തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപി നടത്തിയ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കുത്തക സീറ്റുകള്‍. 15 വാര്‍ഡുകളാണ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തത്. ബിജെപിയുടെ കുതിപ്പ് നാലരപ്പതിറ്റാണ്ടിന്റെ എല്‍ഡിഎഫ് ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്.
ആറ് വാര്‍ഡുകളില്‍ അട്ടിമറിവിജയം
ബിജെപി തേരോട്ടത്തില്‍ കടപുഴകിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കുത്തക വാര്‍ഡുകള്‍. അഞ്ച് വാര്‍ഡുകളിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്. സിപിഎമ്മിന്റെ കുത്തക സീറ്റായിരുന്ന കടകംപള്ളി വാര്‍ഡില്‍ ബിജെപിയുടെ ജയാരാജീവ് 400 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ജിഷ ചന്ദ്രനെതിരെ വിജയം നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന മണ്ണന്തല, ചന്തവിള, ആക്കുളം വാര്‍ഡുകളും ബിജെപി വിജയിച്ചു. മണ്ണന്തലയില്‍ ബിജെപിയിലെ ചെമ്പഴന്തി ഉദയന്‍ 126 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥി എന്‍.അനില്‍കുമാറിനെ പരാജയപ്പെടുത്തിയത്. ചെമ്പഴന്തി വാര്‍ഡിലെ സിറ്റിംഗ് കൗണ്‍സിലറായിരുന്നു ചെമ്പഴന്തി ഉദയന്‍. ചന്തവിളയില്‍ ബിജെപിയുടെ അനു ജി പ്രഭ കോണ്‍ഗ്രസിന്റെ സിമി എസ്.നായരെ രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അക്കുളം വാര്‍ഡില്‍ ബിജെപിയുടെ അഡ്വ.മിനി പി.എസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുധ സുരേഷിനെ 145 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പുങ്കുളം വാര്‍ഡില്‍ ബിജെപിയുടെ വയല്‍ക്കര രതീഷ് 599 വോട്ടുകള്‍ക്ക് സിപിഎമ്മിലെ വണ്ടിത്തടം മധുവിനെ പരാജയപ്പെടുത്തി വാര്‍ഡ് പിടിച്ചെടുത്തു.
ബിജെപി സിറ്റിംഗ് കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷവും വിജയിച്ചു
ബിജെപി സിറ്റിംഗ് കൗണ്‍സിലര്‍മാരില്‍ മത്സരിച്ച ഭൂരിപക്ഷം പേരും വിജയിച്ചു. 17 ബിജെപി സിറ്റിംഗ് കൗണ്‍സിലര്‍മാരാണ് വീണ്ടും ജനവിധി തേടിയത്. അതില്‍ 14 പേരും വിജയിച്ചു. വി.വി രാജേഷ്, എം.ആര്‍ ഗോപന്‍, കരമന അജിത്ത്, സിമി ജ്യോതിഷ്, ചെമ്പഴന്തി ഉദയന്‍, വി.ജി ഗിരികുമാര്‍, സത്യവതി വി., സുമിബാലു, നന്ദ ഭാര്‍ഗ്ഗവ്, ആശാനാഥ്, ദേവിമ പി.എസ്, മഞ്ജു ജി.എസ്, ശ്രീദേവി എസ്.കെ, സത്യവതി എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടവര്‍. എല്‍ഡിഎഫില്‍ ആറു കൗണ്‍സിലര്‍മാര്‍ വീണ്ടും മത്സരിച്ചപ്പോള്‍ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. അശു വാമദേവന്‍, പാളയം രാജന്‍, ബിന്ദുമേനോന്‍, കസ്തൂരി എം.എസ്, എന്നിവരാണ് പരാജയപ്പെട്ടത്. യുഡിഎഫ് മുന്ന് സിറ്റിംഗ് കൗണ്‍സിലര്‍മാരെ മത്സരത്തിറക്കിയെങ്കിലും കുന്നുകുഴി വാര്‍ഡിലെ മേരി പുഷ്പം മാത്രമാണ് വിജയിച്ചത്. ജോണ്‍സണ്‍ ജോസഫ്, വനജ രാജേന്ദ്ര ബാബു തുടങ്ങിയവര്‍ പരാജയപ്പെട്ടു.
















