ശ്രീനാരായണ ഗുരുദേവന്റെ ജീവിത സായാഹ്നത്തിലെ സുപ്രധാന ഏടുകളില്‍ പെട്ട ഒന്നായിരുന്നു ശിവഗിരി തീര്‍ത്ഥാടന അനുമതി. തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ ഗുരു തീര്‍ത്ഥാടനത്തിന്റെ ആവശ്യകതയെ പറ്റി ചോദിച്ചപ്പോള്‍, ആവശ്യമുന്നയിച്ചു ഗുരുസന്നിധിയില്‍ എത്തിയവര്‍ക്കു വ്യക്തത നല്‍കുവാനായില്ല. അതു മനസ്സിലാക്കിയ ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണമെന്ന് ഉപദേശിച്ചു. ലോകജനതയുടെ സര്‍വ്വതോമുഖമായ പുരോഗതിയെയാണ് ഗുരുദേവന്‍ മുന്നില്‍ കണ്ടത്. വ്യക്തിയുടെയും സമൂഹത്തിന്റെയും അതിരുകളില്ലാത്ത രാജ്യത്തിന്റെയും വികസനം ഏതെങ്കിലും ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഗുരുദേവന്‍ എട്ടു വിഷയങ്ങള്‍ ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യമായി ഉപദേശിച്ചു നല്‍കി. അഷ്ട വിഷയങ്ങളില്‍ പ്രഥമ പരിഗണന നല്‍കിയത് വിദ്യാഭ്യാസത്തിനാണ്. രണ്ടാമതായി ശുചിത്വം. മൂന്നാമതായാണ് ഈശ്വര വിശ്വാസത്തിന് പ്രാധാന്യംനല്‍കിയത്.
സാധാരണ തീര്‍ത്ഥാടനങ്ങളെല്ലാം ദൈവത്തിന്റെ പേരിലുള്ള കൂട്ടായ്‌മയ്‌ക്കാണ് പ്രാധാന്യം കല്‍പ്പിക്കാറുള്ളത്. അപ്രകാരമുള്ള പല തീര്‍ത്ഥാടനങ്ങളും വൈകാതെ ധനസമ്പാദനത്തിനുള്ള ഉപാധികളായി മാറുകയാണ് പതിവ്. വിശ്വാസാധിഷ്ഠിതമായ തീര്‍ത്ഥാടനങ്ങള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്ന് നാം നിത്യേന അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത്തരം അവസ്ഥകളൊക്കെ മുന്നില്‍ കണ്ടുകൊണ്ടാവാം ത്രികാലജ്ഞാനിയായ ഗുരുദേവന്‍ പൗരാണിക തീര്‍ത്ഥാടന സങ്കല്പങ്ങളില്‍ നിന്നു വ്യത്യസ്തമാം വിധം ശിവഗിരി തീര്‍ത്ഥാടനത്തിന് ലക്ഷ്യം അവതരിപ്പിച്ചത്.
