നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ ഗതാഗതമേഖലയിലെ മാറ്റങ്ങള്‍ സുപ്രധാനം. റോഡ്-റെയില്‍വേ മേഖലയില്‍ സംഭവിച്ച നേട്ടങ്ങള്‍ ഓരോ ഭാരതീയന്റെയും ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. പ്രധാനമന്ത്രി ഗ്രാം സഡക് യോജന മുതല്‍ ഭാരത് മാല, സാഗര്‍മാല അടക്കമുള്ള വ്യത്യസ്തങ്ങളായ പദ്ധതികള്‍ ഗ്രാമീണറോഡുകള്‍ മുതല്‍ ദേശീയപാതകള്‍ വരെയുള്ളവയെ മാറ്റിമറിച്ചു.
ഭാരതത്തിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍ കടല്‍ പാലമായ, തെക്ക് തമിഴ്നാട് രാമേശ്വരത്തെ പുതിയ പാമ്പന്‍ പാലം മുതല്‍ വടക്ക് ജമ്മു കശ്മീരിലെ ചെനാബ് പാലം വരെ നീളുന്ന എണ്ണമറ്റ പദ്ധതികള്‍ റെയില്‍വേയുടെ അഭിമാനമായി ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ് പാലവും ഭാരതത്തിലെ ആദ്യത്തെ കേബിള്‍ സ്റ്റേ റെയില്‍ പാലവുമായ അഞ്ജി പാലവും 2025 ജൂണ്‍ ആറിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള റെയില്‍വേ ശൃംഖല യാഥാര്‍ത്ഥ്യമാക്കിയ ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമാണ് ഈ പാലങ്ങള്‍.

മാറ്റം അതിവേഗത്തില്‍
ഭാരതത്തിലെ റോഡ് ശൃംഖല 63 ലക്ഷം കിലോമീറ്ററാണെന്നാണ് 2025 മാര്‍ച്ച് 31ലെ കണക്ക്. ഇതില്‍ 1,46,204 കിലോമീറ്റര്‍ ദേശീയപാതകളും 1,79,535 കിലോമീറ്റര്‍ സംസ്ഥാനപാതകളും 60,19,723 കിലോമീറ്റര്‍ മറ്റ് റോഡുകളുമാണ്. 2013-14ല്‍ ദേശീയപാതകളുടെ നീളം 91,287 കിലോ മീറ്ററായിരുന്നു, എന്നാലിന്ന് പതിനൊന്ന് വര്‍ഷം കൊണ്ട് 1,46,204 കിലോമീറ്ററായി വര്‍ധിച്ചു. ദേശീയപാത ശൃംഖലയില്‍ മാത്രം കൂട്ടിച്ചേര്‍ക്കപ്പെട്ടത് 54,917 കിലോമീറ്ററാണ്. ഏകദേശം 60% വര്‍ധനവ്. ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല ഭാരതത്തിന് അവകാശപ്പെട്ടതാണ്. 2014ല്‍ 93 കിലോമീറ്ററായിരുന്ന ദേശീയ അതിവേഗ ഇടനാഴികളുടെ നീളം 2,474 കിലോമീറ്ററായി വര്‍ധിച്ചു. നാലുവരിയും അതിനുമുകളിലും ദേശീയപാതകളുടെ (അതിവേഗ ഇടനാഴികള്‍ ഒഴികെ) നീളം 2014ലെ 18,278 കിലോമീറ്ററില്‍ നിന്ന് 2.5 മടങ്ങ് വര്‍ധിച്ച് 45,947 കിലോമീറ്ററായി. 2013-14ല്‍ ദേശീയപാത നിര്‍മാണവേഗം പ്രതിദിനം ഏകദേശം 11.6 കിലോമീറ്ററായിരുന്നു. 2025ല്‍ ഇത് 34 കിലോമീറ്ററായി വര്‍ധിച്ചു. 2013-14നും 2024-25നും ഇടയില്‍ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള മന്ത്രാലയ നിക്ഷേപം 6.4 മടങ്ങ് ഉയര്‍ന്നു. 2014 മുതല്‍ 2023-24 വരെ റോഡ് ഗതാഗത – ഹൈവേ ബജറ്റ് 570% വര്‍ധിപ്പിച്ചു.
ഗ്രാമീണ റോഡുകളുടെ വികസനത്തില്‍ മുഖ്യപങ്കും നടപ്പാക്കിയത് പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പിഎംജിഎസ്വൈ) വഴിയായിരുന്നു. പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍. സമതല മേഖലകളില്‍ അഞ്ഞൂറിലധികവും പ്രത്യേക വിഭാഗ മേഖലകളില്‍ ഇരുനൂറ്റി അന്‍പതിലധികവും ജനസംഖ്യയുള്ള, എല്ലാ റോഡ് ബന്ധിതമല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്കും കണക്റ്റിവിറ്റി ഉറപ്പാക്കുക എന്നതായിരുന്നു പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പിഎംജിഎസ്വൈ) ഒന്നിലൂടെ ലക്ഷ്യമിട്ടത്. 1,63,000 ജനവാസകേന്ദ്രങ്ങളെ റോഡ് വഴി ബന്ധിപ്പിക്കാനായിരുന്നു ലക്ഷ്യം. ഈ നേട്ടം കൈവരിച്ചതിലൂടെ ഗ്രാമീണ റോഡ് ശൃംഖല മെച്ചപ്പെടുത്താനും അതോടൊപ്പം ഈ പ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിനും കാരണമായി.
















