വാഷിംഗ്ടണ്‍: ഉക്രൈനെ മുഴുവന്‍ ഇരുട്ടിലാഴ്‌ത്തി ഒറെഷ്നിക് ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് റഷ്യയുടെ മാരക ആക്രമണം. ഉക്രൈന്റെ തലസ്ഥാനമായ കീവില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടിഞ്ഞാറന്‍ ഉക്രൈനില്‍ നടന്ന ആക്രമണത്തില്‍ നഗരം മുഴുവന്‍ ഇരുട്ടിലായി.
🇷🇺 Another angle on the #Russian #Oreshnik missile attack in the #Lvov region
Outages of gas reported in the region#Russia pic.twitter.com/QY1gCI8lQU
— Gabriele M. (@Gabriele_M24) January 8, 2026
കഴിഞ്ഞ ദിവസം ഡ്രോണുകള്‍ ഉപയോഗിച്ച് പുടിനെ വധിക്കാന്‍ ഉക്രൈന്‍ നടത്തിയ ശ്രമത്തിനുള്ള മറുപടിയാണ് ഇതെന്ന് റഷ്യയുടെ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇനി റഷ്യയെതൊട്ടാല്‍ ആണവാക്രമണം നടത്താനും മടിക്കില്ലെന്ന സൂചന തന്നെയാണ് പുടിന്‍ ഒറെഷ്നിക് ഉപയോഗത്തിലൂടെ നല്‍കുന്നത്. ഉക്രൈനിലെ ഡനിപ്രോയില്‍ 2024ല്‍ ഒറെഷ്നിക് മിസൈല്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ച ശേഷം ഇതിപ്പോള്‍ രണ്ടാമത്തെ തവണയാണ് പുടിന്‍ ഒറെഷ്നിക് ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. വ്യാഴാഴ്ച രാത്രിയിലെ ആക്രമണത്തില്‍ ഒറെഷ്നിക് ഹൈപ്പര്‍ സോണിക് മിസൈലില്‍ ആണവായുധം ഘടിപ്പിച്ചിരുന്നില്ലെങ്കിലും ഇനി ആണവായുധം ഘടിപ്പിക്കാന്‍ മടിക്കില്ലെന്നും റഷ്യ സൂചന നല‍്കുന്നു. വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ സമൂഹമാധ്യമങ്ങളില്‍ പടിഞ്ഞാറന്‍ ഉക്രൈനിലെ ലീവ് നഗരത്തില്‍ തുടര്‍ച്ചയായി ഒറെഷ്നിക് മിസൈല്‍ വന്ന് പതിക്കുമ്പോഴുള്ള സ്ഫോടനങ്ങളുടെ വീഡിയോ പങ്കുവെയ്‌ക്കപ്പെട്ടിരുന്നു.
ഒറെഷ്നിക് ഹൈപ്പര്‍ സോണിക് ഏറ്റവും അപകടകാരിയായ മിസൈലാണ്. ശബ്ദത്തേക്കാള്‍ പത്തോ, പതിനൊന്നോ മടങ്ങ് വേഗതയില്‍ കുതിക്കുമെന്നതിനാല്‍ ഇതിനെ തടയാന്‍ ഒരു വ്യോമപ്രതിരോധസംവിധാനത്തിനും കഴിയില്ലെന്നാണ് റഷ്യയുടെ അവകാശവാദം. ഒറെഷ്നിക് ആണവായുധം ഘടിപ്പിക്കാവുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ ആണെങ്കിലും വ്യാഴാഴ്ച രാത്രി വൈകി നടത്തിയ ആക്രമണത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ആറ് വലിയ തീഗോളങ്ങള്‍ ഉയരുന്നതു കണ്ടെന്നും അതിന് പിന്നാലെ നിരവധി സ്ഫോടനങ്ങള്‍ നടന്നുവെന്നും ദൃക്സാക്ഷികള്‍ വിവരിക്കുന്നു. അതിന് പിന്നാലെ പടിഞ്ഞാറന്‍ ഉക്രൈനിലെ നഗരങ്ങള്‍ ഇരുട്ടിലാഴ്ന്നു. ഇവിടുത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു.
എന്തായാലും രണ്ടും കല്‍പിച്ചുള്ള താക്കീതാണ് ഈ ആക്രമണത്തിലൂടെ റഷ്യ നല്‍കുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ കൊടിവെച്ച മറിനീറ എന്ന വെനസ്വേലയില്‍ നിന്നും പുറപ്പെട്ട കപ്പല്‍ അമേരിക്ക പിടിച്ചെടുത്തതിലും പുടിന്‍ കലിയിലാണ്.അന്താരാഷ്‌ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഈ നീക്കത്തിനെ പുടിന്‍ വിമര്‍ശിച്ചിരുന്നു. അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും ലക്ഷ്യം പുടിനെ തീര്‍ക്കലാണെന്നും പുടിന്‍ കണക്കുകൂട്ടുന്നു.
പുടിനെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെ ഒന്നൊന്നായി തീര്‍ക്കുകയാണ് അമേരിക്ക. സിറിയയെ വീഴ്‌ത്തി, ഇപ്പോഴിതാ വെനസ്വേലയില്‍ പുടിനെ പിന്തുണയ്‌ക്കുന്ന നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി കൊണ്ടുപോയി. അതിന് പിന്നാലെ പുടിന്റെ മറ്റൊരു കൂട്ടാളിയായ ഇറാനെയും അമേരിക്ക ആക്രമിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് പുറമെ സിറിയയില്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന ശക്തമായ വ്യോമാക്രമണം വെള്ളിയാഴ്ച നടത്തി. ഉക്രൈനെ പിന്തുണയ്‌ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ആണവാക്രമണം നടത്താന്‍ മടിക്കില്ലെന്ന് പുടിന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു.
അമേരിക്കയുടെ മുന്‍കയ്യില്‍ ഉക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കാനുള്ള സമാധാനചര്‍ച്ചകളിലും പുടിന് വിശ്വാസമില്ല.
















