ഭീകര പ്രവര്‍ത്തനങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് യുഎപിഎ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് കേരളത്തല്‍ അവരുടെ തന്നെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ ലേബലിലും മറ്റു ചില രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്നു എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. അടുത്തിടെ ഐഡിഎഫ് ഐ എന്ന ഒരു സംഘടനയില്‍ നിന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിന് ലഭിച്ച ഒരു ഭീഷണിക്കത്ത് ഇതിന്റെ വ്യക്തമായ സൂചനയാണ്. തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് ഈ സംഘടന പറയുന്നു. ഇതൊരു അവകാശവാദം മാത്രമാണെന്ന് കരുതാനാവില്ല. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ യൂണിഫോമിന് വിരുദ്ധമായി ഒരു വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചെത്തി പ്രശ്‌നം ഉണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ ആണെന്ന് വ്യക്തമാവുകയുണ്ടായി. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ചില അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചെങ്കിലും എസ്ഡിപി
ഐയെ നിരോധിച്ചിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളെയും ജയിലില്‍ അടയ്‌ക്കുകയുണ്ടായി. ഇവര്‍ക്ക് ഇതുവരെ കോടതി ജാമ്യം കൊടുത്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇക്കൂട്ടരുടെ ഭീകര പ്രവര്‍ത്തനം പുതു രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
താമരശ്ശേരി ബിഷപ്പിന് ഭീഷണിക്കത്ത് അയച്ച സംഘടനയുടെ പേര് ഐഡിഎഫ്‌ഐ എന്നാണെന്നത് ശ്രദ്ധേയമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ചുരുക്കപ്പേരായ പി എഫ്‌ഐയുമായി ഈ പേരിനുള്ള സാമ്യം അവഗണിക്കാനാവില്ല.പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് ഇങ്ങനെയൊരു സംഘടനയ്‌ക്ക് പിന്നിലുള്ളതെന്ന് കരുതാന്‍ പേരുകളിലെ സാമ്യവും ഒരു കാരണമാണ്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന സിമിയില്‍ നിന്ന് തുടങ്ങുന്ന പാരമ്പര്യമാണല്ലോ പല ഇസ്ലാമിക ഭീകര സംഘടനകള്‍ക്കുമുള്ളത്. സിമിയില്‍ സജീവമായിരുന്നവര്‍ പിന്നീട് എന്‍ഡിഎഫ് എന്ന സംഘടനയ്‌ക്ക് രൂപം നല്‍കി. നിരവധി കൊലപാതകങ്ങള്‍ ഈ സംഘടന നടത്തുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പോപ്പുലര്‍ ഫ്രണ്ട് രൂപം കൊള്ളുന്നത്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയതുള്‍പ്പെടെ മതത്തിന്റെ പേരില്‍ അക്രമ പരമ്പരയും നിരവധി കൊലപാതകങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്.
സിപിഎമ്മും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതു വലത് മുന്നണികള്‍ ഒരുക്കുന്ന രാഷ്‌ട്രീയ സാഹചര്യമാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ വളര്‍ത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ഇരുമുന്നണികളും സഖ്യമുണ്ടാക്കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന പല ഭീകരവാദികളും ഇരു മുന്നണികളിലും ഉള്‍പ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ചേക്കേറി. ഇവരെ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിക്കുന്ന സമീപനമാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. ചില ലീഗ് നേതാക്കള്‍ ഭീകരവാദികളുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് അതില്‍ ഉള്‍പ്പെടുന്ന ഭീകരര്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ നടത്തുകയുണ്ടായി. ഇത് അടിച്ചമര്‍ത്തുന്നതിനു പകരം നിഷ്‌ക്രിയത പാലിച്ച് പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദവും ഇതിനുണ്ടായിരുന്നു. അതിഥി തൊഴിലാളികള്‍ എന്ന പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അന്യരാജ്യങ്ങളില്‍ നിന്നുപോലും ഇസ്ലാമിക ഭീകരവാദികള്‍ കേരളത്തിലെത്തി തമ്പടിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നിര്‍ദ്ദേശം ലഭിച്ചാല്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ സന്നദ്ധരാണ്. ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതു കൊണ്ട് മാത്രമായില്ല. അവര്‍ മറ്റുതരത്തില്‍ പ്രവര്‍ത്തിക്കുന്നതും തടയണം. ഇക്കാര്യത്തില്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ വ്യാപകമായ നിരീക്ഷണവും കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നടപടികളും ഉണ്ടാവണം. ജനങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കുകയും വേണം.
















