തിരുവനന്തപുരം: നഗരം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളായ തെരുവുനായ ശല്യവും കുടിവെള്ള ക്ഷാമവും പരിഹരിക്കാന്‍ നടപടി തുടങ്ങി. നഗരത്തിലെ കുടിവെള്ള പ്രശ്‌നം രൂക്ഷമായ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം ഇന്നു വൈകിട്ട് 3ന് വിളിക്കുമെന്ന് മേയര്‍ വി.വി രാജേഷ് അറിയിച്ചു.
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നു പിടികൂടിയ തെരുവു നായകളെ പൂവാറിലുള്ള സ്വകാര്യ ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചതായി മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം തെരുവു നായ്‌ക്കളെ ഷെല്‍ട്ടര്‍ ചെയ്യുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനാണെന്ന് മേയര്‍ പറഞ്ഞു. വരും ദിവസങ്ങളിലും തെരുവു നായ്‌ക്കളെ പിടികൂടി ഷെല്‍ട്ടറിലാക്കുന്ന നടപടി തുടരും. കാട്ടായിക്കോണത്തെ ഒരു വീട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന തെരുവു നായ്‌ക്കളെ ഇന്നു മുതല്‍ അവിടെ നിന്നു മാറ്റിത്തുടങ്ങുമെന്നും മേയര്‍ അറിയിച്ചു.
വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ പാസ്സാക്കിയ അജണ്ടകള്‍ കൗണ്‍സില്‍ പാസ്സാക്കി. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പാസാക്കിയ അജണ്ടകള്‍ ഡെപ്യൂട്ടി മേയര്‍ ജി.എസ് ആശാനാഥും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പാസ്സാക്കിയ അജണ്ടകള്‍ ചെയര്‍മാന്‍ കരമന അജിത്തും മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പാസ്സാക്കിയ അജണ്ടകള്‍ ചെയര്‍ പേഴ്‌സണ്‍ മഞ്ജു ജി.എസും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പാസ്സാക്കിയ അജണ്ടകള്‍ ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണനും അവതരിപ്പിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനും കണ്ണമ്മൂല വാര്‍ഡ് കൗണ്‍സിലറുമായ പാറ്റൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച, നഗരസഭാ പരിധിയിലെ പൊതുനിരത്തുകളില്‍ അപകടകരമായ രീതിയില്‍ താഴ്ന്നു തൂങ്ങിക്കിടക്കുന്നതും ഉപയോഗശൂന്യവുമായ കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതും ക്രമീകരിക്കുന്നതും സംബന്ധിച്ചുള്ള പ്രത്യേക വാക്കാല്‍ പ്രമേയം കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കി.
മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അവതരിപ്പിച്ച അജണ്ടകളില്‍ ഓണ്‍ ഫണ്ടാണോ, പ്ലാന്‍ ഫണ്ടാണോ ചെലഴിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഇടത് കൗണ്‍സിലര്‍ രാഖി രവികുമാര്‍ അവശ്യപ്പെട്ടു. രാഖി രവികുമാറിന്റെ നിര്‍ദ്ദേശം നല്ലതാണെന്നും പക്ഷേ ഇക്കാര്യം ആറ് മാസം മുമ്പ് അവശ്യപ്പെടണമായിരുന്നുവെന്നും ഭരണപക്ഷ കൗണ്‍സിലര്‍ വി.ജി ഗിരികുമാര്‍ പറഞ്ഞു. കാരണം മുന്‍ ഭരണസമിതിയുടെ കാലത്തെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് ഈ അജണ്ടകള്‍ പാസ്സാക്കിയത്. പദ്ധതി അവതരിപ്പിച്ചത് പഴയ ഭരണസമിതിയും നടപ്പാക്കേണ്ടത് ഈ ഭരണ സമിതിയുമാണ്. നടപ്പാക്കേണ്ട ഘട്ടം വരുമ്പോള്‍ പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത് ശരിയല്ലെന്നും ഗിരികുമാര്‍ പറഞ്ഞു. വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി അശുപത്രിയുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് അനുവദിച്ച് തുക മാര്‍ച്ച് കഴിയുമ്പോള്‍ മാത്രമേ പഌന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. അതുവരെ കെട്ടിടം ചോര്‍ന്നൊലിക്കട്ടെ എന്നാണോ രാഖി രവികുമാര്‍ പറയുന്നതെന്നും ഗിരികുമാര്‍ ചോദിച്ചു.
കൗണ്‍സിലില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്നും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആരെയും അധിക്ഷേപിക്കാന്‍ പാടില്ലെന്നും, ഗിരികുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ വളര്‍ന്ന ആളാണെന്ന രാഖി രവികുമാറിന്റെ അഭിപ്രായത്തെ പരാമര്‍ശിച്ച് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ പാപ്പനംകോട് സജി പറഞ്ഞു.
ജനറല്‍ വാര്‍ഡില്‍ വനിതകള്‍ക്കും മത്സരിക്കാമെന്നുള്ളതു കൊണ്ടാണ് രാഖി രവികുമാറിന് തുടര്‍ച്ചയായി ഒരു വാര്‍ഡില്‍ മത്സരിക്കാന്‍ കഴിയുന്നതെന്നും ഞങ്ങള്‍ക്ക് ആത് സാധിക്കാത്തതുകൊണ്ടാണ് വാര്‍ഡ് മാറി മത്സരിക്കേണ്ടി വരുന്നതെന്നു മേയര്‍ വി.വി രാജേഷ് ഓര്‍മ്മിപ്പിച്ചു.
എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ എസ്.പി ദീപക്ക്, വഞ്ചിയൂര്‍ ബാബു, യുഡിഎഫ് കൗണ്‍സിലര്‍മാരായ കെ.എസ് ശബരീനാഥന്‍, കെ.ഹരികുമാര്‍, മേരിപുഷ്പം, വലിയതുറ ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
















