കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ സിപിഎമ്മിന്റെ മദ്യം വിതരണം. സിപിഎം പ്രവർത്തകർ രാത്രി നെടുന്തന വനവാസി കോളനിയിൽ മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചെന്നാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പിടികൂടിയ മൂന്ന് സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചു.
ഇത് സംഘർഷത്തിന് കൂടുതൽ വഴിയൊരുക്കി. പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. നിലവിൽ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്. രാത്രി സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർക്കൊപ്പം സ്ഥാനാർത്ഥിയുമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുഡിഎഫ് പ്രവർത്തകർ ഇവരെ തടയുകയായിരുന്നു. ഇതോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായത്.
രാഷ്‌ട്രീയ പ്രവർത്തകർ തമ്മിലുള്ള വാക്കുതർക്കവും ഉന്തും തള്ളും വർദ്ധിച്ചതോടെയാണ് പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്.
















