നാലരപ്പതിറ്റാണ്ട് കാലത്തെ സിപിഎമ്മിന്റെ അധികാരക്കുത്തക അവസാനിപ്പിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണത്തില്‍ എത്തിയതിനെ അഭിനന്ദിച്ച് മേയര്‍ വി.വി. രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാ നാഥും ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തെഴുതിയത് ഒരു വഴിത്തിരിവിനെ കുറിക്കുന്നു. തിരുവനന്തപുരത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തിയ പ്രധാനമന്ത്രി വികസിത തിരുവനന്തപുരം കെട്ടിപ്പടുക്കാനുള്ള ബിജെപിയുടെ കാഴ്ചപ്പാടിന് ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നഗരവികസനത്തിനായുള്ള ശ്രമങ്ങളും മുന്‍നിര്‍ത്തിയാണ് തിരുവനന്തപുരത്തെ ജനങ്ങള്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയിരിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഒരു ചൂണ്ടുപലകയാണ്.
സിപിഎമ്മിന്റെ ഭരണം തിരുവനന്തപുരം കോര്‍പ്പറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരുന്നു. നഗരവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശതകോടികളുടെ ഫണ്ട് ദുരുപയോഗം ചെയ്യുകയാണുണ്ടായത്. ഇതിന്റെ തെളിവുകള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്തു വിട്ടിരുന്നു. വികസനത്തിനു വേണ്ടിയല്ല, ഇത്തരം അഴിമതികള്‍ തുടരാനാണ് സിപിഎം ജനവിധി തേടിയത്. എന്നാല്‍ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സിപിഎമ്മിനെ ഇരുത്തേണ്ടിടത്ത് ഇരുത്തി. നഗരസഭയുടെ മരാമത്ത് പണികളില്‍ നാല്പതു ശതമാനവും ഉദ്യോഗസ്ഥരും സിപിഎമ്മും ചേര്‍ന്ന് കൊള്ളയടിക്കുകയായിരുന്നു. ഇങ്ങനെയൊരു പകല്‍ക്കൊള്ളക്ക് കഴിയുന്ന വിധത്തില്‍ കോര്‍പ്പറേഷനില്‍ പാര്‍ട്ടിക്കാരെ ജീവനക്കാരായി കുത്തി നിറയ്‌ക്കുകയും ചെയ്തു.
തിരുവനന്തപുരം നഗരസഭയെ പാര്‍ട്ടി സങ്കേതമാക്കി മാറ്റുകയാണ് സിപിഎം ചെയ്തത്. വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമവും ഇക്കൂട്ടരുടെ പരിഗണനാ വിഷയം പോലും ആയിരുന്നില്ല. നഗരസഭാ ജീവനക്കാരില്‍ വലിയൊരു വിഭാഗം രാവിലെ ഓഫീസിലെത്തി ഒപ്പിട്ട ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോകുന്ന സ്ഥിതിയായിരുന്നു. മാലിന്യനിര്‍മാര്‍ജനവും നഗരശുചീകരണവും പേരിനു മാത്രമായി. കാലാകാലങ്ങളില്‍ നടക്കേണ്ട നഗരവികസനം മുടങ്ങി. നല്ലൊരു മഴപെയ്താല്‍ നഗരം വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിവന്നു. അധികാരത്തിന്റെ ഹുങ്കില്‍ ഇതൊന്നും കാണാനും കേള്‍ക്കാനും നഗരസഭ ഭരിച്ചവര്‍ തയ്യാറായില്ല.
അഴിമതി ലക്ഷ്യമാക്കി ഭരിച്ചതുകൊണ്ടാണ് നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് കഴിയാതെ പോയത്.
ജനങ്ങളുടെ ആവശ്യങ്ങളല്ല, പാര്‍ട്ടിയെ നയിക്കുന്നവരുടെയും അവരുടെ പാര്‍ശ്വവര്‍ത്തികളുടെയും താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടത്. ഇതിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുഡിഎഫ് ചെയ്തത്. ഇതിന് അന്ത്യം കുറിക്കുകയെന്ന ദൗത്യമാണ് തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ ബിജെപിയെ ഏല്‍പ്പിച്ചിരിക്കുന്നത്.
തീര്‍ച്ചയായും ഇതൊരു വലിയ ഉത്തരവാദിത്വമാണ്. അഴിമതി നടത്തിയവരെ കണ്ടെത്തി ശിക്ഷിക്കുന്നതോടൊപ്പം നഗരസഭയ്‌ക്ക് ഇതുവരെ അന്യമായിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുമുണ്ട്. നഗരവികസനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ശരിയായി വിനിയോഗിച്ചാല്‍ത്തന്നെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പക്ഷേ ബിജെപി നേതൃത്വം നല്‍കുന്ന ഭരണസമിതിയെ സ്വസ്ഥമായി ഭരിക്കാന്‍ സിപിഎം അനുവദിച്ചെന്നു വരില്ല. എല്ലാ കുതന്ത്രങ്ങളും അവര്‍ പ്രയോഗിക്കും. യഥാര്‍ത്ഥ വികസനം എന്താണെന്ന് തിരിച്ചറിഞ്ഞാല്‍ ജനങ്ങള്‍ തങ്ങളെ വീണ്ടും പാഠം പഠിപ്പിക്കുമെന്ന് അവര്‍ക്ക് അറിയാം. ഇത്തരം വെല്ലുവിളികളെ ഇച്ഛാശക്തിയോടെ നേരിട്ട് വിജയം വരിക്കാന്‍ പുതിയ ഭരണസമിതിക്ക് കഴിയണം. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പൂര്‍ണ പിന്തുണ ഇതിന് ഉണ്ടാവുകയും ചെയ്യും.
















