വളർത്തുമൃഗങ്ങളെ തെരുവിലുപേക്ഷിക്കുന്ന പ്രവണത തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നായവളർത്തൽ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. നിലവിലുള്ള തദ്ദേശഭരണ നിയമങ്ങളിൽ ഭേദഗതി വരുത്തി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് ശുപാർശ ചെയ്തു. സാധാരണ ലൈസൻസിൽ ഒരു വീട്ടിൽ പരമാവധി രണ്ട് നായകളെ മാത്രമേ വളർത്താൻ അനുവാദമുണ്ടാകൂ.
രണ്ടിൽ കൂടുതൽ നായകളുണ്ടെങ്കിൽ ‘ബ്രീഡേഴ്സ് ലൈസൻസ്’ എടുക്കൽ നിർബന്ധമാണ്. ലൈസൻസ് ലഭിക്കണമെങ്കിൽ നായയുടെ തോളിൽ മൈക്രോചിപ്പ് ഘടിപ്പിക്കണം. ഇതുവഴി നായയുടെ ഇനം, ഉടമയുടെ പേരും വിലാസവും എന്നിവ തദ്ദേശ സ്ഥാപനങ്ങളിലെ ഡേറ്റാബേസിൽ ലഭ്യമാകും. നായയെ തെരുവിലുപേക്ഷിച്ചാൽ ഉടമയെ എളുപ്പത്തിൽ കണ്ടെത്താൻ ഇത് സഹായിക്കും.
കൃത്യസമയത്തുള്ള വാക്സിനേഷനും വന്ധ്യംകരണവും ഉറപ്പാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ. ലൈസൻസ് നടപടികൾ ലളിതമാക്കാൻ കെ-സ്മാർട്ട് (K-Smart) ആപ്പ് വഴി അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. ഇതിനായി നിശ്ചിത ഫീസ് ഈടാക്കുന്നതാണ്. നായ്‌ക്കളുടെ പ്രജനനം നടത്തി അവയെ വിൽക്കാൻ കഴിയാതെ വരുമ്പോൾ ഉടമകൾ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനാണ് പ്രധാനമായും ഈ നിയമപരിഷ്കാരം കൊണ്ടുവരുന്നത്.












