ശിവഗിരി: ഗുരുദേവ വിഗ്രഹം, ധര്‍മ്മപതാക, കൊടിക്കയര്‍, എന്നിവ ശിവഗിരിയിലെത്തി. നാടാകെ ഭക്തിയുണര്‍ത്തി ഗുരുദേവ സ്തുതികള്‍ ഉരുവിട്ട് വീഥികളെല്ലാം ശിവഗിരിയിലേക്ക് എന്ന പ്രതീതി ഉണര്‍ത്തി ശിവഗിരിക്കുന്നുകളെ ലക്ഷ്യമാക്കിവിവിധ കേന്ദ്രങ്ങളില്‍ നിന്നും തിരിച്ച് പദയാത്രകള്‍ ഇന്നു പുലര്‍ച്ചെ മുതല്‍ മഹാസമാധി സന്നിധിയില്‍ എത്തിച്ചേരും. പദയാത്രകളെയെല്ലാം സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായിശിവഗിരി മഠം പിആര്‍ഒ ഇ.എം. സോമനാഥന്‍ അറിയിച്ചു.
ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരുദേവന്‍ അനുമതി നല്‍കിയ കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും പ്രാര്‍ത്ഥനയെ തുടര്‍ന്നാണ് വടക്ക് കിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവയും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പദയാത്രയും ശിവഗിരിയെ ലക്ഷ്യമാക്കി നീങ്ങിയത്. കോട്ടയം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ധര്‍മ്മ പതാക നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയും കോഴിക്കോട്ടു ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നിന്നും തിരിച്ച ദിവ്യജ്യോതിസും, ചേര്‍ത്തല കളവംങ്കോടം ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട കൊടിക്കയര്‍ പദയാത്രയും ആദ്യ പദയാത്രികര്‍ തിരിച്ച പത്തനംതിട്ട ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിന്നും തിരിച്ച ഗുരുദേവ പഞ്ചലോഹ വിഗ്രഹവും നിരവധി കേന്ദ്രങ്ങളിലെ സ്വീകരണത്തെ തുടര്‍ന്ന് ഇന്നലെ സന്ധ്യയോടെ ശിവഗിരിയില്‍ എത്തിച്ചേര്‍ന്നു.
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, വയനാട്, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍, കോട്ടയം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുമുള്‍പ്പെടെയുള്ള പദയാത്രകളാണ് ഇന്ന് എത്തിച്ചേരുക. തീര്‍ത്ഥാടന ഘോഷയാത്രയുടെ മുന്നില്‍ പിടിക്കുന്ന ധര്‍മ്മപതാക സേവനം യുഎഇയും ഗുരുദേവ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ബഹറിന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയും, ഗുരുദേവ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന വസ്ത്രം ശ്രീലങ്കയില്‍ നിന്നും ആണ് എത്തിച്ചത്.
ശിവഗിരിയില്‍ തീര്‍ത്ഥാടകര്‍ക്ക് വഴിപാടുകള്‍ നിര്‍വഹിക്കുന്നതിന് വഴിപാട് കൗണ്ട് കുറ്റമറ്റ ക്രമീകരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഗുജറാത്ത്, ഡല്‍ഹി, മുംബൈ, ഹൈദ്രബാദ്, കര്‍ണ്ണാടക എന്നിവടങ്ങളില്‍ നിന്നും പദയാത്രകളുണ്ടായിരുന്നു. കോട്ടയം ഉള്‍പ്പെടെ മധ്യതിരുവിതാംകൂറില്‍ നിന്നുമായിരുന്നു ഏറെയും പദയാത്രകളെത്തിയത്.
ശിവഗിരിയില്‍ ഇന്ന്
ശിവഗിരി മഹാതീര്‍ത്ഥാടനത്തിന് ഇന്ന് രാവിലെ 4.30 ന് ശാന്തിഹവനത്തോടെ തുടക്കമാകും. 5 ന് വിശേഷാല്‍ പൂജ, 5.30ന് വിശേഷാല്‍ ഗുരുപൂജ, 7.30 ന് ധര്‍മ്മപതാകോദ്ധാരണം (സ്വാമി സച്ചിദാനന്ദ), 9ന് തീര്‍ത്ഥാടന വേദിയില്‍ ദീപ പ്രോജ്ജ്വലനം.രാവിലെ 10ന് ഉദ്ഘാടനം ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍, മുഖ്യാതിഥി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, അനുഗ്രഹഭാഷണം സ്വാമി ശുഭാംഗാനന്ദ. കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി, മന്ത്രി എം.പി. രാജേഷ്, ഡോ. ശ്രീധര്‍വെമ്പു തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ 11ന് തീര്‍ത്ഥാടന ലക്ഷ്യം-വിദ്യാഭ്യാസം മാറേണ്ട വിദ്യാഭ്യാസവും മാറരുതാത്ത മൂല്യങ്ങളും എന്ന സെമിനാര്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷനാകും. ഉച്ചയ്‌ക്ക് ഒരു മണിക്ക് നടക്കുന്ന സെമിനാര്‍ ‘തീര്‍ത്ഥാടന ലക്ഷ്യം- ശുചിത്വം, ആധുനിക ജീവിതത്തിലെ ആരോഗ്യ പ്രതിസന്ധികള്‍’ എന്ന സെമിനാര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതും എന്ന സെമിനാര്‍ ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിക്കും. 4ന് ശ്രീനാരായണ ദിവ്യസത്സംഗം. വൈകിട്ട് 5ന് തീര്‍ത്ഥാടന ലക്ഷ്യം-ഈശ്വര ഭക്തി ആത്മീയ ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സ്വാമി സൂക്ഷ്മാനന്ദ അധ്യക്ഷനാകും.
















