ന്യൂദല്‍ഹി: ഒരേ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ഹരിയാനയിലെ ബിജെപി നേതാവ് ഇത്രയും കള്ളവോട്ടുകള്‍ ചെയ്തുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം കേട്ടപാടെ കേള്‍ക്കാതെ പാടെ ഹരിയാനയിലേക്ക് ആദ്യം കുതിച്ചത് മലയാളി ചാനലുകളാണ്. മോദിയെ തകര്‍ത്തെറിയാന്‍, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ തകര്‍ത്തെറിയാന്‍, 66 വോട്ടുകള്‍ ചെയ്ത ഹരിയാനയിലെ ബിജെപി നേതാവിനെ പൊളിച്ചടുക്കാന്‍ വേണ്ടിയാണ് ഈ മലയാളി ചാനലുകളത്രയും ഹരിയാനയിലേക്ക് പോയത്. പക്ഷെ അവിടെ ചെന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വലിയ നുണബോംബ് കണ്ട് ചാനലുകാര്‍ ഞെട്ടി.
ഹരിയാനയിലെ ഹോഡല്‍ ജില്ലയിലേക്ക് ട്വന്‍റി ഫോര്‍ ന്യൂസ് പോയത് അവിടെ ഒരേ വീട്ടു നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ബിജെപി നേതാവിന്റെ കള്ളം പൊളിക്കാനാണ്. ഹരിയാനയിലെ ഹോഡല്‍ ജില്ലയിലെ ഗുദ്രാനയിലാണ് രാഹുല്‍ ഗാന്ധി ആരോപിച്ച ഒരേ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ബിജെപി നേതാവിന്റെ വീട്.
സിഹ എന്ന ഗ്രാമത്തില്‍ നിന്നും കുടിയേറിയതാണ് ബിജെപി നേതാവ് രമേഷിന്റെ മുതുമുത്തച്ഛനും മൂന്ന് സഹോദരങ്ങളും. പിന്നീട് അതേ കുടുംബത്തിലെ നാല് തലമുറയിലുള്ളവര്‍ അവിടെ അടുത്തടുത്തായി വീട് വെച്ച് താമസിക്കാന്‍ തുടങ്ങി. അഞ്ചേക്കര്‍ ഭൂമിയിലാണ് ഈ വീടുകളത്രയും ഉള്ളത്. “എന്റെ പിതാവിന് നാല് സഹോദരങ്ങളാണ്. അവര്‍ക്കെല്ലാം നിറയെ മക്കളുണ്ട്.എല്ലാവരും ഇവിടെ താമസമാക്കി.”- ബിജെപി നേതാവ് രമേഷ് ഗുദ്രാന പറഞ്ഞു. സത്യസന്ധതയ്‌ക്ക് പേര് കേട്ട ബിജെപി നേതാവാണ് രമേഷ് ഗുദ്രാന. അയാളെയാണ് രാഹുല്‍ ഗാന്ധി കള്ളവോട്ട് ചെയ്ത വില്ലനായി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചത്.
വാസ്തവത്തില്‍ ഇവിടെ ട്വന്‍റിഫോര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ എത്തിയപ്പോള്‍ വിവാദമായ 150 എന്ന നമ്പറുള്ള വീട് കണ്ടപ്പോള്‍ അത് ബിജെപിയുടെ ഒരു പാര്‍ട്ടി ഓഫീസാണെന്നാണ് കരുതിയത്. കാരണം കയറിച്ചെല്ലുമ്പോള്‍ തന്നെ രമേഷ് ഗുദ്രാനയുടെ ഫോട്ടോയും അതിന് മുകളില്‍ മറ്റ് ചിലരുടെ ഫോട്ടോകളും ഉള്ള ഒരു ബോര്‍ഡ് കാണാം.. വാസ്തവത്തില്‍ അത് രമേഷ് ഗുദ്രാനയുടെയും അയാളുടെ ഏതാനും ബന്ധുക്കളുടെയും ചിത്രമാണ്. അത് ഏതാനും വീടുകളുള്‍പ്പെടുന്ന ഒരു ചെറിയ ഫ്ലാറ്റാണ്.
അതിന് ചുറ്റുമായി നിരവധി വീടുകളില്‍ പല പല കുടുംബാംഗങ്ങള്‍ താമസിക്കുന്നു. ഈ അഞ്ചേക്കര്‍ പ്ലോട്ടില്‍ നിറയെ വീടുകളാണ്. ബന്ധുക്കളാണെങ്കിലും നിറയെ വേറെ വേറെ വീടുകള്‍. ഇവയ്‌ക്കെല്ലാം വേറെ വേറെ വീട്ടുനമ്പറുകള്‍ ഉണ്ട്. ഇവരെല്ലാം വോട്ടുകള്‍ ചേര്‍ത്തിട്ടുള്ളത് അവരുടെ ഒരേ വീട്ടുപേരിലാണ്. രമേഷ് ഗുദ്രാന 1986ല്‍ പണിത വീടിന്റെ നമ്പര്‍ 150 ആണ്. പിന്നീട് തൊട്ടടുത്തുള്ള മറ്റു ബന്ധുക്കളുടെ വീടുകള്‍ക്കും ബിഎല്‍ഒ വോട്ടര്‍ ഐഡി കാര്‍ഡില്‍ നല്‍കിയത് 150 എന്ന വീട്ട് നമ്പര്‍ തന്നെ. ഇതാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്. ഒറ്റനോട്ടത്തില്‍ നോക്കിയാല‍് 150 എന്ന വീട്ടുനമ്പറില്‍ 66 വോട്ടുകള്‍ കാണാം. പക്ഷെ ഇത് വേറെ വേറെ വീട്ടിലെ ആളുകളാണെന്ന് അവിടെ ചെന്ന ട്വന്‍റി ഫോര്‍ ന്യൂസിന് മനസ്സിലായി. ഈ 66 വോട്ടുകളിലെ മേല്‍വിലാസത്തിലുള്ളവര്‍ എല്ലാം ആ അഞ്ചേക്കര്‍ ഭൂമിയിലെ വിവിധ വീടുകളില്‍ താമസിക്കുന്നവരാണെന്നും കണ്ടെത്തി. വോട്ടുകള്‍ ചേര്‍ക്കാനായി ചെന്ന ബിഎല്‍ഒ ആണ് അലസമായി എല്ലാ വീടുകള്‍ക്കും ആ വീടുകളിലെ വോട്ടര്‍മാര്‍ക്കും വീട്ട് നമ്പര്‍ 150 എന്ന രമേഷ് ഗുദ്രാനയുടെ വീട്ട് നമ്പര്‍ തന്നെ നല്‍കിയത്. ഇതിനെയാണ് രാഹുല്‍ ഗാന്ധി ഹരിയാനയിലെ ബിജെപി നേതാവായ വീട്ടുടമ തന്റെ വീട്ടിന്റെ നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്തി എന്നും ഇത് കള്ളവോട്ടുകളാണെന്നും ആരോപിച്ചത്. രാഹുല്‍ ഗാന്ധി പറഞ്ഞത് ശുദ്ധ നുണയാണെന്ന് ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിന് മനസ്സിലായി.
















