മുംബൈ: ഇന്ത്യ രൂപയുടെ മൂല്യം മുകളിലേക്ക് കുതിക്കുന്നു. ഒരു വേള ഒരു ഡോളറിന് 91രൂപ 10 പൈസ എന്ന നിലയിലേക്ക് അധപതിച്ച രൂപയാണ് ഇപ്പോള്‍ ഡോളരിന് 89 രൂപ 27 പൈസ എന്ന നിലയിലേക്ക് കുതിച്ചത്.
കറന്‍സി എക്സ് ചേഞ്ചില്‍ അവസാന മണിക്കൂറുകളില്‍ പൊതുമേഖലാ ബാങ്കുകള്‍ വന്‍തോതില്‍ ഡോളറുകള്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം വര്‍ധിക്കാന്‍ കാരണം. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് ബാങ്കുകള്‍ ഇടപെടല്‍ നടത്തിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഡോളര്‍ കറന്‍സിയുടെ കാര്യത്തല്‍ ഇന്ത്യ ഒട്ടും പിന്നിലല്ല. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ കയ്യില്‍ കരുതല്‍ ധനമായി ഉള്ളത് ഏകദേശം 68895 കോടി ഡോളര്‍ ആണ്. ഇത് വലിയൊരു ഡോളര്‍ ശേഖരമാണ്. പക്ഷെ ഡോളര്‍ വിപണിയില്‍ വിറ്റഴിച്ച് ഇന്ത്യന്‍ രൂപയുടെ വില വര്‍ധിപ്പിക്കേണ്ട, പകരം സ്വാഭാവികമായി രൂപയുടെ മൂല്യം ഉയരുന്നെങ്കില്‍ ഉയരട്ടെ എന്ന നിലപാടിലായിരുന്നു ഇതുവരെ റിസര്‍വ്വ് ബാങ്ക്. പക്ഷെ അസാധാരണമായ അന്താരാഷ്‌ട്ര സാഹചര്യം രൂപയുടെ മൂല്യം 91.10 രൂപയിലേക്ക് താഴ്‌ത്തിയതോടെയാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്.
യുഎസുമായുള്ള വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കാത്തതാണ് ഇന്ത്യന്‍ രൂപയ്‌ക്ക് പ്രതികൂലമായി ഭവിയ്‌ക്കുന്നത്. കൂടുതലായി എണ്ണ, സ്വര്‍ണ്ണം എന്നിവ ഇറക്കുമതി ചെയ്യുന്നത് കാരണം ഇന്ത്യയ്‌ക്ക് കൂടുതല്‍ ഡോളര്‍ നല്‍കേണ്ടിവരുന്നുണ്ട്. ഡോളര്‍ ശക്തിപ്പെടുന്നതിനാല്‍ വിദേശ പോര്‍ട് ഫോളിയോകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും ബോണ്ട് മാര്‍ക്കറ്റില്‍ നിന്നും വന്‍തോതില്‍ ഡോളറുകള്‍ പിന്‍വലിക്കുന്ന സാഹചര്യമുണ്ട്.
















