തിരുവനന്തപുരം: ജനാധിപത്യ കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം തുടങ്ങി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന കേസില്‍ മുന്‍മന്ത്രി ആന്റണി രാജു അയോഗ്യനായതോടെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ മത്സരിക്കാന്‍ നേതാക്കളില്ലാതായി. ആന്റണി രാജുവിനെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി മുന്നോട്ട് പോയിരുന്നത്. കൂടാതെ കോടതിവിധി മുന്നണിക്ക് കനത്ത ക്ഷീണം വരുത്തിവെച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം കോടതി വിധി വന്നപ്പോള്‍ ആന്റണി രാജുവിനെ സഹായിക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും ആരുമുണ്ടായിരുന്നില്ല. ഇതാണ് സിപിഎം തുറപ്പ് ചീട്ടാക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒഴിവാക്കി വലത് പക്ഷത്തെ പാര്‍ട്ടിയില്‍ നിന്ന് കക്ഷികളോ ജനപ്രിയരോ വരുമെങ്കില്‍ അവര്‍ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കാനോ സിപിഎം തന്നെ സീറ്റില്‍ മത്സരിക്കാനോ ആണ് നീക്കം നടത്തുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ പകുതി ഭാഗം തീരദേശവും കൂടാതെ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന് പ്രാതിനിധ്യം കുടുതലുള്ള മണ്ഡലമാണ്.
ആന്റണി രാജുവിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതു തന്നെ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാര്‍ ഇടപെട്ടതിലൂടെ. അതിനാല്‍ ഈ വിഭാഗത്തെ പിണക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫിന് അഞ്ച് മണ്ഡലങ്ങളിലെ വോട്ട് സാരമായി ബാധിക്കും. അതിനാല്‍ സിപിഎം സീറ്റ് ഏറ്റെടുത്താലും ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടി വരും.
2014ല്‍ യുഡിഎഫ് മുന്നണിയിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ളവര്‍ ചേര്‍ന്ന് രൂപം കൊടുത്തതാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. 2020ല്‍ ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് (എം.) ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു.
ആന്റണി രാജു, കെ.സി. ജോസഫും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ തുടര്‍ന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ഭാഗമായി ഇടുക്കി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മത്സരിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ശിവകുമാറിനെ പരാജയപ്പെടുത്തിയാണ് ആന്റണി രാജു മന്ത്രിക്കസേരയില്‍ എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സിപിഎം ജില്ലാ നേതൃത്വം ആന്റണി രാജുവിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലത്തിന്‍ കത്തോലിക്കാ വിഭാഗം ഒരു സീറ്റ് വേണമെന്ന് ആവശ്യം ഉന്നയിച്ചതോടെയാണ് ആന്റണി രാജുവിന് നറുക്ക് വീണത്.
