ജനതയുടെ എല്ലാ മേഖലയിലും ഉള്ള വികസനം. അതിലൂടെ ലോകത്തിന്റെ ആകെ പുരോഗതി. മൂന്നാമതായി ഉപദേശിച്ച ഈശ്വരവിശ്വാസത്തെ തുടര്‍ന്ന് സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നിവയും അഷ്ടലക്ഷ്യങ്ങളില്‍ ഗുരുദേവന്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
തുടര്‍ന്ന് ശിവഗിരിയിലേക്കുള്ള യാത്ര എപ്രകാരമാണെന്ന് അവിടുന്ന് ഉപദേശിച്ചു. ഇവയൊക്കെ ലോകത്തിന്റെ സമഗ്ര മുന്നേറ്റത്തിന് വരുംകാലങ്ങളില്‍ ആവശ്യമായ ഘടകങ്ങള്‍ ആകുമെന്നുള്ള ഗുരുദേവന്റെ നിലപാട് ഇന്നലെയുടെയും ഇന്നിന്റെയും നാളെയുടെയും മാര്‍ഗ്ഗദീപമായി നിലകൊള്ളുന്നു. ശാസ്ത്ര സാങ്കേതിക വിദ്യ ഇന്ന് സര്‍വ്വസാധാരണമായി ജനജീവിതത്തിന്റെ സമസ്ത മേഖലയും കീഴടക്കി കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
വിദ്യാഭ്യാസത്തിലൂടെ ഒരു വലിയ ജനവിഭാഗത്തിന് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചേരാനായി. മാറ്റി നിര്‍ത്തപ്പെടുകയും ഈശ്വരന്റെ പേരില്‍ തീണ്ടലും അയിത്തവും അനുഭവിച്ച് മുന്നോട്ടുള്ള ഗതി തടഞ്ഞിരുന്ന ഒരു കാലത്ത് ഗുരുദേവന്‍ കുടിപ്പള്ളിക്കുടങ്ങളും സംസ്‌കൃത പാഠശാലകളും സ്ഥാപിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തി. ഗുരുദേവന്റെ വിദ്യാഭ്യാസ വീക്ഷണത്തിലൂടെയാണ് പ്രധാന ദേവാലയം വിദ്യാലയം ആകണമെന്നും ഇനി ക്ഷേത്ര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നും ഒരു വേള അഭിപ്രായപ്പെട്ടത്.
കേവലം പഠനത്തിനു മാത്രമായല്ല ഗുരുദേവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത്. മനുഷ്യ ജീവിതത്തിനു മുന്നേറാന്‍ തൊഴിലും ധനസമ്പാദന മാര്‍ഗ്ഗവും കൂടി വേണമെന്ന് കണ്ടറിഞ്ഞ് തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗുരുദേവന്‍ തുടക്കം കുറിച്ചു.
ശിവഗിരി തീര്‍ത്ഥാടന വേളയിലെ സവിശേഷമായ ഒരു ഇനമെന്ന നിലയില്‍ 93-ാമത് തീര്‍ത്ഥാടനം വിദ്യാഭ്യാസ മേഖലയില്‍ മികവാര്‍ന്ന സംഭാവന കാഴ്ചവയ്‌ക്കുന്ന ഒരു സ്ഥാപനത്തിന് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം നല്‍കുന്നുവെന്നത് ശിവഗിരി മഠം ഗുരുവിന്റെ ഉപദേശത്തിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്ന് നമുക്ക് കാട്ടിത്തരുന്നു.
മികച്ച നിലയില്‍, അവികസിത മേഖലകളില്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ച് പ്രദേശത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ വെളിച്ചം പകരുവാന്‍ ശിവഗിരി മഠവും ഗുരുദേവ ശിഷ്യരും നേരത്തെ മുതല്‍ തന്നെ പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. അന്ധവിശ്വാസങ്ങള്‍ ഇല്ലാതെ ജനതയെ പ്രബുദ്ധതയുടെ വഴിയിലൂടെ സഞ്ചരിപ്പിക്കാനാണ് ഗുരുദേവന്‍ സ്ഥാപിച്ച ശിവഗിരി മഠം നിലകൊള്ളുന്നത്.
കാര്‍ഷിക രംഗത്ത് ധര്‍മ്മസംഘത്തിന്റെ സംഭാവന മികച്ചതാണ്. ഏക്കര്‍ കണക്കിന് ഭൂമിയില്‍ വിവിധയിനം കൃഷികളും നൂറില്‍ പരം വിവിധ ഇനത്തില്‍പ്പെട്ട പശുക്കളെയും സംരക്ഷിക്കുന്ന ഗോശാലയും മഠത്തിനു കീഴിലുണ്ട്. മികച്ച നിലയില്‍ സേവനം സമര്‍പ്പിച്ചു വരുന്ന ആതുര ശുശ്രൂഷ കേന്ദ്രം വര്‍ക്കലയില്‍ ഉണ്ട്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ ആയുര്‍വേദ ആശുപത്രിയും മരുന്ന് ഉല്‍പാദന കേന്ദ്രവും അവിടെയ്‌ക്ക് ആവശ്യമായ ഔഷധ സസ്യങ്ങളുടെ സംരക്ഷണവും പരക്കെ പ്രശംസിക്കപ്പെട്ടുവരുന്നു.
