തൃശൂർ: മഹാകവി അക്കിത്തത്തിന്റെ ഛായാചിത്രം കേരള സാഹിത്യ അക്കാദമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തപസ്യ കലാസാഹിത്യ വേദി, അക്കാദമി അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദന് നിവേദനം നൽകി.
ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച, കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകളും ്എഴുത്തച്ഛൻ പുരസ്‌കാരവും ലഭിച്ച അക്കിത്തത്തിന്റെ ഛായാ ചിത്രം ഇതുവരെ അക്കാദമി ഹാളിൽ സ്ഥാപിച്ചിട്ടില്ല. തപസ്യയുടെ സംസ്ഥാന സമിതിയുടെ നിവേദനം വർക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ്, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി സി.സി. സുരേഷ്, സംസ്ഥാന സെക്രട്ടറി ടി.എ. നീലാംബരൻ എന്നിവർ നിവേദനം കൈമാറി.
നിവേദനം ഇ്ങ്ങനെ:
”മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജന്മശതാബ്ദി വർഷമാണിത്. ഒമ്പതു പതിറ്റാണ്ട് നീണ്ടുനിന്ന കാവ്യസപര്യയിലൂടെ കൈരളിയുടെ കാവ്യാകാശത്തിൽ ജ്വലിച്ചുനിന്ന ആ സാഹിത്യതാരം യശശ്ശരീരനായിട്ട് അഞ്ച് വർഷം കഴിഞ്ഞു. വി.ടി. ഭട്ടതിരിപ്പാടിന്റെയും ഇടശ്ശേരി ഗോവിന്ദൻനായരുടെയും ശിഷ്യനെന്ന നിലയിൽ, സാഹിതീസേവനത്തിനു പുറമെ കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് വിലപ്പെട്ട സംഭാവനകൾ നല്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും കേരളത്തിലെ ഏറ്റവും സമു ന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരവും അടക്കം കേരളത്തിനകത്തും പുറത്തുമുള്ള ഏതാണ്ടെല്ലാ പ്രധാന അവാർഡുകളും ലഭിച്ച അദ്ദേഹം ജ്ഞാന പീഠപുരസ്‌കാരവും ഏറ്റുവാങ്ങിയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. പത്മശ്രീ നൽ്കി രാഷ്‌ട്രം ആ കവിപ്രതിഭയെ ആദരിച്ചിട്ടുണ്ട്.
1984 മുതൽ 1987 വരെ കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷനായും 1973 മുതൽ 1976 വരെ അതിന്റെ നിർവാഹകസമിതി അംഗമായും പ്രവർത്തിച്ച മഹാകവി അക്കിത്തത്തിന്റെ ബഹുമാനാർഥം, കേരള സാഹിത്യ അക്കാദമി ഹാളിൽ മലയാള ത്തിലെ വിഖ്യാതരായ സാഹിത്യപ്രതിഭകളുടെ ഛായാചിത്രങ്ങൾക്കൊപ്പം അദ്ദേഹ ത്തിന്റെയും ഛായാചിത്രം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തപസ്യ കലാ-സാഹിത്യ വേദിയുടെ സംസ്ഥാനസമിതി കേരള സാഹിത്യ അക്കാദമി അധി കൃതരോട് അഭ്യർഥിക്കുന്നു.
മറുപടി പ്രതീക്ഷിച്ചുകൊണ്ട്…”
















