തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്തെ മഹാ മാഘമഹോത്സവം കഴിഞ്ഞ ദിവസം സമാപിച്ചു. അടുത്ത വര്‍ഷം മുതല്‍ 28 ദിവസം നീണ്ടുനില്‍ക്കുന്ന മാഘം ചെയ്യല്‍ മഹോത്സവമായി കൊണ്ടാടാനുള്ള ദൃഢനിശ്ചയത്തോടെയാണ് അമൃതസ്നാനവും ആരതിയും മഹാശുചിത്വ യജ്ഞവും നടത്തി ഭക്തര്‍ പിരിഞ്ഞത്. ജനുവരി 16-ന് പിതൃതര്‍പ്പണത്തിലൂടെയും പ്രായശ്ചിത്ത കര്‍മ്മങ്ങളിലൂടെയും ആരംഭിച്ച്, 19-ന് കേരള ഗവര്‍ണര്‍ ധര്‍മ്മധ്വജമുയര്‍ത്തിയ മാഘ മഹോത്സവം സംഘാടകരുടെയും വിമര്‍ശകരുടെയും സങ്കല്പങ്ങളെപ്പോലും മറികടന്നാണ് ശുഭപര്യവസാനിയായത്. സങ്കല്പത്തിലെ ശുദ്ധിയും കര്‍മ്മത്തിലെ നിഷ്ഠയും അതിനെ കോര്‍ത്തിണക്കുന്ന സത്യജ്ഞാനവുമാണ് ഈ വിജയത്തിന്റെ രഹസ്യം എന്ന് നിസംശയം പറയാം.
വിമര്‍ശകര്‍ വിസ്മയിക്കുന്നു
പരമാവധി പോയാല്‍ ഇതൊരു ‘കാര്‍ണിവല്‍’ മാത്രമായിരിക്കുമെന്നായിരുന്നു വിമര്‍ശകരുടെ വിശ്വാസം. യന്ത്ര ഊഞ്ഞാലും, മരണക്കിണറും, ചൂതാട്ടവും, കുലുക്കി സര്‍ബത്തും, വെടിക്കെട്ടും ഒക്കെയുള്ള കേവലമൊരു വിനോദമേള. താത്കാലിക പാലങ്ങളും അസൗകര്യങ്ങളും വലിയ അപകടങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുമെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച് മേള നടത്തി പരാജയപ്പെട്ട്, കേരളം വിട്ട് ഉത്തരഭാരതത്തില്‍ അഭയം പ്രാപിക്കേണ്ടി വരും സംഘാടകര്‍ക്ക് എന്ന് മനക്കോട്ട കെട്ടിയവരും ഉണ്ടായിരുന്നു. പുഴ മലിനമാകുമെന്നും അവര്‍ പ്രചരിപ്പിച്ചു.
എന്നാല്‍ അവിടെയാണ് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ഭൗതികമായ ആര്‍ഭാട കാഴ്ചകളൊന്നുമില്ലാത്ത നിളയുടെ തീരത്തേക്ക് നിരനിരയായി എത്തിയത്. ഭക്തി മാത്രമായിരുന്നു അവരുടെ ഉള്ളില്‍. പൈതൃകത്തിലുള്ള അഭിമാനമായിരുന്നു അവരുടെ ചേതന. സംഘാടകരിലുള്ള വിശ്വാസമായിരുന്നു അവരുടെ സമാധാനം. ആത്മവിസ്മൃതിയിലാണ്ട ഒരു ജനതയുടെ സ്വത്വബോധത്തെ ആത്മഗൗരവത്തോടെ വീണ്ടെടുത്ത് പൂര്‍വ്വപ്രൗഢിയില്‍ പുനഃസ്ഥാപിക്കാനുള്ള ഉല്‍ക്കടമായ അഭിനിവേശമാണ് അവിടെ ദൃശ്യമായത്.
പ്രകൃതിയും ഈശ്വരനും
ഈശ്വരനും മനുഷ്യനും തമ്മിലുള്ള ഏകാത്മ ഭാവത്തിന്റെ ഉദാത്തമായ ഭാവമാണ് പ്രകൃതിയെ അമ്മയായി കാണുന്ന തിരിച്ചറിവ്. ആരാധനയുടെ അത്യുന്നത തലമാണ് പ്രകൃതിയെ അമ്മയായി ആരാധിക്കുന്നത്. ‘ഭാരതം’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അതാണ്.
‘ഭാ’ ഇതി സര്‍വ്വേഷു വേദേഷു – എല്ലാ ജ്ഞാനസ്രോതസ്സുകളിലെയും അറിവിന്റെ ശോഭ.
