പരവൂര്‍:സംസ്ഥാനത്ത് ആദ്യമായി പാസഞ്ചര്‍ ട്രെയിനിലും പൂര്‍ണമായി എല്‍എച്ച്ബി കോച്ചുകള്‍ ഏര്‍പ്പെടുത്തുന്നു. നിലവിലെ ഐസിഎഫ് കോച്ചുകളെക്കാള്‍ സുരക്ഷിതവും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും എല്‍എച്ച്ബി കോച്ചുകള്‍ക്ക് ഉണ്ട്.കോച്ചുകള്‍ക്കിടയില്‍ കൂട്ടിയിടി പരമാവധി ഒഴിവാക്കാനും കഴിയും. ഇനി കൂട്ടിയിടി ഉണ്ടായാലും കോച്ചുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കില്ല. പരമ്പരാഗത ഐസിഎഫ് കോച്ചുകളേക്കാള്‍ എല്‍എച്ച്ബി കോച്ചുകള്‍ക്ക് അറ്റകുറ്റപ്പണികളും കുറവാണ്.
നാഗര്‍കോവില്‍-തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി ) അണ്‍ റിസര്‍വ്ഡ് പാസഞ്ചറിലാണ് (56305) 2026 ജനുവരി 15 മുതല്‍ എല്‍എച്ച്ബി കോച്ചുകള്‍ ഏര്‍പ്പെടുത്തുന്നത്.തിരികെയുള്ള കൊച്ചുവേളി -നാഗര്‍കോവില്‍ പാസഞ്ചറും (56310) അന്നു മുതല്‍ എല്‍എച്ച്ബി കോച്ചുകളിലായിരിക്കും സര്‍വീസ് നടത്തുക. എസ്എംവിടി – ബംഗളൂരു നാഗര്‍കോവില്‍ എക്‌സ്പ്രസില്‍ (17235) ജനുവരി 14 മുതലും തിരികെയുള്ള നാഗര്‍കോവില്‍ – ബംഗളൂരു എക്‌സ്പ്രസില്‍ (17236)ജനുവരി 16 മുതലും എല്‍എച്ച്ബി കോച്ചുകള്‍ ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു.
കാക്കിനാട ടൗണ്‍ -എസ്എംവിടി ബംഗളൂരു ശേഷാദ്രി എക്‌സ്പ്രസില്‍ (17210) ജനുവരി 13 മുതലും തിരികെ ബംഗളൂരു – കാക്കിനാട സര്‍വീസില്‍ (17209) ജനുവരി 16 മുതലും എല്‍എച്ച്ബി കോച്ചുകള്‍ ഏര്‍പ്പെടുത്തും.
ഇതിന് പുറമെ ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലും (1695/96), ചെന്നൈ – ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലും (22639/40) ഉടന്‍ എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ് ) കോച്ചുകള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചു.
















