സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപനമാണ്. വലിയ പ്ലാനിങ്ങോടുകൂടിയാണ് എല്ലാവരും വീട് വെക്കാൻ ഒരുങ്ങുന്നത്. പലരും അവരുടെ തുച്ഛമായ വരുമാനത്തിൽ നിന്നും ഒരു തുക കരുതി വെച്ചായിരിക്കും വീടുപണി ആരംഭിക്കുന്നത്. എന്നാൽ എല്ലാവർക്കും അത് സാധിക്കണം എന്ന് ഇല്ല, അങ്ങനെ ഉള്ളവർക്ക് ബാങ്കുകളിൽ നിന്നും ഭവന നിർമാണ ലോൺ എടുക്കാൻ സാധിക്കും.
എന്നാൽ ലോൺ നിരസിക്കപെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. അതുമല്ലെങ്കിൽ വീട് എന്ന സ്വപ്നത്തിലേക്ക് എത്താൻ ഒരുപാട് തവണ ആളുകൾ ബാങ്കുകളിൽ കയറി ഇറങ്ങേണ്ടാതായി വന്നേക്കാം. ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ മനസിലാക്കി മുന്നോട്ട് പോയാൽ നിങ്ങൾക്ക് വളരെ വേഗത്തിൽ ലോൺ ലഭിക്കും .നിങ്ങൾക്ക് ലോൺ തന്നാൽ തിരിച്ചടക്കാൻ സാധിക്കുമോ എന്ന് അവർ ആദ്യമെ പരിശോധിക്കും. അതുപോലെ ഉയർന്ന വരുമാനം ഉള്ളവർക്ക് വേഗത്തിൽ ലോൺ ലഭിക്കും. എന്നാൽ കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.
എല്ലാ ബാങ്കുകളും ലോൺ കൊടുക്കുമ്പോൾ ക്രെഡിറ്റ് സ്കോർ പരിശോധിക്കും. നമ്മുടെ തിരിച്ചടവ് ശേഷിയെ അളക്കുന്ന അളവ് കോലാണ് ക്രെഡിറ്റ് സ്കോർ. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ലോൺ ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
കൂടാതെ നിങ്ങൾ ഇതിന് മുൻപ് ലോൺ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ ഇതിനു മുൻപ് എടുത്തിട്ടുള്ള വായ്‌പയുടെ കണക്കുകളും, തിരിച്ചടവും പരിശോധിക്കും.ഏറ്റവും കുറഞ്ഞത് നിശ്ചിത തുക വരുമാനമായി ലഭിച്ചിരിക്കണം. അല്ലെങ്കിൽ നിങ്ങൾക്ക് ലോൺ ലഭിക്കില്ല. നിലവിൽ ചുരുങ്ങിയത് 30000 രൂപയോളം വരുമാനം ലഭിക്കുന്നവർക്കാണ് വായ്‌പകൾ നൽകുന്നത്.
മുൻപ് വായ്‌പ എടുക്കാത്ത ആൾക്ക് ക്രെഡിറ്റ് സ്കോർ ഉണ്ടാകില്ല. അതുകൊണ്ട് വായ്‌പ തിരിച്ചടച്ചതിന്റെ റെക്കോർഡ് ഉണ്ടാവില്ല. ക്രെഡിറ്റ് സ്കോർ കുറയുന്ന പക്ഷം വായ്‌പ കിട്ടാനുള്ള സാധ്യത കുറവാണ്.ഭവന വായ്‌പ അംഗീകരിക്കുന്നതിനായി ബാങ്കുകൾ 750 ന് മുകളിലുള്ള സ്കോർ ഉണ്ടാകണം എന്ന് പറയുന്നുണ്ട്. 650–749 നും ഇടയിലുള്ള സ്കോറുകൾ അംഗീകരിക്കപ്പെടാം, പക്ഷേ ഇതിന് കർശനമായ നിബന്ധനകൾ അല്ലെങ്കിൽ ഉയർന്ന പലിശ നിരക്കുകൾ അനുസരിച്ചാണ് ലഭിക്കുന്നത്. നിങ്ങളുടെ സ്കോർ 650 ൽ താഴെയാണെങ്കിൽ, നിരസിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ജോലിയിൽ എത്രത്തോളം സ്ഥിരത പുലർത്താൻ സാധിക്കുന്നുണ്ട് എന്നത് ബാങ്ക് വിലയിരുത്തും. ലോണിന് അപേക്ഷ നൽകുന്ന ഒരാൾ ഒരുപാട് തവണ ജോലി മാറിയിട്ടുണ്ടെങ്കിൽ അത്തരം വ്യക്തികൾക്ക് വായ്‌പ അപേക്ഷ നിരസിക്കാൻ സാധ്യത കൂടുതലാണ്.