‘ര’ ഇതി സര്‍വ്വേഷു ജന്തുഷു – എല്ലാ ജന്തുജാലങ്ങളിലും സ്‌നേഹവായ്‌പോടെ അഭിരമിക്കുന്നത്.
‘തരണം’ സര്‍വ്വ തീര്‍ത്ഥാനാം – എല്ലാ തീര്‍ത്ഥങ്ങളിലും തരളിതമാകുന്നത്.
സര്‍വ്വ തീര്‍ത്ഥങ്ങളും സാന്നിധ്യം അറിയിക്കുന്ന ഇടമാണ് ഭാരത തീര്‍ത്ഥം അഥവാ ഭാരതപ്പുഴ. അവിടെയുള്ള അമൃതസ്നാനവും ആരതിയും ആത്മസമര്‍പ്പണവും നല്‍കുന്ന ആനന്ദലബ്ധിക്ക് മറ്റെന്ത് വേണം?
നാല് പതിറ്റാണ്ടിന്റെ പ്രയത്‌നഫലം
ഭാരതപ്പുഴയുടെ തീരത്ത് ഭാരതീയ സംസ്‌കാരത്തിന്റെ പുനര്‍ജാഗരണ മേളകള്‍ നടത്തണമെന്ന ചിന്തയ്‌ക്ക് നാല് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല യോഗിവര്യന്മാരുടെയും തപസ്സും ആഗ്രഹങ്ങളും പരമേശ്വര്‍ജിയിലൂടെ മൂര്‍ത്തരൂപം കൈവരിക്കാന്‍ തുടങ്ങിയത് 1990-കളിലാണ്. യുവാക്കളെയും ശാസ്ത്രജ്ഞന്മാരെയും സാഹിത്യകാരന്മാരെയും പരിസ്ഥിതി സ്‌നേഹികളെയും എല്ലാം അദ്ദേഹം കോര്‍ത്തിണക്കി. 1996-ല്‍ നടന്ന നിളായാത്രയും നിളാ വിചാരസത്രവും ഇതിന്റെ ശുഭാരംഭമായിരുന്നു. സുഗതകുമാരി ടീച്ചര്‍, മഞ്ചേരി എസ്. പ്രഭാകരന്‍ നായര്‍, പൂമുള്ളി തമ്പുരാന്‍ തുടങ്ങിയ കര്‍മ്മയോഗികളും അക്കാദമിക് രംഗത്തെ പ്രമുഖരും ഇതില്‍ പങ്കുചേര്‍ന്നു.
ദക്ഷിണ കേരളത്തില്‍ പമ്പാനദിക്കരയില്‍ നടക്കുന്നതു പോലുള്ള ഹിന്ദു മഹാസമ്മേളനം നടക്കണം. നിളയോടുള്ള ഭക്തിയെ തൊട്ടുണര്‍ത്തണം. നിളയുടെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ വീണ്ടെടുപ്പിന് ജനതയെ സജ്ജമാക്കണം. കലയും സാഹിത്യവും സംഗീതവും കൃഷിയും വ്യവസായവും വാണിജ്യവും വിദ്യാഭ്യാസവും സാമൂഹ്യ സമരസതയും സനാതനധര്‍മ്മത്തിന്റെ ആധുനികമായിട്ടുള്ള പ്രഖ്യാപനങ്ങളും അവിടെ നടക്കണമെന്ന് പരമേശ്വര്‍ജി വിഭാവനം ചെയ്തു. രണ്ടായിരത്തില്‍ തന്നെ തിരുനാവായ്‌ക്ക് സമീപമുള്ള പ്രമുഖരുടെ നേതൃത്വത്തില്‍ തിരുനാവായ ഹിന്ദു സമ്മേളനം ആരംഭിച്ചു. സ്വര്‍ഗീയനായ അഡ്വക്കേറ്റ് കെ.കെ. രാധാകൃഷ്ണന്‍, നീലകണ്‌ഠേട്ടന്‍, മാറാക്കര കൃഷ്ണന്‍ മാഷ്, തിരൂര്‍ ദിനേശന്‍ തുടങ്ങി പലരും നേതൃത്വം നല്‍കി. നര്‍മ്മദയെ പുനഃ സൃഷ്ടിച്ച അനില്‍ മാധവദവയുടെ മാര്‍ഗ്ഗദര്‍ശനത്തോടെ നിളാവിചാരവേദിയുടെ ആഭിമുഖ്യത്തില്‍ നിളാപരിക്രമണങ്ങളും നിള ആരതിയും ഈ കാലഘട്ടത്തില്‍ തന്നെ ചെറുതുരുത്തി കേന്ദ്രീകരിച്ച് ആരംഭിച്ചു.
