കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. റോയിയുടെ മരണത്തിന് പിന്നില്‍ ആദായനികുതി വകുപ്പിന്റെ പീഡനമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട്. റോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്ന്, കേരള പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊച്ചിയിലെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി.
ബിസിനസ് രംഗത്തെ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് റോയിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.കഴിഞ്ഞ 15 വര്‍ഷമായി ബംഗളൂരുവിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലെ റോയല്‍ സ്യൂട്ടിലായിരുന്നു താമസം.സ്വന്തം വീട്ടിൽ താമസിക്കാതെ ഇവിടെ താമസിച്ചതും ഒരു ബ്രാൻഡിംഗ് തന്ത്രമാണെന്നാണ് വിലയിരുത്തൽ.
താന്‍ സാമ്പത്തികമായി അതിശക്തനാണെന്ന് ലോകത്തെയും നിക്ഷേപകരെയും ബോധ്യപ്പെടുത്താന്‍ റോയ് ഈ അതിരുകടന്ന ആഡംബരങ്ങളെ ഉപയോഗിച്ചു. അതേസമയം, സി.ജെ. റോയിയുടെ വിയോഗം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും ഇത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
















