കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് ദിലീപ് പിന്മാറിയത്. ഇക്കാര്യം ക്ഷേത്ര ഭാരവാഹികളാണ് അറിയിച്ചത്. നാളെയാണ് ക്ഷേത്രത്തില്‍ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ എന്താണ് പിന്മാറ്റത്തിന് കാരണമെന്ന് വ്യക്തമല്ല.
ദിലീപ് സ്വയം പിന്മാറുകയായിരുന്നുവെന്നാണ് ക്ഷേത്രോപദേശക സമിതിയുടെ വിശദീകരണം. ക്ഷേത്രത്തെ വിവാദകേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സമിതി പ്രസിഡന്റ് അറിയിച്ചു. ദിലീപിന്റെ ഫോട്ടോ സഹിതമുള്ള നോട്ടീസ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയിയലടക്കം പ്രതിഷേധം ശക്തമായി. ഇതോടെയാണ് പിന്മാറ്റം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. പതിവായി സന്ദര്‍ശനത്തിന് എത്തുന്ന വ്യക്തിയെന്ന നിലയിലാണ് ക്ഷണിച്ചതെന്നുമാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്. അതേസമയം സംഭവങ്ങളുടെ പസ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന പരിപാടി ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. മേല്‍ശാന്തിയായിരിക്കും കൂപ്പണ്‍ ഏറ്റുവാങ്ങുക.
















