പത്തനംതിട്ട: കേരളത്തിന് എയിംസ് ലഭിക്കാന്‍ വൈകുന്നത് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ആവശ്യത്തിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകാത്തതുമൂലം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് കുറഞ്ഞത് 200 ഏക്കര്‍ സ്ഥലമെങ്കിലും എയിംസിന് ആവശ്യമാണ്. ഇത്തരത്തിലുള്ള നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിക്കണം. ഇതില്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലം കേന്ദ്രം തെരഞ്ഞെടുക്കും. ശുദ്ധജലം, വൈദ്യുതി ഇവ ലഭ്യമാകണം, ഫോര്‍ വേ കണക്ടിവിറ്റിയും വേണം. എന്നാല്‍ കേരളസര്‍ക്കാര്‍ ഈ മാനദണ്ഡങ്ങളൊക്കെ പാലിക്കുന്ന ഭൂമി ഇതുവരെ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിട്ടില്ല. കോഴിക്കോട് കിനാലൂരിലാണ് ഇടതുസര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. എന്നാല്‍ ഇതിന് 151 ഏക്കര്‍ മാത്രമാണ് വിസ്തീര്‍ണം. മറ്റൊരിടത്തും പദ്ധതി വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.
നിലവിലുള്ള നിയമം ലംഘിച്ച് ഒരു കാരണവശാലും പദ്ധതി അനുവദിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനുശേഷം പോലും സൗകര്യപ്രദമായ സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് എയിംസിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുക എന്ന രാഷ്‌ട്രീയലക്ഷ്യത്തോടെ ആണെന്ന് വ്യക്തം.
കൊച്ചിന്‍ റിഫൈനറിയുടെ വികസന ഉദ്ഘാടനത്തിന് 2021 ഫെബ്രു. 16 ന് അമ്പലമേട്ടില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കേരളത്തിന് എയിംസ് അനുവദിക്കാന്‍ തയാറാണെന്ന് ആദ്യം പറഞ്ഞത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഒത്തിണങ്ങിയ വെള്ളൂരിലെ കേരളാ പേപ്പര്‍ പ്രോഡക്റ്റ് ലിമിറ്റഡിന് 700 ഏക്കര്‍ സ്ഥലം കാടുകയറി കിടന്നിട്ടും അവിടം പദ്ധതിക്കായി പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണ്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ തുടങ്ങിയതാണ് എയിംസിനോടുള്ള ഈ അവഗണന.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തും എയിംസിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചിരുന്നില്ല. അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നാല് സ്ഥലങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കാട്ടാക്കട തുറന്ന ജയില്‍, കോട്ടയം മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന സ്ഥലം, കളമശേരി എച്ച്എംടിയുടെ സ്ഥലം, കിനാലൂര്‍ എന്നിവയായിരുന്നു അവ. കാടിനോടു ചേര്‍ന്ന ഗ്രാമപ്രദേശമെന്നത് കാട്ടാക്കടയില്‍ പദ്ധതി വരാന്‍ തടസമായി. കോട്ടയത്തും എറണാകുളത്തും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉള്ളതിനാല്‍ അവയും തഴയപ്പെട്ടു. ആവശ്യത്തിന് സ്ഥലം ഇല്ലാത്തത് കിനാലൂരിനും തടസമായി. ഈ കാര്യങ്ങള്‍ വ്യക്തമായി ബോധ്യമുള്ളപ്പോഴാണ് ഇടതു സര്‍ക്കാര്‍ വീണ്ടും വീണ്ടും കിനാലൂരിനെ മാത്രം പദ്ധതിക്കായി നിര്‍ദേശിക്കുന്നത്.
















