തിരുവനന്തപുരം: താമരശ്ശേരിയില്‍ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ആശുപത്രികളിലെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം.
നാളെ മുതല്‍ വിഐപി, ഇ-സഞ്ജീവനി ഡ്യൂട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. സുനില്‍.പി.കെ, ജനറല്‍ സെക്രട്ടറി ഡോ. ജോബിന്‍ ജി. ജോസഫ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി സമയത്ത് ആക്രമണത്തിനിരയായ ഡോ. വിപിന്റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം, ആശുപത്രികളില്‍ ട്രയാജ് സംവിധാനം നടപ്പാക്കണം, സുരക്ഷയ്‌ക്കായി സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കുകയോ പോലീസ് ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുകയോ ചെയ്യണം, കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ഉണ്ടാവണം, കൃത്യമായ ഡോക്ടര്‍ രോഗി അനുപാതം നിര്‍വചിക്കണം തുടങ്ങിയ ആവശ്യങ്ങളൊന്നും നടപ്പിലായിട്ടില്ലെന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ പുല്പള്ളിയില്‍ വീണ്ടും അതിക്രമം സംഭവിച്ചത് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിന്റെ അടിയന്തിരപ്രാധാന്യം വ്യക്തമാക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.











