കോയമ്പത്തൂര്‍: ഭാരതം പ്രകൃതി കൃഷിയുടെ ആഗോള കേന്ദ്രമായി മാറാനുള്ള പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുംവര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരും. രാജ്യത്തിന്റെ ജൈവ വൈവിധ്യം വികസിച്ചുകൊണ്ടിരിക്കുകയാണ്. യുവാക്കള്‍ ഇപ്പോള്‍ കൃഷിയെ വലിയ അവസരമായി കാണുന്നു. ഈ മാറ്റം ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വളരെയധികം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി കൃഷി ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രകൃതി കൃഷിയെന്നത് ഭാരതത്തിന്റെ തദ്ദേശീയമായ ആശയമാണ്, മറ്റെവിടെ നിന്നെങ്കിലും ഇറക്കുമതി ചെയ്തതല്ല, പാരമ്പര്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതും പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്നതുമാണ്. ദക്ഷിണ ഭാരതം കാര്‍ഷിക മേഖലയുടെ ജീവസുറ്റ സര്‍വകലാശാലയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 21-ാം ഗഡു ചടങ്ങില്‍ പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് കൈമാറി. രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 18,000 കോടി രൂപയാണ് പ്രധാനമന്ത്രി കൈമാറിയത്. ഈ പദ്ധതി പ്രകാരം ഇതുവരെ ചെറുകിട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നാല് ലക്ഷം കോടി നേരിട്ടെത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ മാത്രം ഈ വര്‍ഷം കര്‍ഷകര്‍ക്ക് 10 ലക്ഷം കോടിയിലധികം സഹായം ലഭിച്ചു. ഏഴ് വര്‍ഷം മുമ്പ് കന്നുകാലി, മത്സ്യബന്ധന മേഖലകളിലേക്ക് കെസിസി ആനുകൂല്യങ്ങള്‍ വ്യാപിപ്പിച്ച ശേഷം ഈ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നു. ജൈവ വളങ്ങളുടെ ജിഎസ്ടി കുറച്ചത് കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണം ചെയ്തുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മരുതമലയിലെ മുരുകനെ വന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. സംസ്‌കാരത്തിന്റെയും കാരുണ്യത്തിന്റെയും സര്‍ഗാത്മകതയുടെയും നാടാണ് കോയമ്പത്തൂരെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് കോയമ്പത്തൂരില്‍ നിന്നുള്ള തുണിത്തരങ്ങള്‍ പ്രധാന സംഭാവന നല്കുന്നു. മുന്‍ പാര്‍ലമെന്റ് അംഗം സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്‌ട്രപതിയായി രാജ്യത്തെ നയിക്കുന്നതിനാല്‍ കോയമ്പത്തൂര്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി, കേന്ദ്ര മന്ത്രി ഡോ. എല്‍. മുരുകന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