സംസ്ഥാനത്തിന് അകത്തും അയല്‍ സംസ്ഥാനങ്ങളിലും ഒക്കെയായി ശിവഗിരി മഠത്തിന്റെ സേവനം പലവിധത്തില്‍ നിലവിലുണ്ട്. വളരെയധികം പേരുടെ ശ്രദ്ധയിലേക്ക് ഇതൊന്നും കടന്നു ചെന്നിട്ടില്ല എന്ന് അറിയാം. വരാനിരിക്കുന്ന ഓരോ തീര്‍ത്ഥാടന കാലത്തും അഷ്ട വിഷയങ്ങളില്‍ പെട്ട ഓരോന്നിനും പ്രാധാന്യം നല്‍കി കൊണ്ടുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും പ്രമുഖരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.
ശിവഗിരി മഠത്തിന്റെ കീര്‍ത്തി രാജ്യങ്ങള്‍ പിന്നിട്ട് രാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന വേളയിലാണ് 93-മത് തീര്‍ത്ഥാടനമെന്നത് ഏവര്‍ക്കും അറിവുണ്ടാകും. ഗുരുദേവ പെരുമയും ഗുരുദേവദര്‍ശന മഹിമയും വിശ്വ മനസ്സുകളിലേക്ക് പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന വേളയാണിത്.
വൈക്കം സത്യാഗ്രഹശതാബ്ദി, ആലുവ സര്‍വമത സമ്മേളന ശതാബ്ദി, ഗുരു ഗാന്ധി സമാഗമ ശതാബ്ദി ആഘോഷങ്ങള്‍, ശിവഗിരിയില്‍ സമീപകാലത്തു നടത്തിയ ആഗോള പ്രവാസി കണ്‍വന്‍ഷന്‍, ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഭാരത പ്രധാനമന്ത്രി നരന്ദ്രേമോദി സമുദ്ഘാടനം ചെയ്ത ഗാന്ധിജി-ഗുരുദേവ സംഗമ ശതാബ്ദി സമ്മേളനം, നേരത്തെ സംഘടിപ്പിച്ച വത്തിക്കാന്‍ ലോകമത പാര്‍ലമെന്റ്,് തുടര്‍ന്ന് ഇംഗ്ലണ്ടിലും ഗള്‍ഫ് രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കോയമ്പത്തൂരിലും മംഗലാപുരത്തുമൊക്കെ നടന്ന പ്രൗഢോജ്ജ്വലങ്ങളായ സമ്മേളനങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ തീര്‍ത്ഥാടനം. നേരത്തെ മഹാസമ്മേളനങ്ങള്‍ നടന്ന രാജ്യങ്ങളില്‍ നിന്നും ഇന്‍ഡോനേഷ്യയില്‍ നിന്നും മറ്റ് നിരവധി രാജ്യങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ ഉപരാഷ്‌ട്രപതി ഇന്നു രാവിലെ 10 മണിക്ക് മഹാതീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുമ്പോഴും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും വിവിധ സംസ്ഥാന ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മറ്റ് നിരവധി പ്രമുഖരും വിശിഷ്ടാതിഥികളായി എത്തിച്ചേരും.
വിവിധ സമ്മേളനങ്ങളില്‍ ഗുരു കല്പിതമായ തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ അവതരിപ്പിക്കുന്നതും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും അതാത് വിഷയങ്ങളില്‍ അവഗാഹം നേടിയ പ്രമുഖ വ്യക്തിത്വങ്ങളാണ്. അനുബന്ധമായി വിവിധ സമ്മേളനങ്ങളും ഉണ്ടാവും.
മഹാതീര്‍ത്ഥാടനത്തിലേക്ക് ലോകമെമ്പാടുമുള്ള ഗുരുദേവ ഭക്തരെയും ശിവഗിരി ബന്ധുക്കളെയും ഗുരുദേവ നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.
(ശിവഗിരി മഠം ട്രഷററും 93-ാമത് തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറിയുമാണ് ലേഖകന്‍
















