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡും എയർ ഷോയിൽ പ്രത്യേകമായി പങ്കെടുത്തു.
















