ബാലരാമപുരം: മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ‘കളങ്കാവലി’ന് പേരു പിറന്നത് ബാലരാമപുരം തലയല്‍ മാളോട്ട് ഭദ്രകാളി ക്ഷേത്രത്തിലെ കളങ്കാവലില്‍ നിന്ന്. കഥ പിറന്നത് ബാലരാമപുരം സ്വദേശി ജിഷ്ണു ശ്രീകുമാറിന്റെ തൂലികയില്‍ നിന്നും.
ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന നേട്ടവുമായി കുതിപ്പ് തുടരുമ്പോള്‍ നാട്ടില്‍ ജിഷ്ണുവിന് അഭിനന്ദന പ്രവാഹമാണ്. ബാലരാമപുരം തോട്ടത്തില്‍ വീട്ടില്‍ റിട്ട.എസ്.ഐ ശ്രീകുമാരന്‍ നായരുടേയും ശ്രീജയയുടെയും മകനായ ജിഷ്ണു ബാല്യം തൊട്ടുതന്നെ ലേഖനവും കവിതയും കഥയും എഴുതുവാന്‍ ആരംഭിച്ചു. വായനയും വലിയ ഇഷ്ടമായിരുന്നു. എം.ടിയും ബഷീറും ഇഷ്ട എഴുത്തുകാര്‍. ബിടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ പഠനം കഴിഞ്ഞ് എല്‍ഐസിയില്‍ ഓഫീസറായി ഔദ്യോഗികജീവിതത്തിന് തുടക്കം. പിന്നീട് ദേശസാല്‍കൃത ബാങ്കിന്റെ മാനേജരായി. ബാങ്കിലെ ജോലി തിരക്കിനിടയിലാണ് എഴുത്തിനെയും കൂടെ കൂട്ടുന്നത്. മാനേജരാണെങ്കിലും ‘കലയാണ് സാറ്റിസ്ഫാഷന്‍’ എന്ന് ജിഷ്ണു.
ജിഷ്ണുവിന്റെ കഥ 2021ല്‍ പ്രിഥ്വിരാജ് സിനിമയാക്കാമെന്നു സമ്മതിച്ചു. തുടര്‍ന്ന് പ്രിഥ്വിയാണ് പ്രതിനായകനായ കഥാപാത്രത്തിനു മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത്. അതോടെ മമ്മൂട്ടിയോട് കഥ പറയാനുള്ള അവസരം ജിഷ്ണുവിനൊത്തു. കഥ മമ്മൂട്ടിക്കും ഇഷ്ടമായി, പിന്നെ അദ്ദേഹത്തിന്റെ ഡേറ്റിനായി നാലുകൊല്ലത്തെ കാത്തിരിപ്പ്. നാഗര്‍കോവിലിലും കൊച്ചിയിലുമായി 75 ദിവസം ഷൂട്ടിങ്ങിനൊപ്പം. മമ്മൂട്ടിക്ക് തനി തിരുവനന്തപുരം ഭാഷ പഠിപ്പിച്ചു. അതിനും പ്രശംസ നേടി. ഒടുവില്‍ സിനിമ വന്‍ഹിറ്റ്.
മാളോട്ട് ഭദ്രകാളി ക്ഷേത്രത്തില്‍ കുട്ടിക്കാലം തൊട്ട് കാണുന്ന കളങ്കാവല്‍ സിനിമയ്‌ക്ക് പേരാക്കി. സിനിമയിലെ നായകനായ വിനായകനെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി തന്നെയായിരുന്നു.
ഒരു കേരള – തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ കഥ പറയുന്ന സിനിമയ്‌ക്ക് ബാലരാമപുരവും ഗ്രാമീണതയും ഭാഷയും എല്ലാം തുണയായി. അമല്‍ നീരജ്, അന്‍വര്‍ റഷീദ്, മാര്‍ട്ടിന്‍ പ്രെക്കാര്‍ട്ട്, ഫഗദ് ഫാസില്‍ തുടങ്ങി സിനിമാലോകത്ത് നിന്നു പ്രമുഖര്‍ നേരിട്ടും ഫോണിലും പ്രശംസ അറിയിച്ചു. കഥാകാരനായ ബാങ്ക് മാനേജന്‍ നാട്ടിലും ഹിറ്റ്.
