2016-ല്‍ ഉജ്ജയിനിയില്‍ സിംഹസ്ഥ കുംഭമേള നടക്കുന്ന അതേ അവസരത്തില്‍ തിരുനാവായയിലും മാഘ ഉത്സവത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ വര്‍ഷം പ്രയാഗ്രാജില്‍ നടന്ന കുംഭമേളയാണ് മാഘത്തിന്റെ മാനം മാറ്റിയത്. 2028-ല്‍ ‘മഹാമാഘ മഹോത്സവം’ നടത്തണമെന്നായിരുന്നു ലക്ഷ്യം.
അതിന് മുന്നോടിയായി ഈ വര്‍ഷത്തെ മാഘ ഉത്സവം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ വിപുലമായി നടത്തണമെന്ന ചിന്ത മാത്രമേ സംഘാടകരില്‍ തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളു. പ്രതിസന്ധികളില്‍ പോരാടി ഉത്തര ഭാരതത്തില്‍ ഹിന്ദു സമാജത്തിന്റെ ആത്മവിശ്വാസം കെടാതെ സൂക്ഷിച്ച അഖാഡ പാരമ്പര്യത്തിന്റെ ഭാഗമായി ആനന്ദവനം ഭാരതി സ്വാമികളെ കേരളം കേന്ദ്രീകരിച്ച് ദക്ഷിണ ഭാരതത്തിന്റെ ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മഹാമണ്ഡലേശ്വരനായി അവരോധിച്ച, ജുന അഖാഡയുടെ പരമാചാരനും ഹിന്ദു ധര്‍മാചാര്യ സഭയുടെ അധ്യക്ഷനുമായ അവധേശാനന്ദഗിരി മഹാരാജിന്റെ ദീര്‍ഘവീക്ഷണവും, സ്വാമിജിയുടെ ഗുരുനിഷ്ഠയും ഒരു ദിവ്യ രചനയുടെ പ്രത്യക്ഷ അനുഭവമായി നമുക്ക് കാണാന്‍ സാധിക്കും. മാഘ മഹോത്സവത്തിന്റെ സഭാപതിയായി അവരോധിക്കപ്പെട്ട ആനന്ദവനം സ്വാമിയുടെ നേതൃത്വം, സമാജത്തില്‍ ആവേശത്തിര സൃഷ്ടിച്ചു. സ്വാമികളുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ”മൂന്നുവര്‍ഷം കഴിയുമ്പോള്‍ ഉജ്ജയിനിലെ സിംഹസ്ഥ കുംഭയുടെ അതേസമയത്ത് അതേ സമയരേഖയില്‍ വരുന്ന തിരുനാവായ എന്ന പുണ്യ തീര്‍ത്ഥത്തില്‍ പ്രയാഗ് രാജിലെ കുംഭമേളയ്‌ക്ക് സമാനമായി മഹാമാഘ മഹോത്സവം നടത്താനാണ് ചിന്തിച്ചത്. എന്നാല്‍, പ്രകൃതിയും പരമ്പരയും കാലവും ഈ വര്‍ഷം തന്നെ മഹോത്സവത്തെ മഹാമാഘ മഹോത്സവം ആയി പരിണമിപ്പിച്ചു. ഒരു പരമ്പരയുടെ തപസ്, ആധ്യാത്മിക സാമൂഹിക പ്രസ്ഥാനങ്ങളുടെ നിരന്തരമായ പ്രവര്‍ത്തനം, ത്രിമൂര്‍ത്തികളുടെയും സപ്ത സിന്ധുക്കളുടെയും അനുഗ്രഹാശിസ്സുകള്‍, ഹൈന്ദവ സമാജത്തില്‍ പരിവര്‍ത്തനത്തിനായുള്ള ‘അടങ്ങാത്ത ആഗ്രഹം, എല്ലാം കൂടി മൂന്ന് വര്‍ഷത്തെ യോജനയെ മൂന്ന് ദിവസം കൊണ്ട് ലക്ഷ്യപ്രാപ്തിയില്‍ എത്തിച്ച്, പ്രകൃതി ഇതിനെ മഹാമാഘമാക്കി മാറ്റി.”
മാമാങ്കം: ആഖ്യാനങ്ങള്‍ തിരുത്തപ്പെട്ടു
മാമാങ്കത്തിന്റെ പേരില്‍ പ്രചരിച്ചിരുന്ന നിണച്ചാറിന്റെയും അധികാര ഗര്‍വ്വിന്റെയും ജാതി വിവേചനത്തിന്റെയും ആഖ്യാനങ്ങള്‍ ഈ മാഘമഹോത്സവത്തോടെ തിരുത്തപ്പെട്ടു. സംന്യാസി മഠങ്ങള്‍, ആധ്യാത്മിക പ്രസ്ഥാനങ്ങള്‍, സാമൂതിരി മുതല്‍ കാണിമൂപ്പന്‍ വരെയുള്ള വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങള്‍ ഇവിടെ ഒന്നിച്ചു. ഇതൊരു കച്ചവടമേളയല്ല, മറിച്ച് ത്യാഗത്തിന്റെയും സേവനത്തിന്റെയും സമാഗമമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു.
