തിരുവനന്തപുരം: കൈതമുക്കില്‍ പ്രവര്‍ത്തിക്കുന്ന അനന്തപുരം സഹകരണ സംഘത്തെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കം. സഹകരണവകുപ്പിനെ ഉപയോഗിച്ച് സംഘത്തിനെതിരെ അന്വേഷണത്തിന് നോട്ടീസ് നല്‍കി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സഹകരണ സംഘം. തിരക്കഥ തയ്യാറാക്കിയത് സിപിഎം ജില്ലാ ഓഫീസില്‍ ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ നേതൃത്വത്തില്‍. നഗരസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെയാണ് രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടിയുള്ള ഗൂഢ നീക്കവുമായി സിപിഎം രംഗത്ത് വന്നിരിക്കന്നത്.
ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് കാട്ടി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) വഞ്ചിയൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഇന്ദിരയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഘത്തിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളം, സംഘം പുതിയതായി ആരംഭിക്കുന്ന ആശുപത്രിയ്‌ക്ക് വസ്തുവും കെട്ടിടവും വാങ്ങിയതിലെ ജിഎസ്ടി, കളക്ഷന്‍ ഏജന്റുമാര്‍ക്ക് നല്‍കിയ കമ്മീഷന്‍ തുക, ജീവനക്കാര്‍ക്ക് നല്‍കിയ ബോണസ്, എംഡിഎസിലെ കുടിശ്ശിക ഇതെല്ലാമാണ് ക്രമക്കേടെന്ന് കണ്ടെത്തിയിരിക്കുന്നത്.
എട്ട് ബ്രാഞ്ചുകളുള്ള സ്ഥാപനത്തിന് പ്രവര്‍ത്തിക്കണമെങ്കില്‍ മതിയായ ജീവനക്കാരെ വേണം. സ്ഥിരം ജീവനക്കാരെ നിയമിക്കാന്‍ നിരവധി തവണ സഹകരണ വകുപ്പിനോട് അനുമതി ചോദിച്ചെങ്കിലും രാഷ്‌ട്രീയ പ്രേരിതമായി നല്‍കിയില്ല. അതിനാല്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു മാത്രമെ സംഘത്തിന് മുന്നോട്ടു പോകാന്‍ സാധിക്കൂ. ബോണസ് നല്‍കിയെന്ന വിചിത്ര ന്യായവും പറയന്നു. ലാഭ നഷ്ടം നോക്കാതെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കണമെന്ന് സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ബോണസ് നല്‍കിയതിനെ എതിര്‍ക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശം മറ്റെന്തോ ലക്ഷ്യം വച്ച് കൊണ്ടാണെന്ന് വ്യക്തമാകുന്നു.
സഹകരണ വകുപ്പ് ജീവക്കാര്‍ക്ക് പ്രത്യേക അലവന്‍സുകളും, ഫെസ്റ്റിവെല്‍ അലവന്‍സും, അഡ്വാന്‍സും ലഭിക്കുമ്പോഴാണ് ഓണത്തിന് തുച്ഛമായ തുക ബോണസായി നല്‍കിയതിനെ എതിര്‍ക്കുന്നത്. എംഡിഎസിലെ കുടിശ്ശികയും പര്‍വ്വതീകരിച്ച് കാണിക്കുന്നു. മതിയായ ജാമ്യം വാങ്ങിയാണ് എംഡിഎസ് തുക നല്‍കുന്നത്. കുടിശ്ശിക വന്നാല്‍ ജാമ്യവസ്തുവില്‍ നിന്ന് ഈടാക്കാവുന്നതേയുള്ളൂ. സഹകരണ സംഘം ഇതിലേക്കായി മുന്‍കൈയെടുത്താലും സഹകരണ വകുപ്പ് മെല്ലെപ്പോക്ക് നയമാണ് തുടരുന്നത്. അതിനാലാണ് കുടിശ്ശികയും മുതലും പിഴ പലശിയുമായി തുക വര്‍ദ്ധിക്കുന്നത്. ഈ വസ്തുതകള്‍ നില നില്‍ക്കെയാണ് രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള നോട്ടീസ്.
അനന്തപുരം സഹകരണ സംഘം ആശുപത്രി തുടങ്ങാന്‍ തീരുമാനിച്ചതാണ് സിപിഎമ്മിനെ ഏറെ പ്രയാസത്തിലാക്കിയത്. ജോയിന്റ് രജിസ്ട്രാറുടെ അനുമതിയോടെയാണ് വസ്തുവും കെട്ടിടവും വാങ്ങിയത്. ഇതിന്റെ ആധാരം ഇടപാടുമായി ബന്ധപ്പെട്ട് ജിഎസ്ടി നല്‍കിയതും ക്രമക്കേടിന്റെ പട്ടികയില്‍ കൂട്ടി. ജിഎസ്ടി നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവിനും നേട്ടമെന്നിരിക്കെയാണ് ജോയിന്റ് രജിസ്ട്രാറെ ചൊടിപ്പിച്ചിരിക്കുന്നത്.
നേമം സര്‍വ്വീസ് സഹകരണ സംഘം, കല്ലീയൂര്‍ സഹകരണ സംഘം തുടങ്ങി സിപിഎം ഭരിക്കുന്ന നിരവധി സംഘങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലായി. തങ്ങള്‍ നിക്ഷേപിച്ച പണം തന്നില്ലെങ്കില്‍ സിപിഎമ്മിന് വോട്ടില്ലെന്ന നിലപാടുമായി പാര്‍ട്ടി കുടുംബങ്ങള്‍ വരെ പ്രതിഷേധവുമായി രംഗത്തുണ്ട്. തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിന് സിപിഎം നല്ലരീതിയില്‍ ഭയക്കുന്നുമുണ്ട്. അതിനാലാണ് അനന്തപുരം സഹകരണസംഘത്തിനെതിരെ ഇല്ലാത്ത കെട്ടുകഥകളുമായി രംഗത്ത് വന്നത്. സഹകരണ സംഘത്തിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിന് സഹകരണ വകുപ്പിന്റെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട് അനന്തപുരം സഹകരണ സംഘം.
















