തിരുവനന്തപുരം: റിലയന്‍സ് ജിയോ ഫൈബറിന് നഗരത്തിലെ റോഡുകളില്‍ പോസ്റ്റ് സ്ഥാപിക്കാന്‍ അനുമതി കൊടുത്തതിന്റെ പേരില്‍ നടന്നത് 32 കോടി രൂപയുടെ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്.
റിലയന്‍സ് ജിയോ ഫൈബറിന്റെ 35000 പോസ്റ്റുകള്‍ നഗര പരിധിയിലെ റോഡുകളില്‍ സ്ഥാപിക്കാന്‍ നഗരസഭ മുന്‍കൂറായി ആവശ്യപ്പെട്ടത് 28.80 കോടി രൂപയാണ് (28,80,17,266) .എന്നാല്‍ റിലയന്‍സിന്റെ വാദം തങ്ങള്‍ക്ക് 11.34 കോടിയേ (11,34, 97215) അടയ്‌ക്കേണ്ടതുള്ളൂവെന്നും.തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാനദണ്ഡങ്ങളൊന്നും മാനിക്കാതെ, റിലയന്‍സ് പറയുന്ന തുക പിന്നീട് അടച്ചാല്‍ മതിയെന്ന് അന്നത്തെ മേയര്‍ ശ്രീകുമാര്‍ ഉത്തരവിടുകയുമായിരുന്നു. ഇപ്പോള്‍ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിമാരില്‍ ഒരാളായി തെരഞ്ഞടുപ്പില്‍ മത്സരിക്കുകയാണ് ഇദ്ദേഹം.
തുടര്‍ന്ന് ഈ പണം പോലും അടയ്‌ക്കാതെ പോസ്റ്റുകളുടെ വാടക കരാര്‍ മാത്രം കാണിച്ച് എല്‍ എസ് ജി ഡി ട്രൈബ്യൂണലില്‍ അപ്പീല്‍ കൊടുത്തിട്ടും അത് എതിര്‍ക്കാനോ ട്രൈബ്യൂണലിനെ സത്യം പറഞ്ഞ് ബോധിപ്പിക്കാനോ നഗരസഭയ്‌ക്ക് കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ആയില്ലെന്നും, ഇതു കാരണം കഴിഞ്ഞ നാല് വര്‍ഷം വാടകയടക്കം നഗരസഭയ്‌ക്ക് നഷ്ടപ്പെട്ടത് 32 കോടി രൂപയാണെന്നും എസ് സുരേഷ് പറഞ്ഞു.
യഥാര്‍ത്ഥ കരാറുകള്‍ ഒളിപ്പിച്ച് എല്‍ എസ് ജി ഡി ട്രൈബ്യൂണലില്‍ നിന്ന് റിലയന്‍സിന് അനുകൂല വിധി സമ്പാദിച്ച് കൊടുക്കാന്‍ മേയറും ഭരണ സംവിധാനങ്ങളും സി പി എമ്മും ശ്രമിക്കുന്നുവെന്നും എസ് സുരേഷ് ആരോപിച്ചു. ബി ജെ പി സിറ്റി ജില്ല അദ്ധ്യക്ഷന്‍ കരമന ജയനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















