തിരുവനന്തപുരം: വന്ദേമാതരം ഗീതത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ദേശസ്നേഹത്തിലേക്കും സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്കും നയിച്ച ഗീതമാണ് വന്ദേമാതരമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നമ്മുടെ കടമകളും ജന്മനാടിനോടുള്ള സ്നേഹവും പുതുതലമുറയ്‌ക്ക് മനസിലാക്കാന്‍ വന്ദേമാതര ഗീതത്തിന് സാധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ഭാരതം എന്ന സങ്കല്‍പ്പത്തിന് ശക്തി പകരാന്‍ വന്ദേമാതര ഗീതത്തിന് സാധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭരണരംഗത്തിരുന്നവര്‍ വന്ദേമാതര ഗീതത്തിന് പ്രാധാന്യം നല്‍കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. വന്ദേമാതര ഗീതം മുന്നോട്ട് വെച്ച വികസിത ഭാരത സങ്കല്‍പ്പത്തെ പൂര്‍ണമായും തുരങ്കം വെയ്‌ക്കുന്ന പണികളാണ് കൂടുതല്‍ കാലം രാജ്യം ഭരിച്ചവര്‍ ചെയ്തത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പഴയകാല തെറ്റുകള്‍ തിരുത്തുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
വന്ദേമാതരം@150 ആഘോഷങ്ങളുടെ സംസ്ഥാന കണ്‍വീനര്‍ ആര്‍. ശ്രീലേഖ ഐപിഎസ് (റിട്ട) ഡോ. അബ്ദുള്‍സലാം, ജയരാജ് കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ ഒരുമിച്ചുനിന്ന് വന്ദേമാതര ഗീതം സമ്പൂര്‍ണമായി ആലപിക്കുകയും ചെയ്തു.
















