ന്യൂദൽഹി: 2020ൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ വൻ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന(സിപിസി)യുടെ മന്ത്രി സൺ ഹയാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ബിജെപി ആസ്ഥാനത്തെത്തി ചർച്ചകൾ നടത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചർച്ച. ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്‌ഹോംഗും യോഗത്തിലുണ്ടായിരുന്നു.
സന്ദർശന വിവരം വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിജയ് ചൗതൈവാലെയാണ് എക്സിലൂടെ അറിയിച്ചത്. ബിജെപിയും സിപിസിയും തമ്മിലുള്ള ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും സംഭാഷണങ്ങളും ആശയവിനിമയങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്‌തതായി ചൗതൈവാലെ കുറിച്ചു.
2020ൽ ഇന്ത്യ – ചൈന ബന്ധത്തെ സാരമായി ബാധിച്ച ഗാൽവാൻ സംഘർഷത്തിന് ശേഷം ഇപ്പോഴാണ് വീണ്ടും ചൈനീസ് സംഘം ഇന്ത്യയിലെത്തുന്നത്. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അഞ്ച് വർഷത്തിനിടെ ആദ്യമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു. കിഴക്കൻ ലഡാക്ക് സെക്ടറിലെ ബന്ധം വേർപെടുത്തൽ ചർച്ചകൾക്കും നയതന്ത്ര സംഭാഷണങ്ങൾ പുനരാരംഭിക്കുന്നതിനും ആ കൂടിക്കാഴ്ച വഴിയൊരുക്കി.
















