തിരുവനന്തപുരം: മുറജപത്തിനൊരുങ്ങി ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. ആറു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് 20ന് തുടക്കമാകും. വൈകിട്ട് 4.30ന് പാന്‍ഇന്ത്യന്‍ ചലച്ചിത്രതാരം റാണാ ദഗ്ഗുബതി ഉദ്ഘാടനം ചെയ്യും. എട്ടു ദിവസങ്ങളിലായുള്ള ഏഴു മുറകളിലായാണ് ജപം. മുറജപം പൂര്‍ത്തിയാകുന്ന 2026 ജനുവരി 14ന് ലക്ഷം ദീപങ്ങള്‍ ക്ഷേത്രത്തില്‍ ഭക്തി നിര്‍ഭരമായ കാഴ്ചയൊരുക്കും. വേദമന്ത്രജപവും സഹസ്രനാമജപവും ജലജപവും ഈ ദിവസങ്ങളിലായി നടക്കും.
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നടത്തുന്ന കളഭങ്ങളില്‍ മാര്‍കഴി കളഭം മുറജപത്തിന്റെ അവസാനത്തെ ഏഴുദിവസങ്ങളിലായി നടക്കും. കളഭത്തിനുശേഷം മുറജപത്തിന്റെ സമാപനമായി ലക്ഷദീപം ജനുവരി 14നാണ്. ഋക്, യജുര്‍, സാമ വേദങ്ങളാണ് ക്രമമായി മുറ ജപത്തില്‍ ജപിക്കുന്നത്. സമയനിഷ്ഠയോടുകൂടി എട്ടുദിവസം കൊണ്ട് വേദസംഹിത ഒരാവര്‍ത്തി ചൊല്ലിത്തീര്‍ക്കുന്നതാണ് ഒരു മുറ.
വേദസംഹിതയെ ആദ്യന്തം ഉപാസിക്കുന്ന രീതിയാണ് മുറജപം. സൂക്തജപവും വിഷ്ണുസഹസ്രനാമജപവും ഇതിനൊപ്പം ഉണ്ടാകും. എട്ടാം ദിവസത്തെ ജപത്തിനൊടുവില്‍ രാത്രി 8.30ന് മുറശീവേലി നടക്കും. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ വാധ്യാന്‍, തൃശൂര്‍ വാധ്യാന്‍, പന്തല്‍ വൈദികന്‍, കൈമുക്ക് വൈദികന്‍, കപ്ലിങ്ങാട് വൈദികന്‍, ചെറുമുക്ക് വൈദികന്‍ തുടങ്ങിയ സ്ഥാനികള്‍ക്കു പുറമേ കാഞ്ചീപുരം, ഉടുപ്പി, മഹാരാഷ്‌ട്ര, തിരുപ്പതി, തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം, ഇരിങ്ങാലക്കുട വേദപാഠശാല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വൈദികര്‍ മുറജപത്തില്‍ പങ്കെടുക്കും.
27നാണ് ആദ്യമുറശീവേലി. ഡിസംബര്‍ 5, 13, 21, 29, ജനുവരി 6 എന്നീ ദിവസങ്ങളില്‍ ആറുമുറ പൂര്‍ത്തിയാകും. 14ന് ഏഴാം മുറയില്‍ ലക്ഷദീപത്തോടുകൂടി പൊന്നുംശീവേലി നടക്കും.ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തുടങ്ങിവച്ച ചടങ്ങുകള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ചെറിയ മാറ്റങ്ങളോടെ ആവര്‍ത്തിക്കുന്നുവെന്നാണ് ഈ ആഘോഷത്തിന്റെ സവിശേഷത.
മന്ത്രപ്രധാനമായ ഋഗ്വേദം, ക്രിയാ പ്രധാനമായ യജുര്‍വേദം, ശ്രുതി പ്രധാനമായ സാമവേദം എന്നിവയുടെ സമന്വയമാണ് ഓരോ മുറജപവും. നാലുതരം ദൈനംദിന പ്രാര്‍ഥനകളോടെ 56 ദിവ-സം നീളുന്ന അനുഷ്ഠാനമാണ് മുറജപം. മകര സംക്രാന്തി ദിനമായ 56-ാം ദിവസം ശീവേലിയോടെയാണ് ലക്ഷദീപം നടക്കുക. രാവിലെ 6.30 മുതല്‍ 8.30 വരെയാണ് നാമജപം. അതിനു മുന്‍പ് അലങ്കാര പൂജ, മുഴുക്കാപ്പ്, നിറദീപം, പ്രത്യേക ഗണപതി ഹോമം, എന്നിവ നടക്കും.
ഏഴു മുറകളിലായിട്ടാണു ശീവേലി നടക്കുക. ശ്രീ പദ്മനാഭന്‍, നരസിംഹ മൂര്‍ത്തി, ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളാണ് എഴുന്നെള്ളിക്കുക. ഒന്നാം മുറയില്‍ അനന്തവാഹനം, രണ്ടാം മുറയില്‍ കമലവാഹനം, മൂന്നിലും അഞ്ചിലും ഇന്ദ്രവാഹനം, നാലിലും ആറിലും പല്ലക്ക്, ഏഴാം മുറയില്‍ ഗരുഡവാഹനം എന്നീ ക്രമത്തില്‍ എഴുന്നെള്ളിക്കണമെന്നാണു വ്യവസ്ഥ. മുറജപത്തോടനുബന്ധിച്ചുള്ള ജലജപം പ്രധാനമാണ്. കിഴക്കേ നടയിലുള്ള പദ്മതീര്‍ഥക്കുളത്തിലാണ് ജലജപം നടക്കുക. ക്ഷേത്രത്തിലെത്താതെ നഗരവാസികള്‍ക്ക് മുറജപം ദര്‍ശിക്കാമെന്നതും ജലത്തെ പവിത്രീകരിക്കുകയെന്നതുമാണ് ജലജപത്തിന്റെ ഐതിഹ്യം.
















