മസ്‌കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെയും സാന്നിധ്യത്തില്‍ ഭാരതവും ഒമാനും സമഗ്ര സാമ്പത്തിക കരാറില്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിലെ നാഴികക്കല്ലാണ് സ്വതന്ത്ര വ്യാപാരക്കരാര്‍. 2006നു ശേഷം ഒമാന്‍ ഏതെങ്കിലും രാജ്യവുമായി ഒപ്പിടുന്ന ആദ്യ സ്വതന്ത്ര വ്യാപാരക്കരാറാണിത്.
ഏഴ് ലക്ഷം ഭാരതീയരുള്ള ഒമാനില്‍ ഭാരതീയരുടെ 6000ലേറെ സ്ഥാപനങ്ങളുണ്ട്. രണ്ടു ബില്യണ്‍ ഡോളറാണ് ഇവ നല്കുന്നത്. ഭാരതവും ഒമാനും തമ്മില്‍ 10 ബില്യണ്‍ ഡോളറിന്റെ വാണിജ്യമുണ്ട്. ഇത് വര്‍ധിപ്പിക്കുകയാണ് സ്വതന്ത്ര വ്യാപാരക്കരാറിന്റെ പ്രധാന ലക്ഷ്യം. തീരുവ പൂര്‍ണമായും ഒഴിവാക്കി. ഒമാനില്‍ നിന്നുള്ള ചില വസ്തുക്കളുടെ ഇറക്കുമതിക്ക് ഭാരതം 77.79 ശതമാനം തീരുവ ഇളവു നല്കും.
തുണിത്തരങ്ങള്‍, തുകലുത്പന്നങ്ങള്‍, ചെരിപ്പുകള്‍, കല്ലുകള്‍, സ്വര്‍ണാഭരണങ്ങള്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, കാര്‍ഷികോത്പന്നങ്ങള്‍, ഔഷധങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയടക്കമുള്ള കയറ്റുമതി വലിയ തോതില്‍ വര്‍ധിക്കാനുതകുന്നതാണ് കരാര്‍. ഇതുവഴി രാജ്യത്തെ തൊഴിലവസരങ്ങള്‍ കുത്തനെ കൂടും. കരകൗശല വിദഗ്ധര്‍ക്കും സ്ത്രീകള്‍ നേതൃത്വം നല്കുന്ന വ്യവസായ യൂണിറ്റുകള്‍ക്കും ഇത് ഗുണകരമാകും. ഒരിനത്തിനും തീരുവ നല്കണ്ടേ. അതിനാല്‍ ഇവ കുറഞ്ഞ വിലയ്‌ക്ക് ഒമാനില്‍ വില്‍ക്കാനാകും.
ഭാരതത്തില്‍ നിന്നുള്ള പ്രൊഫഷണല്‍സിന് ഒമാനില്‍ വലിയ തൊഴിലവസരങ്ങള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ട്. അക്കൗണ്ടന്‍സി, ടാക്‌സേഷന്‍, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ മേഖലകളിലുള്ളവര്‍ക്കും കരാര്‍ സേവനങ്ങള്‍ക്കും ഒമാന്‍ അവസരങ്ങള്‍ നല്കും.
ഒമാനിലെ സേവന മേഖലകളില്‍, ഭാരത കമ്പനികള്‍ക്ക് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താം. ആയുര്‍വേദമടക്കം ആയുഷില്‍പ്പെടുന്ന വൈദ്യവിഭാഗങ്ങള്‍ക്ക് ഒമാനില്‍ അവസരം ലഭിക്കും.
നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒമാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഒമാന്‍ നല്കി ആദരിച്ചു. ഭാരതവും ഒമാനും തമ്മിലെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണിത്. രാജകൊട്ടാരത്തിലെ ചടങ്ങില്‍ രാജാവ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് ബഹുമതി മോദിക്കു സമര്‍പ്പിച്ചു. പരമോന്നത ബഹുമതി 140 കോടി ഭാരതീയര്‍ക്കും ഒമാന്‍ ജനതയ്‌ക്കും സമര്‍പ്പിക്കുകയാണെന്ന് മറുപടി പ്രസംഗത്തില്‍ മോദി പറഞ്ഞു. ഭാരതവും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 70 വയസ് തികയുമ്പോഴാണ് ഒമാന്‍ പരമോന്നത ബഹുമതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