മാമാങ്കം എന്ന ചരിത്രസംഭവത്തെക്കുറിച്ചുള്ള നിലവിലുണ്ടായിരുന്ന ആഖ്യാനങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ഇത്തവണത്തെ മാഘമഹോത്സവം നടന്നത്. സംഘര്‍ഷത്തിന്റെയും, അധികാര ഗര്‍വ്വിന്റെയും, ജാതി വിവേചനത്തിന്റെയും, കച്ചവടത്തിന്റെയും കറപുരണ്ട വ്യാഖ്യാനങ്ങള്‍ മായുകയും, പകരം സേവനത്തിന്റെയും ആത്മീയതയുടെയും പുതിയൊരു വെളിച്ചം അവിടെ തെളിയുകയും ചെയ്തു. വരുംകാലത്തെ സത്യാന്വേഷികളായ ഗവേഷകര്‍ക്ക് ഈ മാഘമഹോത്സവം പുതിയൊരു വഴികാട്ടിയായി മാറും എന്നതില്‍ തര്‍ക്കമില്ല.
സമുദായങ്ങളുടെയും ആചാര്യന്മാരുടെയും സംഗമം
കേരളത്തിലെ വിവിധ സംന്യാസി മഠങ്ങളും, ആധ്യാത്മിക പ്രസ്ഥാനങ്ങളും, വ്യത്യസ്ത ആരാധനാ സമ്പ്രദായങ്ങളും ഇവിടെ ഒന്നിച്ചുചേര്‍ന്നു. പഴയകാല നാട്ടുരാജ്യങ്ങളുടെ പ്രതിനിധികള്‍ സാധാരണ പ്രവര്‍ത്തകരെപ്പോലെ കൈകോര്‍ത്ത കാഴ്ച വിസ്മയകരമായിരുന്നു. കാണിമൂപ്പന്‍ മുതല്‍ സൂര്യകാലടി നമ്പൂതിരിമാര്‍ വരെ ഭേദഭാവങ്ങളില്ലാതെ യജ്ഞങ്ങളിലും പരിഹാരകര്‍മ്മങ്ങളിലും അമൃതസ്നാനത്തിലും പങ്കാളികളായി.
കച്ചവടമല്ല, സേവനം മുഖ്യം
മാഘമഹോത്സവം ഒരു കച്ചവടമേളയല്ല, മറിച്ച് ത്യാഗത്തിന്റെയും സേവനത്തിന്റെയും സമാഗമമാണെന്ന് ലോകത്തിന് മുന്‍പില്‍ പ്രഖ്യാപിക്കപ്പെട്ടു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്തര്‍ക്ക് അന്നവും വെള്ളവും എത്തിക്കാന്‍ അഹോരാത്രം പരിശ്രമിച്ചു. സേവനം തന്നെ ഭക്തിയായി മാറിയ കാഴ്ചയായിരുന്നു അവിടെ ദൃശ്യമായത്.
സാംസ്‌കാരികവും അക്കാദമികവുമായ ഔന്നത്യം
നിളയുടെ തീരത്തെ ഓരോ മണല്‍ത്തരിയെയും ചൈതന്യവത്താക്കുന്ന രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്:
വിദ്വത്സഭകള്‍: പ്രമുഖ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും ഗവേഷകരും പങ്കെടുത്ത വിജ്ഞാന സദസ്സുകള്‍.
കലകള്‍: സോപാന സംഗീതം, അഷ്ടപതി, കളരിപ്പയറ്റ്, വാദ്യമേളങ്ങള്‍.
ആത്മീയത: നിള ആരതി, യതി പൂജ, നാമജപം.
ഈ മാഘ മഹോത്സവം ദക്ഷിണ ഭാരതത്തിന് ഒരു കുംഭമേളയെ സംഭാവന ചെയ്തു. അനുഭവങ്ങളില്‍ നിന്ന് ലഭിച്ച വിശേഷണമാണ് ‘കേരള കുംഭമേള’. ഭാരത ചരിത്രത്തില്‍ ഇനി കുംഭമേളകള്‍ അഞ്ചായിരിക്കും. തിരുനാവായയില്‍ മഹാമാഘത്തിന്റെ ധര്‍മ്മധ്വജം താഴുന്ന സമയത്ത് ഓരോ ധര്‍മ്മഭടന്റെയും മനസ്സിലെ ചിന്തയും അതുതന്നെയാകാം.
(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)
















