കണ്ണൂര്‍: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപോല്ഡ് ചെയ്യുന്ന മിഡ് ഡേ മീല്‍ സ്‌കീം (എംഡിഎംഎസ്) സോഫ്റ്റ്‌വെയര്‍ തകരാറിലായതോടെ പദ്ധതിയുടെ ദൈനംദിന നടത്തിപ്പ് അവതാളത്തില്‍.
ഈ മാസം അഞ്ച് മുതല്‍ ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്താനായിട്ടില്ല. ഉച്ചഭക്ഷണത്തിന്റെ ഹാജര്‍നിലയും ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ വിശദ വിവരങ്ങളും ദൈനംദിനം രേഖപ്പെടുത്തുന്നത് എംഡിഎംഎസ് സോഫ്റ്റ്‌വെയര്‍ മുഖേനയാണ്. മാവേലി സ്റ്റോറില്‍ നിന്ന് അരി ലഭിക്കുമ്പോള്‍ സ്റ്റോക്ക് രേഖപ്പെടുത്തുന്നതും, പ്രതിമാസ റിപ്പോര്‍ട്ടുകളായ എന്‍എംപി1, കെ2 എന്നിവ ജനറേറ്റ് ചെയ്യുന്നതും ഈ സോഫ്റ്റ്വെയര്‍ മുഖേനയാണ്.
അരിയുടെ സ്റ്റോക്ക് എന്‍ട്രിക്കു സാധിക്കാത്തത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയതായി പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അദ്ധ്യാപകരും പറയുന്നു. 31നു മുമ്പ് പരിഹരിക്കാനായില്ലെങ്കില്‍ പ്രശ്‌നം അതീവ ഗുരുതരമാകും. ഇപ്പോള്‍ വിവരങ്ങള്‍ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിവയ്‌ക്കാനാണ് നിര്‍ദേശം. എന്‍എംപി1, കെ2 എന്നിവ ജനറേറ്റ് ചെയ്യാനായില്ലെങ്കില്‍ പാചകത്തൊഴിലാളികളുടെ ശമ്പളം മുടങ്ങും. ഈ മാസത്തെ എക്‌സ്‌പെന്‍ഡിച്ചര്‍ സ്റ്റേറ്റ്‌മെന്റ് തയാറാക്കാനാകില്ല. പദ്ധതിച്ചെലവിനുള്ള തുക ലഭിക്കുന്നത് മുടങ്ങും.
പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.











