കൊൽക്കത്ത : സംസ്ഥാനത്ത് എസ്ഐആർ പ്രക്രിയയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ഇരട്ടത്താപ്പ് നിലപാടുകൾക്കെതിരെ ബംഗാളിലെ ബിജെപി നേതാക്കൾ രംഗത്ത്. തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്റുമാർക്കെതിരെ അക്രമം അഴിച്ചുവിടുന്നതിനെയും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
എസ്ഐആർ പ്രക്രിയയിൽ പങ്കെടുക്കരുതെന്ന് മമത ബാനർജി പരസ്യമായി ജനങ്ങളെ പ്രേരിപ്പിച്ചെങ്കിലും ആവശ്യമായ ഫോമുകൾ മമത തന്നെ സ്വയം പൂരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ബിർഭുമിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 17 ഫോമുകൾ അവരുടെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്, ഫോമുകൾ പൂരിപ്പിക്കരുതെന്നും എസ്ഐആറിൽ പങ്കെടുക്കരുതെന്നും മമത ആളുകളോട് പറയുന്നു, എന്നിട്ടും ഫോമുകൾ ആദ്യം പൂരിപ്പിക്കുന്നത് മമത തന്നെയാണ്. ബംഗാളിലെയും രാജ്യത്തെയും ജനങ്ങൾ ഇതിനകം മമതയുടെ കാപട്യം മനസിലാക്കി കഴിത്തുവെന്ന് മജുംദാർ പറഞ്ഞു.
ഇതിനു പുറമെ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്റുമാർ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആക്രമിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം തുടർന്നു. “ബിജെപിയുടെ ബിഎൽഎമാർ പലയിടത്തും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ഞങ്ങൾ അവസാനം വരെ പോരാടും. ഞങ്ങൾ അത് വിട്ടുകളയുകയില്ല. ഈ സർക്കാരിന്റെ കീഴിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആർ നടത്താൻ കഴിയുന്നില്ലെങ്കിൽ, ഈ സർക്കാരിനെ നീക്കം ചെയ്ത് എസ്ഐആർ നടത്തണം,” – അദ്ദേഹം തറപ്പിച്ച് പറഞ്ഞു.
കേന്ദ്രമന്ത്രിക്ക് പുറമെ ബിജെപി നേതാവ് ദിലീപ് ഘോഷ്, തിരഞ്ഞെടുപ്പുകളിലും ഭരണപരമായ പ്രവർത്തനങ്ങളിലും അക്രമങ്ങൾ ബംഗാളിൽ ഒരു പതിവ് പോലെ മാറിയിരിക്കുന്നുവെന്ന് പറഞ്ഞു. ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബൂത്ത് ഏജന്റുമാരെ ആക്രമിക്കുന്നു. പക്ഷേ തിരഞ്ഞെടുപ്പ് നടക്കുകയും ഒരു സർക്കാർ രൂപീകരിക്കുകയും ചെയ്യുന്നു. ഇവിടുത്തെ സർക്കാരും രാഷ്‌ട്രീയവും അക്രമാസക്തമാണ്, എന്നാൽ ഇത് അധികകാലം നിലനിൽക്കില്ല. എസ്ഐആർ സമാധാനപരമായി അവസാനിക്കുമെന്നും തിരഞ്ഞെടുപ്പ് നടക്കുമെന്നും ഘോഷ് അഭിപ്രായപ്പെട്ടു.
















