പാലക്കാട്: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി ദിനത്തിൽ നടന്ന പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.വി. ഷണ്‍മുഖനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തില്‍ പൂർണ ഗണവേഷത്തോടെ പങ്കെടുത്തുവെന്നാണ് കണ്ടെത്തല്‍.
പാലക്കാട് ജില്ലാ പോലീസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മിഷണറുടെതാണ് നടപടി. ഒക്ടോബര്‍ രണ്ടിന് നടന്ന പരിപാടിയിലാണ് ഗണവേഷം ധരിച്ച് പങ്കെടുത്തതെന്നാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തലുണ്ട്. കെവി ഷണ്‍മുഖനെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
















