Press Note
തിരൂർ: പാരമ്പര്യ കലയായ അയ്യപ്പൻ തിയ്യാട്ടിൽ ദുർലഭം കാണുന്ന മൂന്നുരൂപക്കളത്തിനായി ഒരുങ്ങുന്നു ചമ്രവട്ടം പുഴവക്കത്തെ ക്ഷേത്രം. ഗൃഹസ്ഥനായ ശാസ്താവ് മുഖ്യപ്രതിഷ്ഠയായുള്ള അമ്പലത്തിലെ പാട്ടുത്സവത്തിന് ഫെബ്രുവരി 11ന് എഴുതുന്ന കളത്തിൽ അയ്യപ്പൻ, ഇടത്ത് പത്നി പ്രഭ, വലത്ത് മകൻ സത്യകൻ എന്നിവരെയായിരിക്കും അഞ്ചംഗസംഘം വരയ്‌ക്കുക. പേരെടുത്ത അയ്യപ്പക്ഷേത്രത്തിൽ ശതകങ്ങളോളം നടത്തിവരുന്ന തിയ്യാട്ടനുഷ്ഠാനത്തിൽ ആറു പതിറ്റാണ്ടത്തെ ഇടവേളയ്‌ക്കുശേഷമാണ് മൂന്നുരൂപക്കളം.
അറുപതുകൊല്ലംമുമ്പ് നിലച്ചുപോയ തിയ്യാട്ട് കഴിഞ്ഞവർഷം (2025 ജനുവരി 25) ചമ്രവട്ടത്തുകാവിൽ തിരികെവന്നെങ്കിലും പുലിവാഹനക്കളമായിരുന്നു. മലമക്കാവ് തിയ്യാടി രാജൻ നമ്പ്യാർ ഇക്കുറിയും നയിക്കുന്ന തിയ്യാട്ടിൻറെ പഞ്ചവർണക്കളം സന്ധ്യയോടെ തീർക്കാൻ എട്ടു മണിക്കൂറെടുക്കും.
ചിത്രംവര കൂടാതെ തിയ്യാട്ടിൽ ഗീതം, വാദ്യം, നൃത്തം, അഭിനയം എന്നിങ്ങനെ അഞ്ചുകലകളുടെ മേളനമുണ്ട്. അടിസ്ഥാനത്തിൽ നാല് ഇനങ്ങളാണ്: കളമെഴുത്ത്, കൊട്ടുംപാട്ടും, കഥയാട്ടം (കൂത്ത്), കോമരം. എല്ലാറ്റിൻറെയും പ്രയോക്താക്കൾ തിയ്യാടി നമ്പ്യാർ എന്ന മദ്ധ്യകേരള അമ്പലവാസി സമുദായക്കാരാണ്. മേളവിഭാഗം തൃപ്രങ്ങോട്ട് പരമേശ്വരമാരാർ നയിക്കും.
കളത്തിൽ വെള്ളനിറത്തിന് അരിപ്പൊടി. മഞ്ഞ (മഞ്ഞൾപ്പൊടി), പച്ച (വാകയില ഉണക്കിപ്പൊടിച്ചത്), കറുപ്പ് (ഉമിക്കരിപ്പൊടി), ചുവപ്പ് (മഞ്ഞൾപ്പൊടിയിലേക്ക് ചുണ്ണാമ്പ് തിരുമ്മിയത്) എന്നിവയാണ് ബാക്കി വർണങ്ങൾ. മുണ്ടായ പരമേശ്വരൻ, മുളംകുന്നത്തുകാവ് നീലകണ്ഠൻ, പെരുമ്പിലാവ് ശ്രീവൽസൻ, മുണ്ടായ സിദ്ധാർഥ് എന്നിവരാണ് മറ്റു നമ്പ്യാന്മാർ.
തിയ്യാട്ടിൽ ചൊല്ലിവരുന്ന 108 കാവുകളിൽ പ്രഭാസത്യകന്മാർക്കൊപ്പം മലനാട്ടിലെത്തിയ അയ്യപ്പൻറെ പ്രതിഷ്‌ഠ ചമ്രവട്ടത്താണ്. ദേവേന്ദ്രനെ വേദപരീക്ഷയിൽ തോൽപ്പിച്ചു സർവജ്ഞപീഠമേറി പതിനാറുകാരൻ അയ്യപ്പൻ. ഈ പട്ടം നേടാൻ ലോകത്തെ എല്ലാതരം സുഖദുഃഖങ്ങളും അറിയണമെന്നുവരുമ്പോൾ സ്വർഗാധിപനുമായുള്ള അഭിമുഖത്തിനിടെ സമയംചോദിച്ച് വിവാഹവും കുടുംബവും കൂടി അനുഭവിച്ചറിയുകയാണ് കുമാരൻ. ആ ഘട്ടത്തിലാണ് അയ്യപ്പൻ ഭർത്താവും അച്ഛനും ആവുന്നതെന്നാണ് പുരാണം.
ക്ഷേത്രം 2013ൽ തീപ്പിടിക്കാനിടവന്നതിന് ഒരു വ്യാഴവട്ടം ശേഷമായിരുന്നു നടയ്‌ക്കൽ അയ്യപ്പൻ തിയ്യാട്ടിൻറെ തിരിച്ചുവരവ്.
മോഹിനീരൂപത്തിലുള്ള മഹാവിഷ്ണു അമ്മയും പരമശിവൻ അച്ഛനും ആയുള്ള ആയുള്ള അയ്യപ്പനെ കീർത്തിച്ച് കൊട്ടിപ്പാടുകയും ഉത്പത്തിക്കഥ മുദ്രച്ചുവടുകളോടെ ആടുകയും ഒടുവിൽ നൃത്തങ്ങളോടെ താളാത്മകപ്രദക്ഷിണങ്ങൾവച്ച് കളത്തിൽച്ചാടി കുരുത്തോല വെട്ടിവീഴ്‌ത്തി തിരുമുഖം മായ്‌ക്കുകയും ചെയ്യുന്നു. കല്പന കൈക്കൊണ്ട് തിരുമുഖത്തെ കളപ്പൊടി പ്രസാദമായി വാങ്ങുന്ന ഭക്തജനം പിരിയുംമുമ്പ് ശംഖനാദത്തോടെ മണിപ്പന്തലിലെ കൂറത്തുണി വലിയ്‌ക്കുന്നു.
*ENDS*
















