കൊച്ചി: സി ജെ റോയിയുടെ മരണം ഇതുവരെ ഞങ്ങൾക്ക് ഉൾക്കൊള്ളാനാകുന്നതല്ലെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്.ഇതിനിടെ അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ കാരണങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പരക്കുന്ന അഭ്യൂഹങ്ങൾ നിർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.ചെയർമാന്റെ മരണം സ്ഥാപനത്തിലെ ജോലികളെ ബാധിക്കില്ലെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടി എ ജോസഫ് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ ഓഫീസിൽ നടന്നത് ആദായ നികുതി വകുപ്പിന്റെ സാധാരണ പരിശോധന മാത്രമാണ്. ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ല. അവർ ശത്രുക്കളല്ല. വർഷങ്ങളുടെ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണ്.
ആദായ നികുതി വകുപ്പ് അധികൃതരുമായി ഗ്രൂപ്പ് സഹകരിച്ചിരുന്നു. അവരും നല്ല രീതിയിലാണ് സഹകരിച്ചത്. മോശമായ അനുഭവം ഉണ്ടായിട്ടില്ല. ചില യൂട്യൂബർമാർ ഗ്രൂപ്പിനെതിരെ മോശമായ പ്രചാരണം നടത്തുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.















