മാഡ്രിഡ്: സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ സ്‌പെയിനിലെ അദാമുസ് പട്ടണത്തിനടുത്താണ് അപകടം നടന്നത്.പ്രാദേശിക സമയം വൈകുന്നേരം 6.40 ഓടെയാണ് അപകടം ഉണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് യാത്രചെയ്യുകയായിരുന്ന അതിവേഗ ട്രെയിൻ നിയന്ത്രണം നഷ്ടപ്പെട്ടു പാളം തെറ്റി സമീപ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
അതേ സമയത്ത് എതിർദിശയിൽ മാഡ്രിഡിൽ നിന്ന് ഹുവെൽവയിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിൻ ഈ ട്രെയിനിലേക്കു ഇടിക്കുകയായിരുന്നു. കൂട്ടിയിടിയോടെ രണ്ട് ട്രെയിനുകളും പാളം തെറ്റി, വൻ ദുരന്തമായി സംഭവം മാറി. മലാഗയിൽ നിന്ന് പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട ട്രെയിനിൽ ഏകദേശം 300 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് ട്രെയിൻ സർവീസ് നടത്തുന്ന സ്വകാര്യ കമ്പനിയായ ഇറിയോ അറിയിച്ചു. സംഭവത്തിൽ 73 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ബോഗികൾ തകർന്നതിനെ തുടർന്ന് നിരവധി യാത്രക്കാർ അകത്ത് കുടുങ്ങിയ നിലയിലായിരുന്നു.
















