തിരുവനന്തപുരം : ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു.നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരതയും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുത്തു.
സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം, സമൃദ്ധി കാ മന്ത്ര- ആത്മ നിര്‍ഭര്‍ ഭാരത്’ എന്നിവയില്‍ ഏതെങ്കിലുമൊന്ന് പ്രമേയമാക്കി ഡിസൈന്‍ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിര്‍ഭര്‍ ഭാരത്’ എന്ന പ്രമേയത്തില്‍ സംസ്ഥാനം അവതരിപ്പിക്കുന്നത് ‘വാട്ടര്‍ മെട്രോയും 100% ഡിജിറ്റല്‍ സാക്ഷരതയും,ആത്മനിര്‍ഭര്‍ കേരള ഫോര്‍ ആത്മ നിര്‍ഭര്‍ ഭാരത്’എന്ന വിഷയമാണ് .
ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കിയ ആശയം പരിഗണിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷന്‍ ജോലികള്‍ നിര്‍വഹിക്കുന്നത് ജെ എസ് ചൗഹാന്‍ ആന്‍ഡ് അസോസിയേറ്റ്‌സിനായി റോയ് ജോസഫാണ്. ഈ വര്‍ഷം കര്‍ത്തവ്യപഥില്‍ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത് 17 സംസ്ഥാനങ്ങളാണ്.
കേരളത്തിന് പുറമേ അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്,മധ്യപ്രദേശ്,മഹാരാഷ്‌ട്ര, ഹിമാചല്‍ പ്രദേശ്,മണിപ്പൂര്‍, നാഗാലാന്‍ഡ്, ഒഡിഷ, പഞ്ചാബ്, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയും ജമ്മു- കാശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ഫ്‌ലോട്ടുകളുമായി കര്‍ത്തവ്യപഥില്‍ അണിനിരക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്‌ക്രീനിംഗിലാണ് കേരളം ടാബ്ലോ അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്
















