തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും നിര്‍ബന്ധമായും മാതൃകാ പെരുമാറ്റചട്ടം (Model Code of Conduct) പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ജാതി, മതം, ഭാഷ, വംശം, സമുദായം തുടങ്ങിയ അടിസ്ഥാനങ്ങളില്‍ വൈരാഗ്യം സൃഷ്ടിക്കുന്നതോ, ഭിന്നതകള്‍ വളർത്തുന്നതോ, വിദ്വേഷം പ്രചരിപ്പിക്കുന്നതോ രാഷ്‌ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും ചെയ്യരുതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യജീവിതത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളോ വിമര്‍ശനങ്ങളോ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.
ജാതി-മത സമൂഹങ്ങളുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കാനോ ആരാധനാലയങ്ങള്‍ പ്രചാരണ വേദികളാക്കാനോ പാടില്ല. സ്ഥാനാർത്ഥിയെയോ വോട്ടറെയോ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നോ ജാതിഭ്രഷ്ടമാക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതും കർശനമായി വിലക്കപ്പെട്ടിരിക്കുന്നു.
പൊതുസ്ഥലങ്ങളിലും സ്വകാര്യസ്ഥലങ്ങളിലും നിയന്ത്രണം
മറ്റൊരാളുടെ സ്ഥലം, മതിൽ, കെട്ടിടം എന്നിവയിൽ അനുവാദമില്ലാതെ പോസ്റ്ററുകൾ ഒട്ടിക്കുകയോ മുദ്രാവാക്യങ്ങൾ എഴുതുകയോ ബാനർ-കൊടി സ്ഥാപിക്കുകയോ ചെയ്യരുത്. സർക്കാർ ഓഫീസുകളുടെ പരിസരത്ത് ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനും നിർബന്ധ വിലക്കുണ്ട്.
ഒരുകക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ വേണ്ടി പൊതുസ്ഥലം മാറ്റി വയ്‌ക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യങ്ങൾ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ശേഷവും നടപടി എടുക്കാത്ത പക്ഷം, ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ചേര്‍ക്കുമെന്നും കമ്മീഷൻ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനം റാലികൾക്കും പ്രചാരണയോഗങ്ങൾക്കും ഉപയോഗിക്കാൻ അനുമതി ഇല്ല.
പൊതുയോഗങ്ങളും ജാഥകളും
പൊതുയോഗങ്ങൾക്ക് മുൻകൂട്ടി പോലീസ് അധികാരികളെ അറിയിക്കണം. സ്ഥലത്ത് നിരോധനാജ്ഞയോ നിയന്ത്രണ ഉത്തരവോ നിലവിലുണ്ടോ എന്ന് ഉറപ്പാക്കേണ്ടതും അവ കർശനമായി പാലിക്കേണ്ടതുമാണ്.
മറ്റു പാര്‍ട്ടികളുടെ യോഗങ്ങളിലും ജാഥകളിലും തടസ്സം സൃഷ്ടിക്കരുതെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ജാഥകൾ സംഘടിപ്പിക്കുന്നവർ റൂട്ടും സമയവും മുൻകൂട്ടി നിശ്ചയിച്ച് പോലീസിനെ അറിയിക്കണം. ഗതാഗതം തടസ്സപ്പെടുത്താതെയും നിലവിലുള്ള കോടതിവിധികളും നിയമങ്ങളും പാലിച്ചുമായിരിക്കും ജാഥകൾ നടത്തേണ്ടത്. എതിര്‍പ്പുകാട്ടി മറ്റുകക്ഷി നേതാക്കളുടെയും പ്രവർത്തകരുടെയും കോലം കത്തിക്കുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിതമാണ്.
ലഘുലേഖകളും പോസ്റ്ററുകളും
ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നയാളുടെയും പ്രസാധകന്റെയും പേരുകളും വിലാസവും, കോപ്പികളുടെ എണ്ണവും വ്യക്തമാക്കണം. അച്ചടിക്കുന്നതിന് മുമ്പ് പ്രസാധകന്റെ തിരിച്ചറിയൽ സംബന്ധിച്ച പ്രഖ്യാപനം പ്രസ്സ് ഉടമയ്‌ക്ക് എത്തിക്കണം. അച്ചടിച്ചശേഷം അത് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതുമാണ്.
പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിന്റെ വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തിലൂടെ അറിയിക്കണം.
മാധ്യമ പരസ്യങ്ങൾ
പത്രം, ടെലിവിഷൻ, റേഡിയോ, സാമൂഹികമാധ്യമങ്ങൾ തുടങ്ങിയ എല്ലാ വഴിയിലുമുള്ള പരസ്യങ്ങൾ നിയമാനുസൃതമായിരിക്കണം. അപകീര്‍ത്തികരമായ പ്രചാരണങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്.
പ്രചാരണവാഹനങ്ങൾ
ലൗഡ് സ്പീക്കർ ഘടിപ്പിച്ച വാഹനങ്ങൾ ഉൾപ്പെടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും മോട്ടോർവാഹന നിയമങ്ങൾ പാലിക്കണം. ആവശ്യമായ അനുമതി നേടിയ ശേഷമേ പ്രത്യേകമായി രൂപമാറ്റം വരുത്തിയ പ്രചാരണവാഹനങ്ങൾ ഉപയോഗിക്കാനാകൂ.
പൊതുജനങ്ങൾക്ക് തടസമോ ശല്യമോ ഉണ്ടാക്കുന്ന വിധത്തിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കരുതെന്ന് കമ്മീഷൻ അറിയിച്ചു.
















