തിരുവനന്തപുരം: കേരളത്തിൽ ബിജെപിയും ഇടതുപക്ഷവും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങൾ വിചിത്രമായി തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഷ്‌ട്രീയ ഇരട്ടകളും ഇന്ത്യ സഖ്യ പങ്കാളികളുമായ സിപിഎമ്മും കോൺഗ്രസും സംസ്ഥാനത്തും ഒരുമിച്ച് കൈകോർത്ത് തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. ശബരിമലയിലെ സ്വർണ്ണക്കൊള്ള തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ദേവസ്വം ബോർഡ് ശബരിമലയിലെ കൊള്ളയ്‌ക്ക് കൂട്ടുനിന്നപ്പോൾ കോൺഗ്രസ് മൗനം പാലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആചാരലംഘനത്തിന് വഴിയൊരുക്കിയപ്പോഴാകട്ടെ കോൺഗ്രസ് സൗകര്യപൂർവ്വം കണ്ണടച്ചു. ഇരു കൂട്ടർക്കും ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് മലയാളികൾ ഇവരെ സിപിഎം-കോൺഗ്രസ് കുറുവസംഘം എന്ന് വിളിക്കുന്നത്.
ശബരിമലയെയും അയ്യപ്പഭക്തരെയും ഹിന്ദു വിശ്വാസികളെയും ലക്ഷ്യം വയ്‌ക്കുന്ന ഈ അവിശുദ്ധ സഖ്യത്തിനെതിരെ 2019 മുതൽ ഇന്നുവരെ, വിട്ടുവീഴ്ചയില്ലാതെ പോരാടിയത് ബിജെപി/എൻഡിഎ പ്രവർത്തകർ മാത്രമായിരുന്നു. ബിജെപിയുടെ നിരന്തരമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നെങ്കിൽ, ഈ കുറ്റകൃത്യം വെറുമൊരു സാധാരണ വീഴ്ച മാത്രമായി കുഴിച്ചുമൂടപ്പെടുമായിരുന്നു. സത്യവും ആചാരലംഘനത്തിന്റെ വ്യാപ്തിയും ഒരിക്കലും പുറത്തുവരുമായിരുന്നില്ല.
ഒരു കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഈ വഞ്ചന ഒരിക്കലും മറക്കില്ല. ഒരിക്കലും പൊറുക്കുകയുമില്ല. ഇതിന് ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ശിക്ഷിക്കുകയും ചെയ്യും. അയ്യപ്പഭക്തരോടും മലയാളികളോടുമുള്ള ബിജെപി/എൻഡിഎയുടെ ഉറപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
















