പത്തനംതിട്ട(18-12-2025): പ്രമാടത്ത് രാഷ്‌ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിന് വേണ്ടി 20 ലക്ഷം ചെലവിട്ട് നിര്‍മിച്ച വിവാദ ഹെലിപ്പാഡ് പൊളിച്ചു. രാഷ്‌ട്രപതിയെത്തുന്ന അന്ന് പുലര്‍ച്ചെ തട്ടിക്കൂട്ടിയുണ്ടാക്കിയ ഹെലിപ്പാഡില്‍ കോപ്ടര്‍ താഴുകയും ഒടുവില്‍ തള്ളിമാറ്റുകയും ചെയ്തത് വലിയ വിവാദമായിരുന്നു.
സാധാരണ ഹെലിപ്പാഡ് നിര്‍മിച്ചാല്‍ അത് വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്തി ഭാവിയിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് പതിവ്. പ്രതികൂല കാലാവസ്ഥ കാരണം രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തില്‍ ദേഭഗതി വരുത്തിയതോടെയാണ് പ്രമാടത്ത് ഹെലിപ്പാഡ് നിര്‍മിച്ചത്.
പക്ഷെ ഇതിനു വന്നതായി പറയുന്ന ചെലവ് വളരെക്കൂടുതലാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. മൂന്നു ഹെലിപ്പാഡുകളാണ് 20 ലക്ഷത്തിന് തയാറാക്കിയത്. ഇവയ്‌ക്ക് എങ്ങനെയാണ് 20 ലക്ഷം ചെലവായതെന്ന് പൊതുമരാമത്ത് വകുപ്പ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.











